മൂവാറ്റുപുഴ ജില്ല വിദ്യാഭ്യാസ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ ഇന്ന്

മൂവാറ്റുപുഴ: ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിയുടെ അടിസ്ഥാനത്തില്‍ എയ്ഡഡ് അധ്യാപക നിയമനം അംഗീകരിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടും അധ്യാപക നിയമനം അംഗീകരിച്ച് ശമ്പളം നല്‍കാതെ മൂവാറ്റുപുഴ ഡിഇഒ അധ്യാപകര്‍ക്കെതിരെ നിഷേധാത്മക നിലപാട് സ്വീകരിക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് സ്‌കൂള്‍ ടീച്ചേഴ്‌സ് ഫ്രണ്ട് എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥ അനാസ്ഥയ്‌ക്കെതിരെ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് സംഘടന മൂവാറ്റുപുഴ ജില്ല വിദ്യാഭ്യാസ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തും. കേരള കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി ടോമി കെ. തോമസ് ഉദ്ഘാടനം ചെയ്യും. എല്ലാ ജില്ലകളിലും അധ്യാപകരുടെ നിയമനങ്ങള്‍ അംഗീകരിക്കുമ്പോള്‍ മൂവാറ്റുപുഴയില്‍ ഏതെങ്കിലും വിധത്തില്‍ നിയമനം തടസപ്പെടുത്താനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. ശതമാനം കുടിശിക ഡിഎ അനുവദിക്കുക, തസ്തിക നഷ്ടപ്പെടുന്ന സ്‌കൂളുകളില്‍ 1:40 റേഷ്യോ നടപ്പാക്കുക, അധ്യാപകര്‍ക്ക് ജോലി സ്ഥിരതയും സംരക്ഷണവും നല്‍കുക, സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുന:സ്ഥാപിക്കുക, വിദ്യാഭ്യാസരംഗത്തെ കാവിവല്‍ക്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളും സംഘടന ഉന്നയിച്ചു. കെഎസ്എസ്ടിഎഫ് സംസ്ഥാന പ്രസിഡന്റ് ടോബിന്‍ കെ. അലക്‌സ്, സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ പി. രാധാകൃഷ്ണക്കുറുപ്പ്, എറണാകുളം ജില്ലാ പ്രസിഡന്റ് ആന്റണി ജോസഫ്, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജുകുട്ടി ജേക്കബ്, സംസ്ഥാന ട്രഷറര്‍ കെ.ജെ. മെജോ, സംസ്ഥാന സെക്രട്ടറി ബോസ് മോന്‍ ജോസഫ്, ജില്ലാ സെക്രട്ടറി ജോയി ജോസഫ്, നേതാക്കളായ ജോയി നടുക്കുടി, ലംബയ് മാത്യു, പി.കെ. ജോണ്‍, ഷൈന്‍ ജേക്കബ്, സിജോ ജോണ്‍, അഖില്‍ എന്നിവര്‍ ധര്‍ണയ്ക്ക് നേതൃത്വം നല്‍കും.

 

Back to top button
error: Content is protected !!