മദ്യനയവുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പ് ഒരു നിർദേശമോ നിലപാടോ അറിയിച്ചിട്ടില്ല; മന്ത്രി പി.എ മുഹമ്മദ് റിയാസ്

കൊച്ചി: മദ്യനയവുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പ് ഒരു നിർദേശമോ നിലപാടോ അറിയിച്ചിട്ടില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയെ അറിയിച്ചു.ടൂറിസം ഇൻഡസ്ട്രിയുമായി ബന്ധപ്പെട്ട് പല യോഗങ്ങളും നടക്കാറുണ്ട്. അതും മദ്യനയവുമായി ഒരു ബന്ധവുമില്ല. യോഗത്തിൽ ചർച്ച ചെയ്ത കാര്യങ്ങൾ അതേപടി നടപ്പാക്കാൻ ആയിരുന്നെങ്കിൽ ആരെങ്കിലും ഓൺലൈൻ യോഗം വിളിക്കുമോയെന്ന് മന്ത്രി ചോദിച്ചു.

മദ്യനയവുമായി ഒരു ബന്ധവുമില്ലാത്ത ഇവന്റ് മാനേജ്മെന്റ് അസോസിയേഷനെയും ഹൗസ് ബോട്ട് ഉടമകളുടെ സംഘടനയെയും ഒക്കെ യോഗത്തിലേക്ക് വിളിക്കുമോയെന്ന് മന്ത്രി ചോദിച്ചു. മദ്യനയവുമായി ബന്ധപ്പെട്ട് പലർക്കും പല താൽപര്യങ്ങളും ഉണ്ടാകും. അതിന്റെ അടിസ്ഥാനത്തിൽ പല പ്രചാരണങ്ങളും നടക്കും. ആ ഫ്രെയ്മിൽ തന്നെ ഉൾപ്പെടുത്താൻ ശ്രമിക്കേണ്ടെന്നും മന്ത്രി പറഞ്ഞു.

ഏതെങ്കിലും പത്രത്തിൽ വന്ന വാർത്ത വച്ചുകൊണ്ട് സഭയിൽ സംസാരിക്കുന്നത് ശരിയല്ലെന്ന് എൽദോസ് കുന്നപ്പിളിയുടെ ചോദ്യത്തിനുള്ള മറുപടിയായി മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവെക്കണമെന്ന് സിപിഐ ജില്ലാകമ്മിറ്റി യോഗത്തിൽ അഭിപ്രായം ഉയർന്നുവെന്ന ഒരു പത്രത്തിന്റെ വാർത്ത ഉദ്ധരിച്ചാണ് ചോദ്യം. എന്നാൽ ആ കമ്മിറ്റിയിൽ പ്രസ്തുത പത്രത്തിൻ്റെ പ്രതിനിധിയോ വിഷയം ഉന്നയിച്ച അംഗമോ ഉണ്ടായിരുന്നില്ല. പിന്നെ ഇത്തരത്തിൽ വാർത്തകൾ കൊടുക്കാൻ പലപത്രങ്ങളും ഉള്ളതുകൊണ്ട് പ്രതിപക്ഷത്തിന് ഇതൊരു മാനസിക സുഖം എന്ന നിലയ്ക്ക് ഉന്നയിക്കാം എന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

Back to top button
error: Content is protected !!