വാളകം പഞ്ചായത്തില്‍ ഒഴുക്കില്‍പെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

മൂവാറ്റുപുഴ: വാളകം പഞ്ചായത്തില്‍ ഒഴുക്കില്‍പെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. റാക്കാട് ഗണപതി കടവില്‍ നിന്ന് ഇന്നലെ ഒഴിക്കില്‍പ്പെട്ട് കാണാതായ നെല്ലിമറ്റം അന്ത്യാട്ട് തങ്കമ്മ (74) യുടെ മൃതദേഹമാണ് ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്. തങ്കമ്മയെ കാണാതായ കടവിന് സമീപം നാട്ടുകാരാണ് മൃതദേഹം പൊങ്ങികിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസിലും, ഫയര്‍ഫോഴ്‌സിലും വിവരമറിയിക്കുകയായിരുന്നു. മൂവാറ്റുപുഴ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി മൃതദേഹം കരക്കെത്തിച്ചു. മേക്കടമ്പിലുള്ള മകള്‍ സിനിയുടെ വീട്ടില്‍ എത്തിയതായിരുന്നു തങ്കമ്മ. കടവില്‍ മീന്‍ പിടിക്കാനെത്തിയവരാണ് ഇന്നലെ തങ്കമ്മ മുങ്ങിത്താഴുന്നത് കണ്ടത്. തുടര്‍ന്ന് ഫയര്‍ഫോഴ്സില്‍ വിവരമറിയിക്കുകയും, മൂവാറ്റുപുഴ, കോതമംഗലം ഫയര്‍ഫോഴ്സും, സ്‌കൂബ ടീമും മണിക്കൂറുകളോളം തെരച്ചില്‍ നടത്തുകയും ചെയ്തു. എന്നാല്‍ ശക്തമായ അടിയൊഴുക്കിനെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് 3ഓടെ തെരച്ചില്‍ അവസാനിപ്പിച്ചിരുന്നു. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാളെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

 

 

Back to top button
error: Content is protected !!