ഡെങ്കിപ്പനി കേസുകള്‍ കൂടുന്നു.: നിയമനടപടികള്‍ ഉള്‍പ്പടെ കര്‍ശനനടപടികള്‍ സ്വീകരിക്കും

എറണാകുളം: ജില്ലയില്‍ ഡെങ്കിപ്പനി കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ നിയമനടപടികള്‍ ഉള്‍പ്പടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. കൊതുകിന്റെ ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍. നിരന്തരമായ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും ഇപ്പോഴും വീടുകളിലും, സ്ഥാപനങ്ങളിലുമുള്‍പ്പടെ കൊതുകു വളരുന്ന സാഹചര്യങ്ങള്‍ കൂടുതലായി കാണപ്പെടുന്നതിനാലും, ഡെങ്കിപ്പനി കേസുകള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാലുമാണ് നിയമനടപടികളിലേക്ക് ആരോഗ്യ വകുപ്പ് നീങ്ങുന്നത്. വീടുകളിലും, സ്ഥാപനങ്ങളുടെ പരിസരത്തും കൊതുകു വളരുന്ന സാഹചര്യം കണ്ടെത്തിയാല്‍ കേരള പൊതുജനാരോഗ്യ നിയമപ്രകാരമുള്ള പിഴ ഈടാക്കുന്നതാണ്. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ഡെങ്കിപ്പനി ബാധിത മേഖലകളില്‍ മണിപ്ലാന്റ് പോലെ വെള്ളത്തില്‍ വളര്‍ത്തുന്ന അലങ്കാര ചെടികള്‍ വളര്‍ത്തുന്നയിടങ്ങളിലാണ് ഈഡിസ് കൊതുകുകള്‍ വളരുന്ന സാഹചര്യം കൂടുതലായി കണ്ടെത്തിയിട്ടുള്ളത്.ഈ വര്‍ഷം ഇതുവരെ 526 സംശയിക്കുന്ന ഡെങ്കിപ്പനി കേസുകളും 210 സ്ഥിരീകരിച്ച കേസുകളും, സംശയിക്കുന്ന 5 ഡെങ്കിപ്പനി മരണങ്ങളുമാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തൃക്കാക്കര,, കൊച്ചി നഗരസഭാ പ്രദേശങ്ങളായ ഇടക്കൊച്ചി, തമ്മനം, പച്ചാളം, എളമക്കര സൗത്ത് എന്നിവിടങ്ങളിലും, കുന്നത്ത് നാട് പഞ്ചായത്തിലുമാണ് ഡെങ്കിപ്പനി കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്ഥലങ്ങളില്‍ വീടുകള്‍, ഫ്‌ലാറ്റുകള്‍ , സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

  • രോഗലക്ഷണങ്ങള്‍

പനിയോടൊപ്പം തലവേദന , കണ്ണിനു പുറകില്‍ വേദന, പേശിവേദന, സന്ധിവേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. കൂടാതെ ശരീരത്തില്‍ ചുവന്നു തടിച്ച പാടുകളും ഉണ്ടാകാം.. തുടര്‍ച്ചയായ ഛര്‍ദ്ദി, വയറുവേദന, ശരീരഭാഗങ്ങളില്‍ നിന്നും രക്തസ്രാവം, കറുത്തമലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്ന് തടിക്കല്‍, ശരീരം തണുത്ത് മരവിക്കുക , തളര്‍ച്ച, രക്തസമ്മര്‍ദ്ദം വല്ലാതെ താഴുക, കുട്ടികളില്‍ തുടര്‍ച്ചയായ കരച്ചില്‍ തുടങ്ങിയവ ഡെങ്കിപ്പനിയുടെ അപായസൂചനകളാണ്. ഡെങ്കിപനി മാറിയാലും മൂന്നു നാലു ദിവസം കൂടി സമ്പൂര്‍ണ്ണ വിശ്രമം തുടരുക. ഉപ്പിട്ട കഞ്ഞി വെള്ളം, കരിക്കിന്‍ വെള്ളം തുടങ്ങി ധാരാളം പാനീയങ്ങള്‍ കുടിക്കുന്നതും നല്ലതാണ്. ഡെങ്കിപ്പനി ബാധിതര്‍ പകല്‍ സമയം വിശ്രമിക്കുന്നതും ഉറങ്ങുന്നതും പൂര്‍ണമായും കൊതുക് വലയ്ക്കുള്ളില്‍ ആയിരിക്കണം.

  • ഉറവിട നശീകരണം പ്രധാനം

ചെറിയ അളവ് വെള്ളത്തില്‍ പോലും ഈഡിസ് കൊതുകകള്‍ മുട്ടയിട്ട് പെരുകും. ഈ കൊതുകുകള്‍ ഓരോ പ്രാവശ്യവും 100 മുതല്‍ 200 വരെ മുട്ടകളും , അതിന്റെ ജീവിത കാലത്ത് അഞ്ഞൂറു മുതല്‍ ആയിരം മുട്ടകള്‍ വരെയും ഇടാം.ഒരു വര്‍ഷത്തോളം ഇവയുടെ മുട്ടകള്‍ കേടുകൂടാതെയിരിക്കും. ഈര്‍പ്പം തട്ടിയാല്‍ ഒരാഴ്ചകൊണ്ട് മുട്ട വിരിഞ്ഞ് കൊതുകാകും. വൈറസ്ബാധയുള്ള കൊതുകിന്റെ മുട്ടകളിലും വൈറസ് സാന്നിദ്ധ്യമുണ്ടാകും. ഈഡിസ് കൊതുകിന്റെ നിയന്ത്രണമാണ് ഡെങ്കിപ്പനിയുടെ പ്രധാന പ്രതിരോധ മാര്‍ഗ്ഗം. ആഴ്ച തോറും വീടും , ചുറ്റുപാടും , സ്ഥാപനങ്ങളും നിരീക്ഷിച്ച് കൊതുക് വളരാനിടയുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കണം.ഇതിനായി ഞായറാഴ്ചകളില്‍ വീടുകളിലും, വെള്ളിയാഴ്ചകളില്‍ സ്‌കൂളുകളിലും, ശനിയാഴ്ചകളില്‍ സ്ഥാപനങ്ങളിലും, പൊതുസ്ഥലങ്ങളിലും ഉറവിടനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മണിപ്ലാന്റും, മറ്റ് അലങ്കാര ചെടികളും വീടിനുള്ളില്‍ വളര്‍ത്താതിരിക്കുന്നതാണ് നല്ലത്. വളര്‍ത്തുകയാണെങ്കില്‍ തന്നെ അവ മണ്ണിട്ട് വളര്‍ത്തേണ്ടതും, ചെടിച്ചട്ടിയില്‍ വെള്ളം കെട്ടി കിടക്കാതെ ഒഴുക്കി കളയുകയും വേണം.കൊതുകു കടിയേല്‍ക്കാതിരിക്കാന്‍ പ്രത്യേകശ്രദ്ധ വേണം,പകല്‍ സമയങ്ങളിലാണ് ഈഡിസ് കൊതുകുകള്‍ കടിക്കുന്നത്, കൊതുകു കടി ഏല്‍ക്കാതിരിക്കുവാന്‍, വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങളായ കൊതുകു കടി തടയാനുള്ള ലേപനങ്ങള്‍, റിപ്പലെന്റ്‌സ്, കൊതുകുവല , പുറമേയുള്ള ജോലി ചെയ്യുന്നവര്‍ ശരീരം മുഴുവന്‍ മൂടുന്ന തരത്തില്‍ വസ്ത്രങ്ങള്‍ ധരിക്കുകയും വേണം. ഡെങ്കിപ്പനി വിവിധങ്ങളായ രോഗലക്ഷണങ്ങളോടെ പ്രകടമാകാം. രോഗലക്ഷണങ്ങള്‍ കാര്യമായി പ്രകടമാക്കാതെയും , ഒരു വൈറല്‍ പനി പോലെയും ഡെങ്കിപ്പനി വന്ന് പോകാം. എന്നാല്‍ ചിലപ്പോള്‍ രോഗം സങ്കീര്‍ണ്ണമായി രോഗിയുടെ ജീവനു തന്നെ ഭീഷണിയാകുന്ന ഡെങ്കു ഹെമറേജിക് ഫീവര്‍ , ഡെങ്കു ഷോക്ക് സിന്‍ഡ്രോം എന്നീ ഗുരുതരമായ അവസ്ഥ ഉണ്ടാകാം . ഡെങ്കിപ്പനി രണ്ടാമതും പിടിപെട്ടാല്‍ കൂടുതല്‍ ഗുരുതരമാകാം. ആദ്യം രോഗം വന്നു പോയത് ചിലപ്പോള്‍ അറിയണമെന്നില്ല. അതിനാല്‍ ഡെങ്കിപ്പനി ഉണ്ടായാല്‍ രണ്ടാമത് രോഗം വരുന്നതെന്ന രീതിയില്‍ തന്നെ അതീവ ശ്രദ്ധ പുലര്‍ത്തണം.പനി തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ സ്വയം ചികിത്സക്ക് മുതിരാതെ എത്രയും പെട്ടെന്ന് തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടുന്നതിലൂടെ രോഗം ഗുരുതരമാകുന്നത് തടയാം .

 

Back to top button
error: Content is protected !!