വിവാദമായ ഭൂമി തട്ടിയെടുക്കല്‍ കേസ്: ആരോപണങ്ങള്‍ക്ക് വാസ്തവവുമായി ഒരു ബന്ധവുമില്ലെന്ന് സിപിഎം ഏരിയ സെക്രട്ടറി കെ.പി രാമചന്ദ്രന്‍

മൂവാറ്റുപുഴ: സിപിഎം മൂവാറ്റുപുഴ ഏരിയ കമ്മിറ്റി ഓഫീസില്‍ വലിയ അപരാധം നടന്നെന്ന നിലയില്‍ വന്ന ആരോപണങ്ങള്‍ക്ക് വാസ്തവവുമായി ഒരു ബന്ധവുമില്ലെന്ന് ഏരിയ സെക്രട്ടറി കെ.പി രാമചന്ദ്രന്‍. ആയുര്‍വേദ ഉപകരണങ്ങള്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്ന സ്ഥാപനത്തിലെ മാര്‍ക്കറ്റിംഗ് മാനേജരായിരുന്ന രാജശ്രീ ആര്‍ പിള്ള ഒന്നരക്കോടി രൂപ സ്ഥാപനത്തില്‍ നിന്ന് അപഹരിച്ചു എന്നും, അത് തിരിച്ചു വാങ്ങി തരാന്‍ സഹായിക്കണം എന്നുമുള്ള ആവശ്യവുമായി സ്ഥാപന ഉടമയും, പാര്‍ട്ടി പ്രവര്‍ത്തകനായ സ്ഥാപനത്തിലെ ജീവനക്കാരനും ജനുവരി മാസത്തില്‍ പാര്‍ട്ടി ഓഫീസില്‍ എത്തിയിരുന്നു. സാമ്പത്തിക തര്‍ക്കത്തിന്റെ കേസായതിനാല്‍ പോലീസിലോ മറ്റോ പരാതി നല്‍കാന്‍ പറഞ്ഞ് ഏരിയാ സെക്രട്ടറികേസില്‍ നിന്ന് ഒഴിഞ്ഞ് മാറി. പിന്നീട് രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും പാര്‍ട്ടി വഴി സ്ത്രീയെ വിളിച്ച് ഒന്ന് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് കസ്ഥാപന ഉടമ ഏരിയാ സെക്രട്ടറിയെ സമീപിച്ചു. തുടര്‍ന്ന് അടുത്ത ദിവസം സന്ധ്യ കഴിഞ്ഞ് ഉടമയും, ജീവനക്കാരനും ആരോപണ വിധേയയായ സ്ത്രീയും അവരുടെ മകളും ഒക്കെയായി പാര്‍ട്ടി ഓഫീസില്‍ എത്തിച്ചേര്‍ന്നു. ഈ പശ്ചാത്തലത്തില്‍ ഇരു വിഭാഗത്തെയും ഒരുമിച്ചിരുത്തി സംസാരിച്ചു. രണ്ട് ഭാഗവും അവരവരുടെ വാദങ്ങളില്‍ ഉറച്ചുനിന്നതിനാല്‍ പ്രശ്‌നങ്ങളില്‍ തീരുമാനത്തിലെത്താന്‍ അന്ന് നടന്ന ചര്‍ച്ചയിലൂടെ കഴിഞ്ഞിരുന്നില്ല. സിപിഎം ഓഫീസില്‍ ആദ്യവും അവസാനവുമായി നടന്ന ചര്‍ച്ച അതാണെന്ന് കെ.പി രാമചന്ദ്രന്‍ പറഞ്ഞു. അതിന് ശേഷം പാര്‍ട്ടി ഒരു തരത്തിലും വിഷയത്തില്‍ ഇടപെട്ടിട്ടില്ല. തുടര്‍ ചര്‍ച്ചകള്‍ ഒന്നും നടന്നത് പാര്‍ട്ടി ഓഫീസില്‍ ആയിരുന്നില്ല. പാര്‍ട്ടി ഏരിയ സെക്രട്ടറിയോ പാര്‍ട്ടിയുമായി ബന്ധപ്പെട്ട മറ്റ് ആരെങ്കിലുമോ ആ ചര്‍ച്ചകളിലൊന്നും പങ്കെടുക്കുകയും ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ വിവാദത്തിന് ആധാരമായ വസ്തു കൈമാറ്റത്തില്‍ പാര്‍ട്ടിക്ക് യാതൊരുവിധ ബന്ധവും ഇല്ലാത്തതാണ്. പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് പാര്‍ട്ടി ഏരിയാ സെക്രട്ടറിയെ കൂടി പ്രതി ചേര്‍ക്കാന്‍ കഴിയുന്ന നിലയില്‍ എല്‍എല്‍ബി വിദ്യാര്‍ത്ഥി ആയ പരാതിക്കാരി മൊഴി കൊടുത്ത് കേസ് എടുപ്പിച്ചതാണ്. ഈ സാഹചര്യത്തില്‍, തെറ്റായ വിവരങ്ങള്‍ ചേര്‍ത്ത് ഏരിയാ സെക്രട്ടറിക്ക് എതിരെ പരാതി കൊടുത്ത ഗൗരി പിള്ളയ്‌ക്കെതിരെയും, പരാതിക്കാരി നല്‍കിയ തെറ്റായ മൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ ഒരു അന്വേഷണവും നടത്താതെ കേസെടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയും നിയമനടപടികള്‍ സ്വീകരിക്കാന്‍ പാര്‍ട്ടി ഏരിയാ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെന്നും കെ.പി രാമചന്ദ്രന്‍ പറഞ്ഞു.

 

Back to top button
error: Content is protected !!