കോവിഡിനെത്തുടർന്ന് ആരക്കുഴ പള്ളിയിലെ ചരിത്രപ്രസിദ്ധമായ പാച്ചോർ നേർച്ച മുടങ്ങി.

 

മൂവാറ്റുപുഴ :കോവിഡിനെ തുടർന്ന് ആരക്കുഴ പള്ളിയിലെ ചരിത്രപ്രസിദ്ധമായ പാച്ചോർ നേർച്ച മുടങ്ങി. ആയിരത്തിയഞ്ഞൂറിലേറെ വർഷത്തെ ചരിത്രമുള്ള മൂവാറ്റുപുഴ ആരക്കുഴയിലെ മർത്ത മറിയം ഫൊറോന ദേവാലയം, 200 വർഷമായി ആഗസ്റ്റ് 15 ന് നൽകി വരുന്ന പ്രൗഢമായ പാച്ചോർനേർച്ച വിതരണമാണ് ഇത്തവണ കോവിഡ് മുടക്കിയത്.

 

ആയിരം മാപ്പിളമാരെ ഉദ്ദേശിച്ചു തുടങ്ങിയ ഈ ദേവാലയത്തിലെ നേർച്ച ഇതിനു മുന്നേ മുടങ്ങിയത് 1918 ലാണ്. സ്പാനിഷ് ഫ്ലൂ പടർന്ന് ലോകമാസകലം വിറങ്ങലിച്ചു നിന്നപ്പോൾ ഈ നാട്ടിലെ നിരവധി ആളുകൾ രോഗത്തിന് കീഴടങ്ങിയതിനെ തുടർന്ന് ദേവാലയം അടക്കേണ്ട സാഹചര്യം വന്നു. കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് രോഗം സ്ഥിതീകരിച്ചതിന്റെയും രോഗ ലക്ഷണങ്ങൾ എന്നിവ രേഖപ്പെടുത്തിയ ചരിത്ര രേഖകളും ഇവിടെ ഇപ്പോഴും സൂക്ഷിച്ചുവെച്ചിട്ടുണ്ട്. അന്ന് മരണമടഞ്ഞ ആളുകളുടെ പേരും ഇവിടെ ഉണ്ട്. ചരിത്രം ആവർത്തിക്കപ്പെടാൻ ഇത്തവണ കോറോണ കാരണമായി. വിവിധ മതസ്ഥർ ഉൾപ്പെടെ ധാരാളം ആളുകൾ വർഷം തോറും വന്നു പോകുന്ന ആരക്കുഴ മലേക്കുരിശ് ഈ ദേവാലയത്തിന്റെ കുരിശ് പള്ളിയാണ്. ഒരു ദേവാലയം എന്നതിലുപരി ആരക്കുഴയുടെ ചരിത്രത്തോളം പഴക്കമുള്ള ഒരു സ്മാരകം കൂടിയാണ് ഈ ദേവാലയം. നിലവിൽ കോതമംഗലം രൂപതയുടെ കീഴിൽ ഉള്ള ഈ ഇടവക ഒരു തീർഥാടന കേന്ദ്രമാണ്. ഫാ.ജോൺ മുണ്ടക്കൽ ആണ് ഇടവക വികാരി. കത്തോലിക്കാ സഭ ധന്യൻ പദവിയിലേക്ക് ഉയർത്തിയ വർഗീസ് പയ്യപ്പിള്ളിൽ , നിലവിലെ രൂപതാ അധ്യക്ഷൻ മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ എന്നിവർ വികാരിമാരായി ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Back to top button
error: Content is protected !!