ആരോഗ്യം

കോവിഡ് മരണാനന്തര ധനസഹായം:  രണ്ടുദിവസത്തിനകം മുഴുവന്‍പേരും  അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍

 

 

എറണാകുളം :  മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരില്‍ ആരെയും മടക്കി അയക്കില്ല

 

കോവിഡ്മൂലം മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്കു നല്‍കുന്ന എക്സ് ഗ്രേഷ്യ 50,000 രൂപ ധനസഹായത്തിന് അപേക്ഷിക്കാത്തവരുടെ പട്ടിക തദ്ദേശ സ്ഥാപനാടിസ്ഥാനത്തില്‍ എടുത്ത് അവരെക്കൊണ്ട് അപേക്ഷിപ്പിക്കുന്നതിനുള്ള നടപടി വേഗത്തിലാക്കുവാന്‍ സെക്രട്ടറിമാര്‍ക്ക് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് നിര്‍ദേശം നല്‍കി. രണ്ടുദിവസത്തിനകം 100 ശതമാനം പേരെക്കൊണ്ടും എക്സ് ഗ്രേഷ്യ ധനസഹായത്തിന് അപേക്ഷ നല്‍കുന്നതിനുള്ള നടപടികളുമായാണു ജില്ലാ ഭരണകൂടം മുന്നോട്ടുപോകുന്നതെന്നും തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍, വില്ലേജ് ഓഫീസര്‍മാര്‍, പിഎച്ച്‌സി മെഡിക്കല്‍ ഓഫീസര്‍മാര്‍, ആശാപ്രവര്‍ത്തകര്‍ എന്നിവര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

 

ഇനിയും അപേക്ഷ സമര്‍പ്പിക്കുവാനുള്ളവര്‍ അതത് വില്ലേജ് ഓഫീസുകളെയോ അക്ഷയ കേന്ദ്രങ്ങളെയോ ഉടന്‍ സമീപിക്കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു. കോവിഡ് മരണ സര്‍ട്ടിഫിക്കറ്റിനായി (ഡെത്ത് ഡിക്ലറേഷന്‍ ഡോക്യുമെന്റ്-ഡിഡിഡി) കാത്തിരിക്കേണ്ടതില്ല. പോര്‍ട്ടലില്‍ കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ് നമ്പര്‍ പരിശോധിച്ച് വിവരങ്ങള്‍ കൃത്യമാണോ എന്ന് വില്ലേജ് ഓഫീസര്‍മാര്‍ ഉറപ്പാക്കും. ലീഗല്‍ ഹയര്‍ഷിപ്പ്(അനന്തരാവകാശ) സര്‍ട്ടിഫിക്കറ്റും നല്‍കേണ്ടതില്ല. ബന്ധം തെളിയിക്കുന്ന റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് മതിയാകും. അപേക്ഷിക്കുവാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് വില്ലേജ് ഓഫീസര്‍മാര്‍, അക്ഷയകേന്ദ്രങ്ങള്‍ ആവശ്യമായ സഹായം നല്‍കും. ഡെത്ത് ഡിക്ലറേഷന്‍ ഡോക്യുമെന്റ് നമ്പര്‍ നല്‍കിയും അപേക്ഷ സമര്‍പ്പിക്കാം. ഡി.എം.ഒ ഒപ്പിട്ട സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല. https://covid19.kerala.gov.in/deathinfo ല്‍ ഡെത്ത് ഡിക്ലറേഷന്‍ ഡോക്യുമെന്റിന്റെ വിശദ വിവരം ലഭിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

 

അപേക്ഷയുമായി എത്തുന്നവരെ കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരില്‍ മടക്കി അയക്കരുത്. കോവിഡ് മരണ സര്‍ട്ടിഫിക്കറ്റ് നമ്പര്‍ ഇല്ലെങ്കില്‍ അത് പോര്‍ട്ടലില്‍ നിന്ന് ലഭിക്കും. അക്ഷയ സെന്ററുകള്‍, വില്ലേജ് ഓഫീസുകള്‍ എന്നിവടങ്ങളില്‍ എത്തുന്ന എക്‌സ് ഗ്രേഷ്യ അപേക്ഷകരെ ഒരു കാരണവശാലും മടക്കി അയക്കരുതെന്നും അവര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.

 

എറണാകുളം ജില്ലയില്‍ 6198 പേരാണ് കോവിഡ്മൂലം മരിച്ചത്. ഇതില്‍ 3900 അപേക്ഷകള്‍ മാത്രമാണ് എക്സ് ഗ്രേഷ്യ ധനസഹായത്തിനു ലഭിച്ചത്.

 

എക്സ് ഗ്രേഷ്യ ധനസഹായത്തിന് അപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് സംശയനിവാരണത്തിനും സഹായങ്ങള്‍ക്കും ജില്ലാതല, താലൂക്ക്തല കണ്‍ട്രോള്‍ റൂമുകളുമായി ബന്ധപ്പെടാം.

 

ജില്ലാതല കണ്‍ട്രോള്‍ റൂം – 1077 (ടോള്‍ ഫ്രീ നമ്പര്‍)

ലാന്‍ഡ് ഫോണ്‍ – 0484- 2423513

മൊബൈല്‍ – 9400021077

 

താലൂക്ക് തല കണ്‍ട്രോള്‍ റൂം നമ്പറുകള്‍

 

ആലുവ – 0484 2624052

കണയന്നൂര്‍ – 0484 – 2360704

കൊച്ചി- 0484- 2215559

കോതമംഗലം – 0485- 2860468

കുന്നത്തുനാട് – 0484- 2522224

മുവാറ്റുപുഴ – 0485- 2813773

പറവൂര്‍ – 0484- 2972817

Back to top button
error: Content is protected !!