മൂവാറ്റുപുഴയില്‍ വിവാദ ഭൂമി തട്ടിയെടുക്കല്‍ കേസ്; കോണ്‍ഗ്രസിന്റെ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നാളെ

മൂവാറ്റുപുഴ: സിപിഎം മൂവാറ്റുപുഴ ഏരിയ സെക്രട്ടറി പ്രതിയായ വിവാദ ഭൂമി തട്ടിയെടുക്കല്‍ കേസില്‍ കോണ്‍ഗ്രസ് മൂവാറ്റുപുഴ, മഞ്ഞള്ളൂര്‍ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് സംഘടിപ്പിക്കും. നാളെ വൈകിട്ട് 4ന് കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ച് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്യും. കേസില്‍ പ്രതിയായ സിപിഎം ഏരിയ സെക്രട്ടറി സ്ഥാനം രാജിവെച്ച പൊതു പ്രവര്‍ത്തകര്‍ക്ക് മാതൃകയാക്കണമെന്ന് മൂവാറ്റുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആവാശ്യപ്പെട്ടു. പാരിതോഷികം വാങ്ങി വിവിധ കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നതിന് സിപിഎം ഏരിയ കമ്മിറ്റി ഓഫിസില്‍ പ്രത്യേക വിഭാഗം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു. പോലീസ് സ്റ്റേഷനുകളില്‍ എത്തുന്ന സമാന സ്വഭാവമുള്ള കേസുകള്‍ കണ്ടെത്തി ഇരു കക്ഷികളെയും പാര്‍ട്ടി ഓഫിസില്‍ വിളിച്ചു വരുത്തിയാണ് കേസ് ഒരു വിഭാഗത്തിന് മാത്രമായി അനുകൂലമായി ഒത്തുതീര്‍പ്പാക്കുന്നത്. എന്നിട്ട് അവരില്‍ നിന്ന് നിശ്ചിതമായ തുക പാരിതോഷികമായി വാങ്ങും. പോലീസും നീതി ന്യായ കോടതിയും ഉള്‍പ്പെടുന്ന നിയമ വ്യവസ്ഥയെ നോക്കുക്കുത്തിയാക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും സിപിഎം പിന്തിരിയണം. സാധാരണക്കാരായ ജനങ്ങള്‍ക്ക് ആശ്രയമാകേണ്ട രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഇത്തരം നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു.

 

Back to top button
error: Content is protected !!