വിവാദ വാഴവെട്ടല്‍ കര്‍ഷകന് നഷ്ടപരിഹാരം കൈമാറി

മൂവാറ്റുപുഴ: വാരപ്പെട്ടിയില്‍ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേല്‍ക്കുമെന്ന് പറഞ്ഞ് കുലച്ച വാഴകള്‍ വെട്ടിനശിപ്പിച്ച സംഭവത്തില്‍ കര്‍ഷകന് കെഎസ്ഇബിയുടെ നഷ്ടപരിഹാരം കൈമാറി. മൂന്നര ലക്ഷം രൂപയാണ് എംഎല്‍എ ആന്റണി ജോണ്‍ കര്‍ഷകന് കൈമാറിയത്.
കോതമംഗലം വാരപ്പെട്ടിയിലാണ് കെഎസ്ഇബി 220 കെ വി ലൈനിന് താഴെയുള്ള ഭൂമിയിലെ വാഴകൃഷി വെട്ടി നശിപ്പിച്ചത്. ലൈന്‍ തകരാര്‍ പരിഹരിക്കുന്നതിന് വേണ്ടിയെന്ന് കാരണം പറഞ്ഞാണ് വൈദ്യുതി വകുപ്പ് ജീവനക്കാര്‍ കുലച്ച വാഴകള്‍ വെട്ടിയത്. വാരപ്പെട്ടിയിലെ കാവുംപുറം തോമസിന്റെ 406 വാഴകളാണ് വാഴയില തട്ടി ലൈന്‍ തകരാറായെന്ന കാരണം ചൂണ്ടിക്കാട്ടി കെ എസ് ഇ ബി വെട്ടിക്കളഞ്ഞത്. ഓണവിപണി മുന്നില്‍ കണ്ട് ഇറക്കിയ വിളവ് ഒരു മുന്നറിയിപ്പ് പോലും നല്‍കാതെയാണ് നശിപ്പിച്ചത്. എന്നാല്‍, ഇടുക്കി കോതമംഗലം 220 കെ വി ലൈന്‍ തകരാറിലായപ്പോള്‍ പരിഹരിക്കുന്നതിന് വേണ്ടിയാണ് വാഴകൃഷി വെട്ടിയതെന്നാണ് കെഎസ്ഇബി വിശദീകരണം.ഇടുക്കി – കോതമംഗലം 220 കെ വി ലൈന്‍ പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമായതിനാല്‍, മനുഷ്യ ജീവന് അപകടം ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കി വാഴകള്‍ വെട്ടിമാറ്റി ലൈന്‍ ചാര്‍ജ് ചെയ്തു എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.