നിർദിഷ്ട വണ്ടിപ്പേട്ട-ഇ.ഇ.സി മാർക്കറ്റ് റോഡ് നിർമാണം: മരങ്ങൾ മുറിച്ചു

 

മൂവാറ്റുപുഴ: നിര്‍ദിഷ്ട വണ്ടിപ്പേട്ട-ഇ.ഇ.സി മാര്‍ക്കറ്റ് റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ മുന്നോടിയായി ഇവിടത്തെ മരങ്ങള്‍ നഗരസഭയുടെ നേതൃത്വത്തില്‍ മുറിച്ചുനീക്കി. വെയര്‍ഹൗസിങ് കോര്‍പറേഷന്റെ സഹായത്തോടെയാണ് റോഡ് നിര്‍മിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വെയര്‍ഹൗസിങ് കോര്‍പറേഷന്‍ റീജനല്‍ മാനേജര്‍ പീറ്റര്‍, എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ കണ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉന്നതതല സംഘം സ്ഥലം സന്ദര്‍ശിച്ചിരുന്നു. റോഡിന്റെയും കള്‍വര്‍ട്ടിന്റെയും ഡിസൈന്‍ തയാറാക്കുന്ന കെല്ലിന്റ ഉദ്യോഗസ്ഥ സംഘവും പരിശോധന നടത്തി. വാര്‍ഡ് അംഗം കൂടിയായ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ പി.എം. അബ്ദുല്‍ സലാം, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ അജി മുണ്ടാട്ട് എന്നിവരും ഒപ്പമുണ്ടായി. റോഡ് നിര്‍മാണം പൂര്‍ത്തിയായാല്‍ ഇതിന്റ ഏറ്റവും വലിയ ഗുണം വെയര്‍ഹൗസിങ് കോര്‍പറേഷനാണ് ലഭിക്കുന്നത്. കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിലെ എവറസ്റ്റ് കവലക്ക് സമീപത്തെ കീഴ്ക്കാവില്‍ തോട്ടിനു സമാന്തരമായി വണ്ടിപ്പേട്ട, സ്റ്റേഡിയം പരിസരം വഴി ഇ.ഇ.സി മാര്‍ക്കറ്റ് ബൈപാസ് റോഡില്‍ എത്തുന്ന തരത്തില്‍ 700 മീറ്റര്‍ ദൂരത്തിലും ഒമ്പത് മീറ്റര്‍ വീതിയിലുമാണ് നഗരസഭയുടെ സ്ഥലത്തുകൂടി റോഡ് നിര്‍മിക്കുന്നത്. റോഡ് യാഥാര്‍ഥ്യമാകുന്നതോടെ വ്യാപാരകേന്ദ്രമായ കാവുംകര മേഖലയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നതിനു പുറമെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കി വഴിയില്ലാത്തതിനാല്‍ അടച്ചുപൂട്ടിയിട്ടിരിക്കുന്ന ആധുനിക മത്സ്യമാര്‍ക്കറ്റിനും ഗുണകരമാകും. സ്റ്റേഡിയത്തിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനും സഹായകമാകും.
വഴിയില്ലാത്തതുമൂലം ഗോഡൗണ്‍ നിര്‍മിക്കാനാകാതെ വെറുതെ ഇട്ടിരിക്കുന്ന കാളച്ചന്തയിലെ വെയര്‍ഹൗസിങ് കോര്‍പറേഷന്റ സ്ഥലത്ത് എത്തിച്ചേരാനും എട്ടങ്ങാടി അടക്കമുള്ള ജനവാസ കേന്ദ്രങ്ങള്‍ക്കും റോഡ് ഗുണകരമാകും.

 

Back to top button
error: Content is protected !!