പായിപ്ര പഞ്ചായത്തംഗത്തിന്റെ ലൈഫ് ഭവന പദ്ധതിയിലുള്‍പ്പെടുത്തിയുള്ള ഭവനം നിര്‍മ്മാണം സത്യപ്രതിജ്ഞ ലംഘനം: ബിജെപി

മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് 22-ാം വാര്‍ഡ് മെമ്പറും വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനുമായ എം.സി വിനയന്‍ രാജിവെക്കണമെന്ന് ബിജെപി മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റി. ലൈഫ് ഭവന പദ്ധതി പ്രകാരം ഭവനം നിര്‍മ്മിക്കുവാനുള്ള അപേക്ഷ നല്‍കി വര്‍ഷങ്ങളായി കാത്തിരുന്നിട്ടും ലിസ്റ്റില്‍ പേര് വരാത്ത സാധാരണക്കാരെ പിന്തള്ളിയാണ് രണ്ടോ മൂന്നോ വര്‍ഷം മുമ്പ് വാങ്ങിയ സ്ഥലത്ത് പഞ്ചായത്ത് മെമ്പര്‍ എം.സി വിനയന്റെ വീട് നിര്‍മ്മാണം ആരംഭിച്ചത്. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പദ്ധതി ആനുകൂല്യം കൈക്കലാക്കിയത് സത്യപ്രതിജ്ഞ ലംഘനമാണെന്ന് ബിജെപി ആരോപിച്ചു. എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയാണ് നിര്‍മ്മാണം പൂര്‍ത്തിയാകാത്ത വീടിന്, വീട്ടുനമ്പര്‍ നല്‍കി അവസാന ഗഡുവും നല്‍കിയത്.

സര്‍ക്കാര്‍ നിയമപ്രകാരം അനുവദിച്ച വിസ്തീര്‍ണ്ണത്തില്‍ വീടിന്റെ മുന്‍ വാതിലും, പിന്‍വാതിലും, അടുക്കളയും, ശുചിമുറിയും അടക്കമുള്ളവയുടെ നിര്‍മ്മാണം തീര്‍ത്ത് വീടിന്റെ മുന്നില്‍ നിന്ന്കൊണ്ട് ഫോട്ടോയെടുക്കുകയും ഉദ്യോഗസ്ഥര്‍ നേരില്‍കണ്ട് ബോധ്യപ്പെടുകയും ചെയ്ത ശേഷം അനുവദിക്കേണ്ട അവസാന ഗഡു ഈ നിബന്ധനകള്‍ എല്ലാം പാലിക്കുന്നതിന് മുമ്പ്തന്നെ ഗുണഭോക്താവിന് നല്‍കിയത് കൈക്കൂലി കൈപറ്റികൊണ്ടാണെന്നും, ഇത് അനുവദിച്ച് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു. സാധാരണജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് സ്വജനങ്ങള്‍ക്കായി നടത്തുന്ന ഇത്തരം അഴിമതിക്കെതിരെ ശക്തമായ അന്വേഷണം നടത്തി അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാത്തപക്ഷം ബിജെപി ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും ബിജെപി മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് അരുണ്‍ പി.മോഹന്‍ പറഞ്ഞു.

 

Back to top button
error: Content is protected !!