മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍ അന്തരിച്ചു

 

മൂവാറ്റുപുഴ: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.കെ രാമചന്ദ്രന്‍ മാസ്റ്റര്‍(78) അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു അന്ത്യം. എകെ ആന്റണി മന്ത്രിസഭയിലും തുടര്‍ന്നുവന്ന ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലും മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

എ.കെ.ആന്റണി മന്ത്രിസഭയില്‍ 1995 മെയ് 03 മുതല്‍ ഭക്ഷ്യം, പൊതുവിതരണം മന്ത്രിയായിരുന്നു. പിന്നീട് ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ 2004 മുതല്‍ ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്നു. 2006 ജനുവരി 14 ന് രാജിവെച്ചു. മൂന്ന് തവണ ബത്തേരിയില്‍ നിന്നും മൂന്ന് തവണ കല്‍പ്പറ്റയില്‍ നിന്നും എംഎല്‍എ ആയിഒരു തവണ തോറ്റു. കോഴിക്കോട് റൂറല്‍ ഡിസിസി പ്രസിഡണ്ടായിരുന്നു. കേണിച്ചിറയില്‍ സ്കൂള്‍ അധ്യാപകനായിരിക്കെ രാജിവെച്ചാണ് മുഴുവന്‍ സമയ പൊതു പ്രവര്‍ത്തനത്തിലേക്ക് കടന്നത്.

വയനാട്ടില്‍ നിന്നുള്ള നേതാവായിരുന്ന ഇദ്ദേഹം കോഴിക്കോട് കക്കോടിയിലെ വീട്ടിലാണ് കുറച്ച്‌ നാളുകളായി താമസിച്ചിരുന്നത്. 2011 ല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ടൈറ്റാനിയം അടക്കമുള്ള അഴിമതി കേസുകളില്‍ ഗുരുതര ആരോപണവുമായി രംഗത്ത് വന്നതോടെ പാര്‍ട്ടിയില്‍ നിന്ന് പുറത്തായി. പിന്നീട് പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തുവെങ്കിലും ചുമതലകള്‍ നല്‍കിയിരുന്നില്ല. കക്കോടിയിലെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

Back to top button
error: Content is protected !!