ഉന്നകുപ്പയിലെ റോഡരികിലുള്ള കാനയില്‍ ശുചിമുറി മാലിന്യം തള്ളിയതായി പരാതി

മൂവാറ്റുപുഴ: മൂവാറ്റുപുഴ കൂത്താട്ടുകുളം എംസി റോഡില്‍ രാത്രിയുടെ മറവില്‍ സാമൂഹ്യവിരുദ്ധര്‍ ശുചിമുറി മാലിന്യം തള്ളിയതായി പരാതി. മാറാടി പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ഉന്നകുപ്പയിലെ റോഡരികിലുള്ള കാനയിലാണ് ശുചിമുറി മാലിന്യമടക്കം നിക്ഷേപിച്ചിരിക്കുന്നത്. കഴിഞ്ഞ രാത്രിയില്‍ പ്രദേശത്തെ മൂന്നുസ്ഥലങ്ങളിലായാണ് ശുചിമുറി മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്.കാനയില്‍ തള്ളിയ ശുചിമുറി മാലിന്യം കിലോമീറ്ററുകളോളം ഒഴുകി പ്രദേശവാസികളുടെ കിണറുകളിലേക്ക് അടക്കം വ്യാപിച്ചിരിക്കുകയാണ്. ഇതോടെ ജനങ്ങളും വലിയ ആശങ്കയിലാണ്. 15 ദിവസങ്ങള്‍ക്ക് മുന്‍പ് ഇതേ സ്ഥലത്ത് സാമൂഹ്യവിരുദ്ധര്‍ ശുചിമുറി മാലിന്യം തള്ളിയിരുന്നു. ആളൊഴിഞ്ഞ പ്രദേശമായതിനാലും, കനത്തമഴയും, മാലിന്യം തള്ളാനെത്തുന്നവരെ കണ്ടെത്തുവാന്‍ സാധിക്കാത്ത സ്ഥിതിയാണ്.

പഞ്ചായത്ത് മെമ്പര്‍മാരും, ആരോഗ്യ വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. ശുചിമുറി മാലിന്യം തള്ളിയ സ്ഥലങ്ങളില്‍ ബ്ലീച്ചിംഗ് പൗഡര്‍ അടക്കം വിതറി ശുചീകരണം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ പഞ്ചായത്ത് ആരംഭിച്ചു. വരുംദിവസങ്ങളില്‍ പ്രദേശവാസികളെ ഉള്‍പ്പെടുത്തി രാത്രികാലങ്ങളില്‍ മാലിന്യം തള്ളാനെത്തിയവരെ പിടികൂടാനുള്ള സ്‌ക്വാഡ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിക്കുമെന്നും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ശുചിമുറിമാലിന്യമാണ് പ്രദേശത്ത് നിക്ഷേപിക്കുന്നതെന്നും പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. മാലിന്യം തള്ളിയവരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ പോലീസില്‍ പഞ്ചായത്ത് സെക്രട്ടറി പരാതിയും നല്‍കിയിട്ടുണ്ട്. മഴ കനത്തതോടെ മാറാടി പഞ്ചായത്തില്‍ പകര്‍ച്ച വ്യാധികള്‍ക്കെതിരെ കനത്ത ജാഗ്രതയാണ് പഞ്ചായത്ത് അധികൃതരും ആരോഗ്യ വിഭാഗവും സ്വീകരിച്ചിട്ടുള്ളത്. ആവോലി, പായിപ്ര പഞ്ചായത്തുകളില്‍ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യവും നിലവിലുണ്ട്.മാലിന്യം തള്ളുന്നവരെ ദിവസങ്ങള്‍ക്കുള്ളില്‍ പിടികൂടുമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

 

Back to top button
error: Content is protected !!