മോഷണക്കുറ്റമാരോപിച്ച് കസ്റ്റഡിയിലെടുത്ത ഭിന്നശേഷിക്കാരനായ യുവാവിനെ പോലീസ് മര്‍ദ്ദിച്ചതായി പരാതി

തൊടുപുഴ: മോഷണക്കുറ്റമാരോപിച്ച് കസ്റ്റഡിയിലെടുത്ത ഭിന്നശേഷിക്കാരനായ യുവാവിനെ തൊടുപുഴ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. തൊടുപുഴ നഗരത്തിലെ സ്ഥാപനത്തിലെ ജീവനക്കാരുടെ മുറിയില്‍ നിന്ന് ക്യാമറയും, ഐഫോണുകളും കാണാതായെന്ന പരാതിയില്‍ തൊടുപുഴ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെയാണ് പോലീസ് മര്‍ദിച്ചെന്ന് പരാതി ഉര്‍ന്നത്. കദളിക്കാട് പെരളിമറ്റം വെട്ടത്തുകുന്നേല്‍ വി.ജി.അഭിഷേക് എന്ന ഇരുപതുകാരനെയാണ് പോലീസ് മര്‍ദ്ദിച്ചത്. വീഡിയോ ക്യാമറാമാനായി ജോലി ചെയ്ത് വരുന്നയാളാണ് അഭിഷേക്. വെങ്ങല്ലൂര്‍ -കോലാനി ബൈപാസ് റോഡിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാര്‍ താമസിക്കുന്ന മുറിയില്‍ നിന്ന് ക്യാമറയും ഐഫോണുകളും കാണാതായെന്ന പരാതിയിലാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടോടെ അഭിഷേകിനെ പോലെ തോന്നുന്ന ഒരാള്‍ ഇവ മോഷ്ടിച്ചെന്ന സ്ഥാപന ഉടമയുടെ പരാതിയെത്തുടര്‍ന്നാണ് ഉച്ചയോടെ അഭിഷേകിനെ പോലീസ് പിടികൂടിയത്.

സ്റ്റേഷനിലെത്തിച്ച് പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് അഭിഷേക് പറയുന്നു. മാസങ്ങള്‍ക്ക് മുമ്പേ കോലാനിയിലെ സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ച താന്‍ സംഭവസമയത്ത് തൊടുപുഴയിലില്ലായിരുന്നു. എന്നാല്‍ ഇവ ചെവിക്കൊളളാതെയായിരുന്നു എസ്.എ ഉള്‍പ്പെടെ ചേര്‍ന്ന് മര്‍ദ്ദിച്ചതെന്നും അഭിഷേക് പറഞ്ഞു. വൈകുന്നേരം ബന്ധുക്കളെത്തി മോഷണം നടന്നെന്ന് പറയുന്ന സമയത്ത് അഭിഷേക് വീട്ടിലുണ്ടായിരുന്നതായി വ്യക്തമാക്കിയതോടെയാണ് യുവാവിനെ വിട്ടയച്ചത്. മുഖത്തും ശരീരത്തിലും മര്‍ദ്ദനമേറ്റ അഭിഷേക് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ തൊടുപുഴ ഡിവൈഎസ്പിക്ക് ബന്ധുക്കള്‍ പരാതി നല്‍കി. എന്നാല്‍ യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നെന്നും മര്‍ദ്ദനം നടന്നില്ലെന്നുമാണ് തൊടുപുഴ ഡിവൈഎസ്പിയുടെ വിശദീകരണം

 

Back to top button
error: Content is protected !!