19 കാരിയെയും, കുടുംബത്തെയും മൂവാറ്റുപുഴയിലെ സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി സ്ഥലം എഴുതി വാങ്ങിയതായി പരാതി

മൂവാറ്റുപുഴ: 19 വയസ്സുകാരിയെയും, കുടുംബത്തെയും മൂവാറ്റുപുഴയിലെ സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസിലേക്ക് വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി സ്ഥലത്തിന്റെ ഉടമസ്ഥാവകാശം എഴുതി വാങ്ങുകയും, ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തതായി പരാതി. തൃക്കാരിയൂര്‍ മനക്കപ്പടി വിനായകം ഗൗരി (19) യെയും കുടുംബത്തെയും ആറംഗ സംഘം ഭീഷണിപ്പെടുത്തി 1 കോടിയോളം രൂപ വിലമതിക്കുന്ന ഭൂമി എഴുതി വാങ്ങിയെന്നാണ് മൂവാറ്റുപുഴ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ആയുര്‍വേദ ചികിത്സ ഉപകരണങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്ന ദ്രോണി സ്ഥാപന ഉടമ മുടവൂര്‍ സ്വദേശി കിഷോര്‍, മകന്‍ കൃഷ്ണ പ്രസാദ്, ബിജു പി.എസ്, അനില്‍ കുമാര്‍, രാമചന്ദ്രന്‍, തോമസ് പാറക്കല്‍ എന്നിവര്‍ക്കെതിരെയാണ് 19കാരി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. 2024 ജനുവരി 5 നാണ് കേസിനാസ്പതമായ സംഭവം. ഗൗരി, പിതാവ് സഹദേവന്‍ ആര്‍ പിള്ള, മാതാവ് രാജശ്രീ, സഹോദരി ലക്ഷ്മി, ഇവരുടെ ബന്ധു രാജേഷ് എന്നിവരെ മൂവാറ്റുപുഴ എസ്‌തോസ് ഭവനിലേക്ക് വിളിച്ച് വരുത്തി തടഞ്ഞ് വയ്ക്കുകയായിരുന്നു. കുടുംബത്തിന്റെ ചിത്രം പകര്‍ത്തിയ പ്രതികള്‍ ഒന്നരക്കോടിരൂപ തട്ടിയെടുത്ത കുടുംബമാണെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി രാജേഷിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള 50 ലക്ഷം രൂപ വിലമതിക്കുന്ന 10.5 സെന്റ് ഭൂമി പ്രതിയെന്ന് ആരോപിക്കുന്ന ബിജുവിന്റെ പേരിലേക്ക് എഴുതി വാങ്ങുകയായിരുന്നു. സ്ഥലത്തിന് പുറമേ ബ്ലാങ്ക് മുദ്രപേപ്പറില്‍ ഒപ്പിട്ട് വാങ്ങുകയും ചെയ്തു. ഇതിനിടയില്‍ മുദ്രപേപ്പറിന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച ഗൗരിയെ കൃഷ്ണപ്രസാദ് ദേഹോപദ്രവമേല്‍പ്പിക്കുകയും, മാനഹാനി വരുത്തുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് ജനുവരി 13-ാം തിയതി പ്രശ്‌നം പറഞ്ഞ് തീര്‍പ്പാക്കാമെന്ന് പറഞ്ഞ് ഗൗരിയെയും, രാജശ്രീയെയും, ലക്ഷ്മിയെയും, ലക്ഷ്മിയുടെ ഭര്‍ത്താവ് വരുണ്‍കുമാറിനെയും കേസിലെ ആറാം പ്രതിയായ തോമസ് പാറക്കലിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി. പിന്നീട് ഒന്നാം പ്രതി കിഷോറിന്റെ സ്ഥാപനത്തില്‍നിന്നും തട്ടിയെടുത്ത പണം വരുണ്‍കുമാറിന്റെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും, കേസ് കൊടുത്താല്‍ വരുണ്‍കുമാറിന് വിദേശത്തേക്ക് പോവാന്‍ സാധിക്കില്ലെന്നും പറഞ്ഞ് പ്രതികള്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതില്‍ നിന്ന് ഒഴിവാക്കുന്നതിനായി വരുണ്‍കുമാറിന്റെ ഉടമസ്ഥതയിലുള്ള 50 ലക്ഷം രൂപ വിലമതിക്കുന്ന 3.5 സെന്റ് സ്ഥലം വേലായുധന്‍ എന്നയാളുടെ പേരിലേക്കും പ്രതികള്‍ എഴുതിവാങ്ങിയെന്നും പരാതിയില്‍ പറയുന്നു. കേസിലെ ഒന്നാം പ്രതി കിഷോറിന്റെ ദ്രോണി സ്ഥാപനത്തിലെ ടെലി മാര്‍ക്കറ്റിംഗ് ജീവനക്കാരിയായിരുന്നു പരാതിക്കാരിയായ ഗൗരിയുടെ അമ്മ രാജശ്രീ. ഇതേ സ്ഥാപനത്തില്‍ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് കിഷോര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ജനുവരി 15ന് രാജശ്രീയെയും മകള്‍ ലക്ഷ്മിയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള കമ്പനിയുടെ ഉപഭോക്താക്കളില്‍ നിന്ന് ഉപകരണങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്തും, ഉപകരണങ്ങള്‍ മോഷ്ടിച്ച് നല്‍കിയും, വ്യാജരേഖ നിര്‍മ്മിച്ചും ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്തു എന്നായിരുന്നു കേസ്.

 

Back to top button
error: Content is protected !!