വര്‍ണ്ണവിസ്മയം തീര്‍ത്ത് നിരത്തുകളില്‍ പ്ലാസ്റ്റിക് മഴക്കോട്ടുകള്‍ തരംഗമാകുന്നു

മൂവാറ്റുപുഴ: മഴപെയ്യുമ്പോള്‍ നിരത്തുകളില്‍ മിന്നിത്തിളങ്ങി മാരിവില്‍ വര്‍ണ്ണങ്ങളിലുള്ള മഴക്കോട്ടുകള്‍. 100 രൂപ വിലയുള്ള പ്ലാസ്റ്റിക് മഴക്കോട്ടുകളാണ് ഈ മഴക്കാലത്തും താരമായിരിക്കുന്നത്. മഴക്കാലത്ത് വിലകൂടിയ മഴക്കോട്ടുകളെക്കാള്‍ ഇരുചക്ര വാഹന യാത്രക്കാര്‍ കൂടുതലായും ആശ്രയിക്കുന്നത് പലവിധ വര്‍ണങ്ങളിലുള്ള പ്ലാസ്റ്റിക് മഴക്കോട്ടുകളാണ്.വിലകൂടിയ ബ്രാന്‍ഡഡ് കമ്പനികളുടെ മഴക്കോട്ടുകള്‍ ലഭ്യമാണെങ്കിലും മൂവാറ്റുപുഴക്കാര്‍ക്കും പ്രിയം നൂറുരൂപയുടെ പ്ലാസ്റ്റിക് മഴക്കോട്ടുകളോടാണ്. പച്ചയും, മഞ്ഞയും, ഓറഞ്ചും നിറങ്ങളിലുള്ള കോട്ടകളാണ് നിരത്തുകളില്‍ അധികവും കാണാന്‍ സാധിക്കുന്നത്. കനം കുറവായതിനാലും, മടക്കിക്കൊണ്ട് നടക്കാനും, ഉപയോഗശേഷം സൂക്ഷിക്കാനും വളരെ സൗകര്യപ്രദമാണെന്നതും ഇത്തരം മഴക്കോട്ടുകള്‍ക്ക് പ്രിയമേറുന്നു. വിലകൂടിയ കോട്ടകള്‍ വലിയ മഴയുള്ളപ്പോള്‍ ചോര്‍ന്ന് വസ്ത്രങ്ങള്‍ നനയ്ക്കുമെന്നുള്ളതും വില കുറഞ്ഞ പ്ലാസ്റ്റിക് കോട്ടുകളെ ജനപ്രിയമാക്കി. കാല്‍നടയാത്രക്കാരും, വിവിധ തൊഴിലില്‍ ഏര്‍പ്പെടുന്നവരും, വിദ്യാര്‍ത്ഥികളും കുടയ്ക്ക് പകരം ഇപ്പോള്‍ ഈ 100 രൂപ കൂട്ടക്കളെ ആശ്രയിച്ചു തുടങ്ങി. നഗരത്തിലെ ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളിലും പ്ലാസ്റ്റിക് മഴകോട്ടുകള്‍ ലഭ്യമാണ്. എന്നാല്‍ ഏറെ കാലം ഉപയോഗിക്കാന്‍ സാധിക്കാത്ത ഇത്തരം മഴക്കോട്ടുകളുടെ അതിപ്രസരം പ്രകൃതിക്ക് വന്‍ ഭീഷണി ആകുമെന്ന് ആശങ്കയിലാണ് പരിസ്ഥിതി സ്‌നേഹികള്‍.

Back to top button
error: Content is protected !!