എം.എല്‍.എയും പഞ്ചായത്തംഗവും അണിനിരന്ന ബാഡ്മിന്റണ്‍ പോരാട്ടത്തോടെ ഗാന്ധിഗ്രാം കോളനിക്കാരുടെ സ്വപ്നം യാഥാര്‍ത്ഥ്യമായി

കോലഞ്ചേരി: എം.എല്‍.എ.യും പഞ്ചായത്തംഗവും അണിനിരന്ന ബാഡ്മിന്റണ്‍ പോരാട്ടത്തോടെ ഗാന്ധിഗ്രാം കോളനിക്കാരുടെ ചിരകാല സ്വപ്നം പൂവണിഞ്ഞു. ഉദ്ഘാടകനായെത്തിയ പി.വി.ശ്രീനിജിന്‍ എം.എല്‍.എയും അതിഥിയായെത്തിയ മഴുവന്നൂര്‍ പഞ്ചായത്തംഗം ജോര്‍ജ് ഇടപ്പരത്തിയും തമ്മിലാണ് ബാഡ്മിന്റണ്‍ പോരാട്ടം കാഴ്ചവച്ചത്. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മഴുവന്നുര്‍ പഞ്ചായത്തിലെ വീട്ടൂര്‍ ഗാന്ധിഗ്രാം കോളനിയിലെ ബാഡ്മിന്റണ്‍ കോര്‍ട്ട്, ഓപ്പണ്‍ സ്റ്റേഡിയമുള്‍പ്പെടെയുള്ളവയുടെ ഉദ്ഘാടന വേദിയാണ് ജനപ്രതിനിധികളുടെ സൗഹൃദ മത്സരത്തിന് വേദിയായത്. പട്ടികജാതി വികസന വകുപ്പില്‍ നിന്ന് അനുവദിച്ച 50 ലക്ഷം മുടക്കിയാണ് സ്റ്റേഡിയം പൂര്‍ത്തിയാക്കിയത്.സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം പി.വി.ശ്രീനിജിന്‍ എം.എല്‍ എ.നിര്‍വഹിച്ചു. കുന്നത്തുനാട്ടിലെ കോളനികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള നിരവധി പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പഞ്ചായത്തംഗം ജോര്‍ജ് ഇടപ്പരത്തി അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ ടി.എന്‍ സാജു ,ദിനേശ് ടി.സി, സി.കെ വീരാന്‍, മനു മാധവന്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ് സൂപ്രണ്ട് ജെയിംസ് ,ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ സോഫിയമോള്‍ എസ്, നിര്‍മ്മിതി കേന്ദ്ര പ്രൊജക്ട് മാനേജര്‍ ജെയിസണ്‍ ജോസഫ്, ഓവര്‍സിയര്‍ ബിജി ടി.വി മോണിറ്ററിങ്ങ് കമ്മറ്റിയംഗം അംബിക ശശി,കോണ്‍ട്രാക്ടര്‍ എല്‍ദോ ഏലിയാസ് എന്നിവര്‍
പ്രസംഗിച്ചു.കോളനിയുടെ അകത്തുള്ള ഒരേക്കര്‍ സ്ഥലത്താണ് ഓപ്പണ്‍ സ്റ്റേഡിയം, ബാഡ്മിന്റണ്‍ കോര്‍ട്ട്, വാക്ക് വേ,ഓഫീസ് റൂം, ടോയ്‌ലറ്റ് എന്നിവയടക്കം നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

 

Back to top button
error: Content is protected !!