കോക്ലിയാർ ഇംപ്ലാൻറേഷൻ സർജറി കഴിഞ്ഞ കുട്ടികളോടുള്ള സർക്കാരിന്റെ അവഗണന പ്രതിഷേധാർഹം-ഡീൻ കുര്യാക്കോസ് എം.പി

 

മൂവാറ്റുപുഴ: കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ആരംഭിച്ച ശ്രുതിതരംഗം പദ്ധതിയിലൂടെ സൗജന്യമായി കോക്ലിയാർ ഇംപ്ലാൻറേഷൻ സർജറി നടത്തിയ കുട്ടികൾക്ക് അവരുടെ ശരിരത്ത് ഘടിപ്പിച്ചിരിക്കുന്ന ശ്രവണ ഉപകരണങ്ങളുടെ മെയിന്റനൻസും, റിപ്ലെയിസ്മെൻറ്റും നടക്കാത്തതുമൂലം അനുഭവിക്കുന്ന ഗുരുതരമായ

 

ശാരീരിക മാനസിക ബൗദ്ധികപരമായ പ്രശ്നങ്ങളും സംസ്ഥാന സർക്കാർ മനസിലാക്കാത്തതും അവരോടുള്ള അവഗണനയും പ്രതിഷേധാർഹമെന്ന് ഡീൻ കുര്യാക്കോസ് എം.പി. പാവപ്പെട്ട കുടുംബങ്ങളിലെ ഈ കുട്ടികൾക്ക് വലിയ പണച്ചെലവുള്ള ശ്രവണ സഹായ ഉപകരണങ്ങളുടെ മെയിന്റനൻസും റിപ്ലെയിസ്മെൻറ്റും താങ്ങാനാവുന്നതല്ല. വിവിധ ജില്ലാ പഞ്ചായത്തുകൾ അവരുടെ വാർഷിക പദ്ധതിയിൽ ഇതിനായി തുക വകയിരുത്തുകയും അവർ ഇക്കാര്യം നടപ്പിലാക്കാൻ നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നതാണ്. എന്നാൽ ഇതിന് കേന്ദ്രീകൃതമായ സ്വഭാവം ഉണ്ടാകണം എന്ന് പറഞ്ഞു സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കുകയും സാമൂഹ്യ സുരക്ഷാ മിഷനെ ചുമതലപ്പെടുത്തുകയും ജില്ലാ പഞ്ചായത്തുകൾ വകയിരുത്തിയ തുക മുഴുവൻ സാമൂഹിക സുരക്ഷാ മിഷൻന്റെ അക്കൗണ്ടിലേക്ക് കൈമാറുകയും ചെയ്തിരുന്നു.

എന്നാൽ നാളിതുവരെ സംസ്ഥാനത്ത് ഒരു കുട്ടിക്ക് പോലും ഇതിന്റെ സഹായം ലഭിച്ചില്ല എന്നത് വളരെയധികം വേദനയുളവാക്കുന്നതാണെന്ന് എംപി. പറഞ്ഞു. കൊറോണയുടെ പേരിൽ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് മാറ്റി വയ്ക്കാവുന്ന സംഗതിയല്ല ദിവസേന വിവിധ മാധ്യമങ്ങളിലും ടെലിഫോണിലൂടെ കോക്ലിയാർ ഇംപ്ലാൻറേഷൻ കഴിഞ്ഞ കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും വേദനയുടെ നേർചിത്രങ്ങൾ നമുക്ക് കാണാൻ കഴിയുന്നുണ്ട്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ശ്രീ. ഉമ്മൻചാണ്ടി പ്രത്യേക താൽപര്യമെടുത്ത് നടപ്പിലാക്കിയ പദ്ധതി എന്ന നിലയിൽ ഇതിനെ രാഷ്ട്രീയമായി കാണരുതെന്നും എം.പി ആവശ്യപ്പെട്ടു. കേൾവിയുടെ ലോകത്തിലേക്ക് മടങ്ങിവന്ന രണ്ടായിരത്തോളം വരുന്ന കുട്ടികളെ വീണ്ടും നിശബ്ദരും നിരാലംബരും നിഷ്ക്രീയരും ആക്കുവാൻ സർക്കാരിന്റെ അലംഭാവം ഇടയാക്കരുതെന്നും മനുഷ്യത്വവും മാനവികതയും പ്രവർത്തിയിലൂടെ തെളിയിക്കാൻ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ടെന്നും എം.പി. കൂട്ടിച്ചേർത്തു.

Back to top button
error: Content is protected !!