മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്….

10. 5. 21

 

 

സംസ്ഥാനത്ത് ഇന്ന് 27487 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 99748 പരിശോധനകളാണ് നടന്നത്. മരണ സംഖ്യ: 65
419726 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.

കഴിഞ്ഞ മൂന്ന് ദിവസത്തെ ശരാശരി എടുക്കുമ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അൽപം കുറഞ്ഞിട്ടുണ്ട്.
സംസ്ഥാനത്ത് 50 ശതമാനത്തിന് മുകളിൽ ടി.പി. അർ ഉള്ള 72 പഞ്ചായത്തുകൾ ഉണ്ട്. മുന്നൂറിലധികം പഞ്ചായത്തുകളിൽ 30 ശതമാനത്തിന് മുകളിലാണ് അത്. 500 മുതൽ 2000 വരെ ആക്റ്റീവ് കേസ് ലോഡ് ഉള്ള 57 പഞ്ചായത്തുകൾ ഉണ്ട് .

എറണാകുളം ജില്ലയിൽ 50 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഉള്ള 19 പഞ്ചായത്തുകൾ ഉണ്ട്. ഇത് ഗൗരവമേറിയ സാഹചര്യമാണ്.
കണ്ണൂർ, തിരുവന്തപുരം, എറണാകുളം ജില്ലകളിൽ രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടുതലായി തന്നെ തുടരുന്നു. ഈ ജില്ലകളിൽ കൂടുതൽ ശക്തമായ പ്രധിരോധ പ്രവർത്തനങ്ങൾ നടത്തണം. മറ്റ് ജില്ലകളിൽ പതുക്കെ കുറഞ്ഞുവരുന്നുണ്ട്.

മെയ് 15 വരെ 450 മെട്രിക് ടൺ ഓക്സിജൻ ആവശ്യമായി വരും എന്നതാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ.
ഓക്സിജൻ വേസ്റ്റേജ് കുറക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആവശ്യത്തിലധികം ഓക്സിജൻ ഉപയോഗിക്കുന്നതായി റിപ്പോർട്ട് ഉണ്ട്. അത് പരിശോധിക്കുന്നതാണ്. എല്ലാ ജില്ലകളിലും ടെക്ക്നിക്കൽ ടീം ഇത് പരിശോധിച്ച് അവശ്യമായ നടപടി സ്വീകരിക്കും.
കേന്ദ്ര സർക്കാർ 3 ഓക്സിജൻ പ്ലാന്റുകൾ കൂടി അനുവദിച്ചിട്ടുണ്ട്. കൂടുതൽ ഡോക്ടർമാരെയും, പാരാമെഡിക്കൽ സ്റ്റാഫിനെയും താൽക്കാലികമായി നിയമിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. റിട്ടയർ ചെയ്ത ഡോക്ടർമാരെയും ലീവ് കഴിഞ്ഞ ഡോക്ടർമാരെയും ഇത്തരത്തിൽ ഉപയോഗിക്കാം. ആരോഗ്യപ്രവർത്തകരുടെ അഭാവം ഉണ്ടാകാതിരിക്കാൻ ആരോഗ്യവകുപ്പ് അടിയന്തര നടപടി സ്വീകരിക്കും. ഡോക്ടർമാരെയും നഴ്സുമാരെയും ആവശ്യാനുസരണം താൽക്കാലികമായി നിയമിക്കും. പഠനം പൂർത്തിയാക്കിയവരെ സേവനത്തിലേക്ക് കൊണ്ട് വരണം.
സി എഫ് എൽ റ്റിസികൾ, സി.എൽ.ടി. സികൾ ഡിസിസികൾ എന്നിവ ഇല്ലാത്തിടത്ത് ഉടനെ സ്ഥാപിക്കണം. വാർഡ് തല സമിതികൾ ശക്തമാക്കാൻ നടപടി സ്വീകരിക്കുകയാണ്.

പൾസ് ഓക്സി മീറ്റർ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാൻ നടപടി എടുക്കും. അതിനുള്ള എല്ലാ സാധ്യതയും തേടും. സ്റ്റാർട്ടപ്പുകളെയടക്കം ബന്ധപ്പെടും.

റംസാൻ പ്രമാണിച്ച് ഹോം ഡെലിവറി സൗകര്യം ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതിനായി പ്രത്യേക മൊബൈൽ ആപ്പ് കൊല്ലത്ത് രൂപപ്പെടുത്തിയിട്ടുണ്ട്. ആ മാതൃക സംസ്ഥാനത്താകെ വ്യാപകമാക്കുന്നത് ഗുണകരമാവും.

മത്സ്യ ലേലത്തിന്റെ കാര്യത്തിൽ ആൾക്കൂട്ടം ഇല്ലാത്ത രീതിയിൽ നേരത്തെ ഉണ്ടാക്കിയ ക്രമീകരണം തുടരും.

സംസ്ഥാന സർക്കാർ വാങ്ങാൻ തീരുമാനിച്ച ഒരു കോടി കോവിഷീൽഡ് വാക്സിനിൽ 3 .5 ലക്ഷം ഡോസ് വാക്സിനുകൾ ഇന്ന് സംസ്ഥാനത്ത് എത്തി. ഗുരുതരമായ രോഗം ബാധിച്ചവർ, വീടുകളിൽ എത്തുന്ന വാർഡ്‌തല സമിതികളിലെ സന്നദ്ധ പ്രവർത്തകർ, മാധ്യമ പ്രവർത്തകർ, സന്നദ്ധ സേന വളണ്ടിയർമാർ, തുടങ്ങിയ മുൻഗണനാ ഗ്രൂപ്പിനാണ് ആദ്യം വാക്സിൻ നൽകുക.

161 പഞ്ചായത്തുകളിൽ ഇപ്പോൾ കുടുംബശ്രീ ഹോട്ടലുകൾ ഇല്ല. ഈ പഞ്ചായത്തുകളിൽ കമ്മ്യൂണിറ്റി കിച്ചൻ ആരംഭിക്കേണ്ടി വരും. മറ്റിടങ്ങളിൽ കുടുംബശ്രീ ഹോട്ടലുകൾ വഴി ഭക്ഷണം നൽകും. ആർക്കും ഭക്ഷണം കിട്ടാത്ത അവസ്ഥ ഉണ്ടാകരുതെന്ന് ബന്ധപ്പെട്ട വകുപ്പുകളോട് നിർദേശിച്ചു.

കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് ചിലവാകുന്ന തുക പഞ്ചായത്തുകൾക്ക് അവരുടെ പ്ലാൻ ഫണ്ടിൽ നിന്നും ഉപയോഗിക്കാം. അതിനുള്ള തദ്ദേശ വകുപ്പിന്റെ ഉത്തരവ് നിലവിൽ ഉണ്ട്. അതനുസരിച്ചു പണം ചിലവഴിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിയും. പൈസയില്ലാത്തത് കൊണ്ട് ആവശ്യമായ കാര്യങ്ങൾ ചെയ്യാൻ കഴിയാത്ത അവസ്ഥയുണ്ടാകരുത്.

ഇവിടെ ഒരു കാര്യം ആവർത്തിച്ചു പറയാനുള്ളത് ലോക്ക് ഡൌൺ സമയത്ത് അനാവശ്യമായി പുറത്തിറങ്ങരുത് എന്ന് തന്നെയാണ്. മരണം അടക്കമുള്ള അത്യാവശ്യ കാര്യങ്ങൾക്ക് യാത്ര ചെയ്യാൻ വേഗത്തിൽ അനുമതി നൽകുന്നതിന് സംവിധാനമൊരുക്കും.

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കുന്നുണ്ട്. കോവിഡ് വ്യാപനത്തിന്റെ ഗൗരവം മനസിലാക്കിയ പൊതുജനങ്ങൾ വളരെ ക്രിയാത്മകമായാണ് പ്രതികരിക്കുന്നത്. പ്രധാന റോഡുകളിലെല്ലാം പൊലീസിന്റെ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. അവശ്യ സർവീസ് വിഭാഗങ്ങൾ തടസമില്ലാതെ പ്രവർത്തിക്കുന്നു.
അവശ്യസാധനങ്ങൾ വാങ്ങുന്നതിനു പുറത്തിറങ്ങുന്നതിന് അനുവാദമുണ്ടെങ്കിലും ഇതു ദുരുപയോഗം ചെയ്യുന്നവർക്കെതിരേ പൊലീസ് കർശന നടപടി സ്വീകരിക്കും.

അവധിദിനമായ ഇന്നലെ 16,878 പോലീസ് ഉദ്യോഗസ്ഥരെയാണ് നിരത്തുകളിൽ നിയോഗിച്ചിരുന്നതെങ്കിൽ ഇന്ന് 25,000 പേരാണ് ആ ജോലി ചെയ്യുന്നത്.
അത്യാവശ്യഘട്ടങ്ങളിൽ യാത്ര ചെയ്യുന്നതിനായി ഓൺലൈൻ പാസ് നൽകുന്ന പോലീസ് സംവിധാനം ശനിയാഴ്ച നിലവിൽ വന്നു. പ്രവർത്തനക്ഷമമായി 12 മണിക്കൂറിനകം ഒരു ലക്ഷം അപേക്ഷകളാണ് ലഭിച്ചത്. ഇത്രയും അപേക്ഷകർക്ക് പാസ് നൽകുന്നത് ലോക്ഡൗണിൻറെ ലക്ഷ്യത്തെത്തന്നെ പരാജയപ്പെടുത്തുന്നതാണ്. അതിനാൽ യാത്രയുടെ ഉദ്ദേശ്യം ശരിയായി വിലയിരുത്തി ആവശ്യത്തിന്റെ ഗൗരവസ്ഥിതി ബോധ്യപ്പെട്ട് മാത്രമേ പാസ് നൽകാവൂ എന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

അവശ്യസർവ്വീസ് വിഭാഗത്തിൽ പെടുത്തിയിട്ടുളളവർക്ക് അതത് സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡ് ഉണ്ടെങ്കിൽ പാസ് വേണ്ട. ദിവസേന യാത്രചെയ്യേണ്ടിവരുന്ന വീട്ടുജോലിക്കാർ, ഹോംനഴ്സുമാർ, തൊഴിലാളികൾ എന്നിങ്ങനെയുളളവർക്ക് സാധാരണഗതിയിൽ തിരിച്ചറിയൽ കാർഡ് ഉണ്ടാകണമെന്നില്ല. ഈ വിഭാഗത്തിൽപെട്ടവർ അപേക്ഷിച്ചാൽ മുൻഗണനാ അടിസ്ഥാനത്തിൽ പാസ് നൽകാൻ പോലീസിന് നിർദ്ദേശം നൽകി. തൊട്ടടുത്ത കടയിൽ നിന്ന് മരുന്ന്, ഭക്ഷണം, പാൽ, പച്ചക്കറികൾ എന്നിവ വാങ്ങാൻ പോകുമ്പോൾ സത്യവാങ്മൂലം കൈയ്യിൽ കരുതിയാൽ മതി.

ലോക്ഡൗൺ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ മുൻപന്തിയിൽ നിൽക്കുന്ന പോലീസ് സേനാംഗങ്ങളിൽ പലരും രോഗബാധിതരാകുന്നുണ്ട്. നിലവിൽ 1259 പോലീസ് ഉദ്യോഗസ്ഥരാണ് രോഗബാധിതരായിട്ടുളളത്. ഇതിൽ പരമാവധിപേരും വീടുകളിൽ തന്നെയാണ് കഴിയുന്നത്. അവർക്ക് മെഡിക്കൽ സഹായം എത്തിക്കാൻ ആരോഗ്യവകുപ്പ് അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ പോലീസുകാർക്ക് പ്രത്യേക സി.എഫ്.എൽ.ടി.സി സൗകര്യം ഒരുക്കി. മറ്റ് ജില്ലകളിൽ ആവശ്യമുണ്ടെങ്കിൽ സി.എഫ്.എൽ.ടി.സി സൗകര്യം ഒരുക്കാൻ ജില്ലാതല ദുരന്ത നിവാരണ അതോറിറ്റിക്ക് നിർദ്ദേശം നൽകി.

കോവിഡ് ഒന്നാമത്തെ തരംഗത്തിൽ നമുക്ക് മുൻപിലുണ്ടായിരുന്ന വഴികൾ രോഗം പടരാതെ നോക്കുക എന്നതും, രോഗബാധിതരാകുന്നവർക്ക് മികച്ച ചികിത്സ ലഭ്യമാക്കുക എന്നതുമായിരുന്നു. അവ ഫലപ്രദമായി നടപ്പിലാക്കിയതുകൊണ്ടാണ് രോഗബാധ 11 ശതമാനത്തോളം ആളുകളിൽ ഒതുക്കാനും, മരണനിരക്ക് വളരെ കുറഞ്ഞ തോതിൽ നിലനിർത്താനും സാധിച്ചത്.
രണ്ടാമത്തെ തരംഗം കൂടുതൽ തീവ്രമായതിനാൽ, കൂടുതൽ ശക്തമായി മുൻകരുതൽ മാനദണ്ഡങ്ങൾ നടപ്പിലാക്കുകയാണ്. ഡബിൾ മാസ്കിങ്ങ്, അല്ലെങ്കിൽ എൻ 95 മാസ്കുകൾ എല്ലാവരും ശീലമാക്കുക, അകലം പാലിക്കുക, കൈകൾ ശുചിയാക്കുക എന്നീ കാര്യങ്ങൾ പാലിക്കാനും, അടഞ്ഞ സ്ഥലങ്ങൾ, ആൾക്കൂട്ടം, അടുത്തിടപെടലുകൾ എന്നിവ ഒഴിവാക്കാനും പ്രത്യേക ജാഗ്രത തന്നെ പുലർത്തണം.
ആരോഗ്യസംവിധാനങ്ങളുടെ കപ്പാസിറ്റി ഉയർത്തിയിട്ടുണ്ട്. ആ പ്രക്രിയ തുടരുകയും ചെയ്യുന്നു. എങ്കിലും രോഗവ്യാപനം കൂടുതൽ കരുത്താർജ്ജിക്കുന്ന സാഹചര്യത്തിൽ അതീവ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ ആരോഗ്യസംവിധാനങ്ങൾക്ക് കൈകാര്യം ചെയ്യാൻ സാധിക്കാത്ത വിധത്തിലുള്ള സാഹചര്യം വന്നേക്കാം.
അതുകൊണ്ടു കൂടിയാണ് ലോക്ഡൗൺ നടപ്പിലാക്കിയിരിക്കുന്നത്.

ഒന്നാമത്തെ ലോക്ഡൗണും ഇപ്പോൾ നടപ്പിലാക്കുന്ന ലോക്ഡൗണും തമ്മിൽ വ്യത്യാസങ്ങളുണ്ട്. ആദ്യത്തെ ലോക്ഡൗൺ പ്രിവൻ്റീവ് ലോക്ക്ഡൗൺ ആയിരുന്നു. ആ ഘട്ടത്തിൽ രോഗം പ്രധാനമായും പുറത്തു നിന്നും വരുന്ന അവസ്ഥയായിരുന്നു. സമൂഹവ്യാപനം ഒഴിവാക്കാനായിരുന്നു ആ ലോക്ഡൗൺ വഴി ശ്രമിച്ചത്.

ഇപ്പോൾ നടപ്പിലാക്കുന്നത് എമർജൻസി ലോക്ഡൗൺ ആണ്. രോഗബാധ ഇവിടെത്തന്നെയുള്ള സമ്പർക്കം മൂലമാണിപ്പോൾ കൂടുതലായി ഉണ്ടാകുന്നത്. പ്രധാനമായും മരണങ്ങൾ കുറയ്ക്കുക എന്നതാണ് ഈ ലോക്ഡൗണിൻ്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ ഈ ലോക്ഡൗണിനുള്ളത് നമ്മുടെ ജീവൻ്റെ വിലയാണ് എന്നത് മറക്കാതിരിക്കുക.സ്വന്തം സുരക്ഷയ്ക്കും പ്രിയപ്പെട്ടവരുടെ നന്മയ്ക്കും ഈ ലോക്ഡൗൺ ഏറ്റവും ഫലപ്രദമായി നടപ്പാക്കുമെന്ന് നമ്മളോരോരുത്തരും തീരുമാനിക്കണം.

*സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നിരക്ക് നിശ്ചയിച്ചു*

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്ക് നിശ്ചയിച്ച് സർക്കാർ ഉത്തരവിറങ്ങിയിട്ടുണ്ട്. . ചില സ്വകാര്യ ആശുപത്രികൾ അമിത ഫീസ് ഈടാക്കുന്നുവെന്ന പരാതിയെത്തുടർന്നും ഹൈക്കോടതി ഇടപെടലിനെത്തുടർന്നും സ്വകാര്യ ആശുപത്രികളുമായി ചർച്ച നടത്തിയാണ് നിരക്കുകൾക്ക് അന്തിമ രൂപം നൽകിയത്.

കാസ്പ് പദ്ധതിയിൽ ഉൾപ്പെടുന്നവർക്കും സർക്കാർ റഫർ ചെയ്യുന്ന രോഗികൾക്കും സൗജന്യമായാണ് സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിൽ എംപാനൽ ചെയ്യപ്പെട്ട സ്വകാര്യ ആശുപത്രികളിൽ ചികിത്സ ലഭ്യമാക്കി വരുന്നത്. ഇതിന്റെ നിരക്കുകൾ സർക്കാർ നേരത്തെ തന്നെ നിശ്ചയിച്ചിരുന്നു. ഇതിന് പുറമേ സ്വകാര്യ ആശുപത്രികളിൽ നേരിട്ടെത്തുന്ന കോവിഡ് രോഗികൾക്കുള്ള ചികിത്സാ നിരക്കാണ് നിശ്ചയിച്ചത്.

എൻ.എ.ബി.എച്ച്. അക്രഡിറ്റേഷൻ ഇല്ലാത്ത ആശുപത്രികൾക്കും അക്രഡിറ്റേഷൻ ഉള്ള ആശുപത്രികളേയും തരംതിരിച്ചാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. എൻ.എ.ബി.എച്ച്. അക്രഡിറ്റേഷൻ ഇല്ലാത്ത ആശുപത്രികളിലെ ജനറൽ വാർഡ് 2645 രൂപ, എച്ച്.ഡി.യു. 3795 രൂപ, ഐ.സി.യു. 7800 രൂപ, വെന്റിലേറ്റർ ഉൾപ്പെടെയുള്ള ഐ.സി.യു. 13,800 രൂപ എന്നിങ്ങനേയാണ് നിരക്കുകൾ. എൻ.എ.ബി.എച്ച്. അക്രഡിറ്റേഷനുള്ള ആശുപത്രികളിലെ ജനറൽ വാർഡ് 2910 രൂപ, എച്ച്.ഡി.യു. 4175 രൂപ, ഐ.സി.യു. 8580 രൂപ, വെന്റിലേറ്റർ ഉൾപ്പെടെയുള്ള ഐ.സി.യു. 15,180 എന്നിങ്ങനേയാണ് നിരക്കുകൾ നിശ്ചയിച്ചിട്ടുള്ളത്.

രജിസ്‌ട്രേഷൻ ചാർജ്, ബെഡ് ചാർജുകൾ, നഴ്‌സിംഗ് ആന്റ് ബോർഡിംഗ് ചാർജുകൾ, ശസ്ത്രക്രിയാ വിദഗ്ധർ, അനസ്‌തെറ്റിസ്റ്റുകൾ, മെഡിക്കൽ പ്രാക്ടീഷണർ, കൺസൾട്ടന്റ് ചാർജുകൾ, അനസ്‌തേഷ്യ, ബ്ലഡ് ട്രാൻഫ്യൂഷൻ, ഓക്‌സിജൻ, മരുന്നുകൾ, അത്യാവശ്യ പരിശോധനകളായ എക്‌സ്‌റേ, യു.എസ്.ജി., ഹെമറ്റോളജി, പാത്തോളജി, പ്രീ ആന്റ് പോസ്റ്റ് ഹോസ്പിറ്റലൈസേഷൻ ചെലവുകൾ എന്നിവ ഉൾപ്പെടെയാണ് ഈ നിരക്കുകൾ.

ഹൈ എൻഡ് പരിശോധനകളായ സി.ടി. ചെസ്റ്റ്/ എച്ച്.ആർ.സി.ടി. ചെസ്റ്റ്, എന്നിവയെയും റെംഡെസിവിർ, ടൊസിലിസ്മാബ് തുടങ്ങിയ വിലകൂടിയ മരുന്നുകളെയും പി പി ഇ കിറ്റിനെയും പ്രതിദിന നിരക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇവയ്ക്ക് എം.ആർ.പി.യിൽ അധികരിക്കാതെയുള്ള തുക മാത്രമേ ഈടാക്കാൻ പാടുള്ളൂ എന്ന കർശന വ്യവസ്ഥയുണ്ട്. ഒരുദിവസം ജനറൽ വാർഡിൽ രണ്ട് പി.പി.ഇ. കിറ്റുകൾക്കും ഐ.സി.യു.വിൽ 5 പി.പി.ഇ. കിറ്റുകൾക്കും തുക ഈടാക്കുന്നതാണ്.

പി.പി.ഇ. കിറ്റ്, പൾസ് ഓക്‌സിമീറ്റർ, മാസ്‌കുകൾ, പോർട്ടബിൾ ഓക്‌സിജൻ സിലിണ്ടറുകൾ എന്നിവയ്ക്ക് അമിതവില ഈടാക്കാൻ പാടില്ല. അത്തരക്കാർക്കെതിരെ ജില്ലാ കളക്ടർ നടപടികൾ സ്വീകരിക്കേണ്ടതാണ്.

ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ പ്രകാരം എല്ലാ ആശുപത്രികളും രോഗികളിൽ നിന്നും ഈടാക്കുന്ന നിരക്കുകൾ ആശുപത്രിയിയ്ക്കകത്തും അവരുടെ സ്വന്തം വെബ് സൈറ്റിലും പ്രദർശിപ്പിക്കണം. ഈ വെബ്‌സൈറ്റ് കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് സ്റ്റേറ്റ് കൗൺസിലിന്റെ വെബ്‌സൈറ്റുമായി ലിങ്ക് ചെയ്യേണ്ടതാണ്. കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ പ്രകാരം ബന്ധപ്പെട്ട ജില്ലാ മെഡിക്കൽ ഓഫീസർ പരാതികൾ സ്വീകരിച്ച് നടപടികൾ സ്വീകരിക്കും. ഏതെങ്കിലും ആശുപത്രി നിശ്ചയിക്കപ്പെട്ട നിരക്കിനേക്കാൾ കൂടുതൽ ഈടാക്കുന്നതായി കണ്ടെത്തിയാൽ അവരിൽ നിന്നും ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ പ്രകാരം ജില്ലാ മെഡിക്കൽ ഓഫീസർ പത്തിരട്ടി പിഴ ഈടാക്കുന്നതാണ്. ഇതിന് പുറമേ 2005ലെ ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ട്, 2021ലെ കേരള എപിഡമിക് ഡിസീസസ് ഓർഡിനൻസ് തുടങ്ങിയ നിയമപ്രകാരം ജില്ലാ കളക്ടർമാർ തുടർ നടപടികൾ സ്വീകരിക്കും.

കോവിഡ് ചികിത്സയ്ക്കായി എത്തുന്ന രോഗികളെ എല്ലാ സ്വകാര്യ ആശുപത്രികളും അഡ്മിഷൻ പ്രോട്ടോക്കോളുകൾ കൃത്യമായി പാലിച്ച് ഉടൻതന്നെ പ്രവേശിപ്പിക്കേണ്ടതാണ്. പ്രവേശന സമയത്ത് ചികിത്സാ ഫീസിനത്തിൽ അഡ്വാൻസായി തുക ഈടാക്കരുത്. കോവിഡ് മാനേജ്‌മെന്റിനായി സർക്കാർ പുറപ്പെടുവിച്ച എല്ലാ ഉത്തരവുകളും സർക്കുലറുകളും മാർഗ നിർദേശങ്ങളും മുഴുവൻ സ്വകാര്യ ആശുപത്രികളും കർശനമായി പാലിക്കേണ്ടതാണ്.

*’ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്’*

കോവിഡ് രണ്ടാം തരംഗം സമൂഹത്തിനു മേൽ ഏല്പിക്കുന്ന മാനസിക സമ്മർദ്ദത്തിൻ്റെ തീവ്രത കുറയ്ക്കാൻ ‘ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്’ എന്ന സൈക്കോസോഷ്യൽ സപ്പോർട്ട് പ്രോഗ്രാം കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് സർക്കാർ. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആരംഭിച്ച സൈക്കോസോഷ്യൽ സപ്പോർട്ട് ടീം വളരെ പ്രധാനപ്പെട്ട സേവനമാണ് നൽകി വരുന്നത്. ഓരോ ജില്ലയിലേയും മെൻ്റൽ ഹെൽത്ത് പ്രോഗ്രാം ടീമിൻ്റെ നേതൃത്വത്തിലാണ് ‘ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്’ പദ്ധതി നടപ്പിലാക്കുന്നത്. സൈക്യാട്രിസ്റ്റുകൾ, സൈക്കോളജിസ്റ്റുകൾ, സോഷ്യൽ വർക്കർമാർ, കൗൺസലർമാർ എന്നിവരെല്ലാം ഈ ടീമുകളുടെ ഭാഗമാണ്. ഏകദേശം 1400 പേർ ഈ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് പ്രവർത്തിച്ചു വരുന്നു. നിലവിലെ സാഹചര്യത്തിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്തി ടീം കൂടുതൽ വിപുലമാക്കുകയാണ്.

കോവിഡ് പോസിറ്റീവ് ആകുന്നവരുടെ ലിസ്റ്റ് ഓരോ ജില്ലയിലേയും ടീമുകൾക്ക് കൈമാറുന്നു. അവിടെ നിന്നും പോസിറ്റീവ് ആകുന്ന ഓരോ വ്യക്തിയേയും പ്രോട്ടോക്കോൾ പ്രകാരം നേരിട്ടു വിളിക്കുകയും, അവർ നേരിടുന്ന മാനസികമായ ബുദ്ധിമുട്ടുകളോ ആവശ്യങ്ങളോ ചോദിച്ചറിയുകയും ചെയ്യുന്നു. മാനസിക ബുദ്ധിമുട്ട് നേരിടുന്നു എന്ന് കണ്ടാൽ രണ്ടാമത്തെ കോളിൽ സൈക്യാട്രിസ്റ്റ് നേരിട്ട് സംസാരിച്ച് പരിഹാരം നിർദേശിക്കും. മരുന്നുകൾ ആവശ്യമായി വരികയാണെങ്കിൽ തൊട്ടടുത്തുള്ള പി.എച്.സി വഴി അവർക്ക് അതെത്തിക്കാനുള്ള നടപടിയും സ്വീകരിക്കും. മറ്റു ആവശ്യങ്ങൾ ഐസിഡിഎസ്, തദ്ദേശഭരണസ്ഥാപനങ്ങൾ എന്നിവ വഴിയും നിറവേറ്റാൻ ഈ പദ്ധതിയിലൂടെ ശ്രമിക്കുന്നു. കോവിഡ് രോഗവിമുക്തരായവരെ 20 ദിവസങ്ങൾക്ക് ശേഷം പോസ്റ്റ് കോവിഡ് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ടോ എന്നു തിരക്കുന്നതിനായും കോളുകൾ ചെയ്യുന്നുണ്ട്.

കോവിഡ് ബാധിതരായവർക്ക് പുറമേ മാനസികരോഗമുള്ളവർ, ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾ, വയോജനങ്ങൾ തുടങ്ങിയ പിന്തുണ ആവശ്യമുള്ളവരേയും ഈ പദ്ധതി വഴി അങ്ങോട്ടു ബന്ധപ്പെടുന്നുണ്ട്. മദ്യം ലഭ്യമല്ലാത്ത സാഹചര്യങ്ങൾ ഉണ്ടാകുന്നതിനാൽ മദ്യപാനാസക്തി ഉള്ളവരുടെ ചികിത്സയുടെ ഏകോപനവും സൈക്കോസോഷ്യൽ സപ്പോർട്ട് ടീം നിർവഹിക്കുന്നു. 74,087 ഭിന്നശേഷി കുട്ടികൾക്കും, മനോരോഗ ചികിത്സയിൽ ഇരിക്കുന്ന 31,520 പേർക്കും ഇത്തരത്തിൽ സേവനം ലഭ്യമാക്കിയിട്ടുണ്ട്. വിദ്യാലയങ്ങൾ അടഞ്ഞു കിടക്കുന്നതിനാൽ കഴിഞ്ഞ വർഷം ജൂൺ മാസം മുതൽ സ്കൂൾ കുട്ടികളേയും സൈക്കോ സോഷ്യൽ സപ്പോർട്ട് ടീം ബന്ധപ്പെടുന്നുണ്ട്. 7.12 ലക്ഷം സ്കൂൾ കുട്ടികളേയാണ് ഇതുവരെ വിളിച്ചത്. അതിൽ 73,723 കുട്ടികൾക്ക് കൗൺസിലിംഗ് നൽകി വരുന്നു.

പുതുതായി ആരോഗ്യപ്രവർത്തകർക്കു വേണ്ടിയുള്ള ഹെല്പ്ലൈനും ആരംഭിച്ചു. ഏകദേശം 64000 കോളുകൾ ആരോഗ്യപ്രവർത്തകരുടെ മാനസികാരോഗ്യം ഉറപ്പുവരുത്തുന്നതിനായി വിളിച്ചു കഴിഞ്ഞു. അവർക്കാവശ്യമുള്ള സ്ട്രെസ് മാനേജ്മെൻ്റ് ക്ളാസുകൾ സംസ്ഥാന അടിസ്ഥാനത്തിലും ജില്ലാ അടിസ്ഥാനത്തിലും നൽകി വരികയും ചെയ്യുന്നു.

ഇതുവരെ 83 ലക്ഷം കോളുകളിലൂടെ 52 ലക്ഷം പേർക്കാണ് ‘ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്’ പദ്ധതി സേവനം നൽകിയത്. എല്ലാ ജില്ലകളിലും മാനസികാരോഗ്യ പരിപാടിയുടെ കീഴിൽ സൈക്കോ സോഷ്യൽ ഹെൽപ് ലൈൻ നമ്പറുകൾ ലഭ്യമാണ്. ഇതിന് പുറമേ സംസ്ഥാന അടിസ്ഥാനത്തിൽ ദിശ ഹെൽപ് ലൈൻ 1056, 0471 2552056 എന്നീ നമ്പറുകളിൽ 24 മണിക്കൂറും സേവനം ലഭ്യമാണ്

*പ്രധാനമന്ത്രിക്ക് കത്ത്*

കോവിഡിന്റെ രണ്ടാമത്തെ തരംഗത്തെ അതിജീവിക്കാൻ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നടപടികൾ വ്യക്തമാക്കിക്കൊണ്ട് പ്രധാന മന്ത്രിക്ക് ഇന്ന് കത്ത് അയച്ചു.

കോവിഡ് പ്രതിരോധത്തിൽ കേരളം എപ്രകാരം കേന്ദ്രവുമായി സഹരിക്കുന്നുണ്ട് എന്നതും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായി സെൻട്രൽ അലോക്കേഷൻ കമ്മിറ്റിയുടെ ആവശ്യപ്രകാരം കേരളത്തിനു പുറത്ത് ആവശ്യമായ ഇടങ്ങളിലേക്കൊക്കെ കേരളം റെംഡെസിവിർ ലഭ്യമാക്കുന്നുണ്ട്.
ഈ ഘട്ടത്തിൽ ആവശ്യമായ ഓക്സിജൻ ഉറപ്പുവരുത്താൻ കേരളം പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.

പ്രതിദിനം 219 മെട്രിക് ടൺ ആണ് നമ്മുടെ ഉത്പാദനം. ഇത് ഒട്ടും തന്നെ ചോർന്നുപോകാതെയും അനാവശ്യ ഉപയോഗം ഇല്ലെന്ന് ഉറപ്പുവരുത്തിയും ഉള്ള സ്റ്റോക്കിന്റെ ഉത്തമ ഉപഭോഗം സംസ്ഥാനത്ത് സാധ്യമാക്കിയിട്ടുണ്ട്.
ദേശീയ ഗ്രിഡിൽ സമ്മർദ്ദം ചെലുത്താതെ ഇരിക്കത്തക്ക വിധത്തിൽ കേരളത്തിലെ ഓക്‌സിജന്റെ ബഫർ സ്റ്റോക്ക് 450 മെട്രിക് ടൺ ആയി ഉറപ്പുവരുത്തിയിരുന്നു. എന്നാൽ മറ്റു സംസ്ഥാനങ്ങളിലെ ആവശ്യം കണക്കിലെടുത്ത് നമ്മുടെ ബഫർ സ്റ്റോക്കിൽ നിന്ന് ആവശ്യാനുസരണം അവിടങ്ങളിലേക്ക് അയച്ചു കൊടുത്തു. അങ്ങനെ കേരളത്തിനകത്തും പുറത്തുമുള്ള കോവിഡ് രോഗികളെ സംസ്ഥാനം സഹായിക്കുന്നുമുണ്ട്.
അതുകൊണ്ടുതന്നെ ഇപ്പോൾ നമ്മുടെ ബഫർ സ്റ്റോക്ക് 86 മെട്രിക് ടൺ മാത്രമാണ്. മെയ് 6 നു ചേർന്ന കേന്ദ്ര ഓക്സിജൻ അലോക്കേഷൻ കമ്മിറ്റിയുടെ തീരുമാനപ്രകാരം മെയ് 10 വരെ തമിഴ്‌നാടിന് 40 മെട്രിക് ടൺ ഓക്സിജൻ ലഭ്യമാക്കും. എന്നാൽ, അതിനുശേഷം കേരളത്തിനു പുറത്തേക്ക് ഓക്സിജൻ കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണ് ഉണ്ടാവുക എന്ന് പ്രധാനമന്ത്രിയെ അറിയിച്ചു.

ആക്റ്റീവ് കേസുകൾ മെയ് 15 ഓടെ 6 ലക്ഷമായി ഉയർന്നേക്കാം എന്നാണ് അനുമാനിക്കപ്പെടുന്നത്. അങ്ങനെ വന്നാൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടി വരുന്നവരുടെ എണ്ണവും സ്വാഭാവികമായി ഉയരും. അപ്പോൾ 450 മെട്രിക് ടൺ ഓക്സിജൻ നമ്മുക്ക് ആവശ്യമായി വരും.

രാജ്യത്തുള്ള സ്റ്റീൽ പ്ലാന്റുകളിൽ നിന്ന് വളരെ അകലെ സ്ഥിതി ചെയ്യുന്ന സംസ്ഥാനം എന്ന നിലയ്ക്ക് അടിയന്തര ഘട്ടങ്ങളിൽ കേരളത്തിലേക്ക് മറ്റിടങ്ങളിൽ നിന്ന് ഓക്സിജൻ എത്തിക്കുക എന്നത് വിഷമകരമാവും. അതുകൊണ്ട് കേരളത്തിൽ പ്രതിദിനം ഉത്പാദിപ്പിക്കപ്പെടുന്ന 219 മെട്രിക് ടൺ ഓക്സിജനും കേരളത്തിന് അനുവദിക്കണം എന്നും അതിലുമധികമായി വേണ്ടി വരുന്നത് സ്റ്റീൽ പ്ലാന്റുകളിൽ നിന്ന് ലഭ്യമാക്കണം എന്നും ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ പൊതു സ്ഥിതി കണക്കിലെടുത്ത് കേന്ദ്ര സർക്കാർ എത്രയും വേഗം ക്രയോ ടാങ്കറുകൾ സംഭരിക്കണമെന്നും അവയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് ലിക്വിഡ് മെഡിക്കൽ ഓക്സിജൻ അനുവദിക്കണമെന്നും അത് എത്തിക്കാനായി തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലേക്ക് ഓക്സിജൻ എക്സ്പ്രസ് ട്രെയിനുകൾ ഓടിക്കണമെന്നും പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

*കെ എം എം എൽ ആശുപത്രി*

കൊവിഡ് ആശുപത്രി
കൊവിഡ് രോഗികളെ കിടത്തി ചികിത്സിക്കുന്നതിനായി പൊതുമേഖലാ വ്യവസായ സ്ഥാപനം കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ് (കെ എം എം എൽ) കൊവിഡ് ആശുപത്രി സജ്ജമാക്കുകയാണ്. കമ്പനിക്ക് സമീപത്തെ ചവറ ഗവൺമെന്റ് ഹയർസെക്കന്ററി സ്‌കൂളിലും, സ്‌കൂളിന്റെ ഗ്രൗണ്ടിലും, കമ്പനിക്ക് മുൻവശത്തെ ടൈറ്റാനിയം റിക്രിയേഷൻ ക്ലബ് പരിസരത്തുമാണ് ആരോഗ്യ വകുപ്പുമായി ചേർന്ന് കൊവിഡ് ആശുപത്രി തയ്യാറാക്കുന്നത്.

ആദ്യഘട്ടം ചവറ ഹയർസെക്കന്ററി സ്‌കൂളിൽ തയ്യാറാക്കിയ 100 ബെഡുകൾ ഇന്ന് ആരോഗ്യ വകുപ്പിന് കൈമാറി. കമ്പനിയിലെ ഓക്സിജൻ പ്ലാന്റിൽ നിന്ന് പൈപ്പ്ലൈൻ വഴി നേരിട്ടാണ് കൊവിഡ് ആശുപത്രിയിലേക്കുള്ള ഓക്സിജൻ ലഭ്യമാക്കുന്നത്.
അടുത്ത ദിവസങ്ങളിലായി സ്‌കൂളിലെ പഴയ കെട്ടിടങ്ങളിൽ സജ്ജമാക്കുന്ന 170 ബെഡുകളും കൈമാറും എന്നറിയിച്ചിട്ടുണ്ട്. .

സ്‌കൂൾ ഗ്രൗണ്ടിൽ തയ്യാറാക്കുന്ന ചികിത്സാ കേന്ദ്രം ഒരാഴ്ച്ചക്കകം ഒരുങ്ങും. ടെന്റ് നിർമ്മാണം ആരംഭിച്ചിട്ടുണ്ട്.
2020 ഒക്ടോബർ 10ന് ഉദ്ഘാടനം ചെയ്ത പ്ലാന്റിൽ നിന്ന് ദിനംപ്രതി ഉൽപാദിപ്പിക്കുന്ന ദ്രവീകൃത ഓക്സിജൻ 6 മുതൽ 7 ടൺവരെയാണ്. ഇതുവരെ ഉൽപാദിപ്പിച്ച 1200 ടണ്ണോളം ആരോഗ്യ മേഖലയ്ക്ക് വിതരണം ചെയ്തു. ഈ പ്ലാന്റിൽ മൂന്നുകോടിരൂപ ചെലവഴിച്ച് സാങ്കേതികവിദ്യയിൽ മാറ്റം വരുത്തി മെഡിക്കൽ ഓക്‌സിജൻ ഉൽപാദനം ദിവസവും 10 ടണ്ണാക്കി വർദ്ധിപ്പിക്കാനുള്ള അനുമതി നൽകിയിട്ടുമുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനുളളിൽ സംസ്ഥാനത്ത് മാസ്ക് ധരിക്കാത്ത 9,938 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 4,680 പേർക്കെതിരെയും നിയമനടപടി സ്വീകരിച്ചു. പിഴയായി 34,62,200 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയത്.

*വിദേശത്തു നിന്നുള്ള പ്രതികരണം*

കേരളത്തിലേക്ക് കോവിഡ് പ്രതിരോധ സാമ്രഗികൾ അയച്ചു തരാൻ പ്രവാസി മലയാളികൾ സന്നദ്ധരായി മുന്നോട്ട് വന്നുകൊണ്ടിരിക്കുകയാണ്.

*യുവജനക്ഷേമ ബോർഡ്*

ഈ പ്രത്യേക സാഹചര്യത്തിൽ വീടുകളിൽ നിന്ന് പുറത്തുപോയി മരുന്നുകൾ വാങ്ങുന്നത് പ്രയാസകരമായിരിക്കും. ഇത് പരിഹരിക്കുന്നതിന് കേരളസംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ ഒരു പ്രത്യേക സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കോൾസെന്ററുകളും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വോളണ്ടിയർമാരും അടങ്ങുന്ന സംഘവുമായി ബന്ധപ്പെട്ടാൽ മരുന്നുകൾ വാങ്ങി വിട്ടിലെത്തിച്ചു നൽകും. ഇവരുടെ ഫോൺ നമ്പരുകൾ സമൂഹമാധ്യമങ്ങൾ വഴി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവശ്യ സേവനങ്ങൾക്ക് ഇത്തരം ക്രമീകരണങ്ങളേർപ്പെടുത്തുന്നത് വഴി പൊതുജനങ്ങൾ പുറത്തിറങ്ങുന്നത് ഒരു പരിധിവരെ നിയന്ത്രിക്കാനാകും. ജില്ലാ ഓഫീസർ, ജില്ലാകോർഡിനേറ്റർ എന്നിവർക്കാണ് ഈ ടീമിന്റെ പൂർണ ചുമതല. അകന്നു നിൽക്കാം, അതിജീവിക്കാം – നമ്മളൊന്ന് എന്നാണ് ഈ ക്യാമ്പയിനിന്റെ മുദ്രാവാക്യം.

Back to top button
error: Content is protected !!