മാറാടി പഞ്ചായത്ത് അധികൃതരും, മൂവാറ്റുപുഴ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും തമ്മില്‍ കയ്യാങ്കളി

മൂവാറ്റുപുഴ: മാറാടി പഞ്ചായത്ത് അധികൃതരും, മൂവാറ്റുപുഴ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും തമ്മില്‍ കയ്യാങ്കളി. പഞ്ചായത്തില്‍ മഴക്കാലമായിട്ടും കുടിവെള്ള ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ബേബിയുടെ നേതൃത്വത്തില്‍ കക്ഷിരാഷ്ട്രീയമില്ലാതെ പ്രതിഷേധവുമായി രംഗത്തെത്തിയത്. മഴക്കാലമായിട്ടും പഞ്ചായത്തില്‍ കുടിവെള്ള ക്ഷാമം നേരിട്ടിട്ടും ആവശ്യമായ നടപടി സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് 130 ജംഗ്ഷനില്‍ പഞ്ചായത്ത് അധികൃതരും, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റവും, കയ്യാങ്കളിയും ഉണ്ടായത്. മാറാടി പഞ്ചായത്തിലേക്കുള്ള പ്രധാന കുടുവെള്ള പൈപ്പ് 130 ജംഗ്ഷനില്‍ തകര്‍ന്ന് കിടക്കാന്‍ തുടങ്ങിയിട്ട് നാല് നാള്‍ പിന്നിട്ടെങ്കിലും തുടര്‍ നടപടി സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റി തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തില്‍ ഉദ്യോഗസ്ഥരുടെ നിഷ്‌ക്രിയത്വത്തിനെതിരെ പ്രതിഷേധിക്കാനെത്തിയ പഞ്ചായത്ത് അധികൃതര്‍, 130 ജംഗ്ഷനിലെത്തിയ വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയറടക്കമുള്ള ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചു. ശക്തമായ മഴ ലഭിച്ചിട്ടും പഞ്ചായത്തില്‍ കുടിവെള്ള പ്രതിസന്ധി നേരിടുന്ന കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് താമസം മാറുന്ന സ്ഥിതിയാണ് നിലവിലുള്ളത്. കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെ വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കാത്ത സാഹചര്യമാണ് നിലവില്‍ ഉണ്ടായിരുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ബേബി പറഞ്ഞു. നാട്ടുകാരുടെയും, പഞ്ചായത്ത് അധികൃതരുടെയും പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ന് തന്നെ പ്രശ്നത്തിനുള്ള ശാശ്വത പരിഹാരം കണ്ടെത്താമെന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കി. ജെസിബി ഉപയോഗിച്ച് പൈപ്പ് പൊട്ടിയ പ്രദേശത്ത് അറ്റകുറ്റപ്പണികള്‍ ആരംഭിച്ചതിന് ശേഷമാണ് പഞ്ചായത്ത് അധികൃതര്‍ തിരികെ പോയത്. ഉടന്‍ തന്നെ കുടിവെള്ള വിതരണം നടത്തിയില്ലെങ്കില്‍ വാട്ടര്‍ അതോറിറ്റി കാര്യാലയത്തിന് മുന്നില്‍ സമരവുമായെത്തുമെന്നും പഞ്ചായത്ത് അധികൃതര്‍ മുന്നറിയിറിയിപ്പ് നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ബേബി, മെമ്പര്‍മാരായ അജി സാജു, ജിഷ ജിജോ, രതീഷ് ചങ്ങാലിമറ്റം, ജിബി മണ്ണത്തൂര്‍കാരന്‍, ജെയസ് ജോണ്‍, ബിന്ദു ജോര്‍ജ്, ഷിജി മനോജ്, ഷൈനി മുരളി, സിജി ഷാമോന്‍, സരള രാമന്‍ നായര്‍, സിപിഎം ലോക്കല്‍ സെക്രട്ടറി എം.എന്‍.മുരളി, അജി പാലമല, സന്തോഷ്, തുടങ്ങിയവര്‍ പങ്കെടുത്തു

 

Back to top button
error: Content is protected !!