ചില്ലറക്കാര്യം’ പദ്ധതിയുമായി പുതുപ്പാടി ഫാ. ജോസഫ് മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ.

മൂവാറ്റുപുഴ: ‘ചില്ലറക്കാര്യം’ വ്യത്യസ്തമായൊരു ജന സേവന പദ്ധതിയുമായി പുതുപ്പാടി ഫാ. ജോസഫ് മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ.കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ വന്നു പോകുന്ന എല്ലാ സ്വകാര്യ, കെ.എസ്.ആർ.ടി.സി. ബസ് ജീവനക്കാർക്കും കോവിഡ് പ്രതിരോധ കിറ്റ് നൽകി മാതൃകയാവുകയാണ് ഈ സ്കൂളിലെ എൻ.എസ്.എസ്. വോളന്റീയർമാർ. ചില്ലറക്കാര്യം എന്ന പദ്ധതിയിലൂടെ 450 ലേറെ ബസ് ജീവനക്കാർക്കാണ് സാനിറ്റൈസർ, ഹാൻഡ് വാഷ്, മാസ്‌കുകൾ, പേപ്പർ, പേന എന്നിവ ക്രിസ്തുമസ്സ് സമ്മാനമായി വിതരണം ചെയ്തത്. ലോക്ക് ഡൗൺ കാലത്ത് ഏറ്റവുമധികം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ട ഒരു വിഭാഗമാണ് ബസ് ജീവനക്കാർ. ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ വിഭാഗത്തിന് ഒരു കൈത്താങ്ങ് ആവുകയായിരുന്നു ഇവരുടെ ലക്ഷ്യം. വിതരണം ചെയ്തവയെല്ലാം കുട്ടികൾ സ്‌കൂളിൽ തന്നെ നിരന്തരമായി നിർമ്മിക്കുന്നവയാണ്. കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ബുധനാഴ്ച നടന്ന ചടങ്ങിൽ കോതമംഗലം ട്രാഫിക് എസ്.ഐ. ബേബി പോൾ കിറ്റിന്റെ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ്‌ ജോജി ഇടാട്ടിൽ, സെക്രട്ടറി സി. ബി. നവാസ്, ട്രഷറർ പി. എച്ച്.എം. ബഷീർ, പ്രോഗ്രാം ഓഫീസർ ഷെറിൽ ജേക്കബ്, ക്ലസ്റ്റർ കൺവീനർ റെജി കെ., വോളന്റീയർമാർ, ബസ് ജീവനക്കാർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. സ്‌കൂൾ ജംഗ്ഷനിലൂടെ ഓടുന്ന ബസ്സുകൾക്ക് ഒരു തവണ കൂടി സാനിറ്റൈസർ നിറച്ചു നൽകുമെന്ന് പ്രോഗ്രാം ഓഫീസർ ഷെറിൽ ജേക്കബ് അറിയിച്ചു.

Back to top button
error: Content is protected !!