മുളകു പൊടിയെറിഞ്ഞ് രണ്ട് പവന്റെ മാല കവര്‍ന്നു

തിരുമാറാടി: റോഡരികിലൂടെ നടന്നു പോവുകയായിരുന്ന വീട്ടമ്മയുടെ മുഖത്ത് മുളകു പൊടിയെറിഞ്ഞ് കഴുത്തില്‍ നിന്നും രണ്ട് പവന്‍ തൂക്കംവരുന്ന സ്വര്‍ണമാല കവര്‍ന്നു. മണ്ണത്തൂര്‍ കല്ലിടുക്കില്‍ പരേതനായ കുഞ്ഞുമോന്റെ ഭാര്യ സരിത(50) യുടെ കഴുത്തില്‍ കിടന്ന മാലയാണ് കവര്‍ന്നത്. മൂവാറ്റുപുഴയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന സരിത വെള്ളിയാഴ്ച രാവിലെ 5.30 ഓടെ ജോലിക്ക് പോകുംവഴിയാണ് സംഭവം. ആടുപാറയില്‍ കോളനിയിലെ വീട്ടില്‍ നിന്നും പ്രധാന റോഡിലേക്ക് നടന്നു പോകുന്നതിനിടെ വഴിയരികില്‍ പതിയിരുന്ന മോഷ്ടാവ് പിന്നില്‍ നിന്നും ഓടിയെത്തി മുഖത്ത് മുളകുപൊടി വിതറിയ ശേഷം മാല പൊട്ടിച്ചെടുക്കുകയായിരുന്നു. അല്പസമയത്തെ മല്‍പ്പിടുത്തതിന് ശേഷമാണ് മോഷ്ടാവ് മാലയുമായി കടന്നുകളഞ്ഞത്. മല്‍പ്പിടുത്തതിനിടയില്‍ റോഡില്‍ വീണ സരിതയുടെ നെറ്റിയിലും കാല്‍ മുട്ടുകള്‍ക്കും പരിക്കേറ്റു.
സരിതയുടെ മുഖത്തേക്ക് മുളകുപൊടി വലിച്ചെറിഞ്ഞെങ്കിലും മുഖത്ത് കണ്ണാടിയുള്ളതിനാല്‍ കണ്ണില്‍ വീണിരുന്നില്ല. സരിതയുടെ നിലവിളികേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ നടത്തിയ പരിശോധനയില്‍ മാലയുടെ കുറച്ചുഭാഗം സരിതയുടെ വസ്ത്രത്തില്‍ കുരുങ്ങി കിടക്കുന്നതായി കണ്ടെത്തി. അയല്‍വാസികള്‍ പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. തുടര്‍ന്ന് കൂത്താട്ടുകുളം പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. അന്വേഷണത്തിന്റെ ഭാഗമായി സമീപത്തെ വീടുകളിലെ സിസിടിവി കാമറകളില്‍ നിന്നും പോലീസ് ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

Back to top button
error: Content is protected !!