സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറയുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഈ വര്‍ഷവും കുട്ടികളുടെ എണ്ണം കുറഞ്ഞു. ഒന്നാം ക്ലാസില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 10,164 കുട്ടികള്‍ കുറഞ്ഞു. ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ ആകെ 84,000 കുട്ടികള്‍ കുറഞ്ഞെന്നാണ് കണക്ക്. സ്‌കൂള്‍ തുറന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും കണക്ക് പുറത്തുവിടാത്തത് വിവാദമായിരുന്നു.പൊതുവിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണമുയര്‍ന്നിരുന്ന ട്രെന്‍ഡിന് ഈ വര്‍ഷവും തിരിച്ചടി. സര്‍ക്കാര്‍ പോര്‍ട്ടലിലെ കണക്ക് അനുസരിച്ച് ഈ വര്‍ഷം ഒന്നാം ക്ലാസില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ എത്തിയത് 99,566 കുട്ടികളാണ്. എയ്ഡഡ് സ്‌കൂളുകളില്‍ 1,58, 583 കുട്ടികളുമെത്തി. ആകെ സര്‍ക്കാര്‍, എയ്ഡഡ് മേഖലകളില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയത് 2,58,149 കുട്ടികളാണ്. കഴിഞ്ഞ വര്‍ഷത്തെ കണക്ക് പ്രകാരം 2,68,313 ആയിരുന്നു ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ കുട്ടികള്‍. ഈ വര്‍ഷം 10, 164 കുട്ടികളുടെ കുറവാണ് ഉണ്ടായത്.ഈ വര്‍ഷം ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്‌സാസുകളില്‍ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ എണ്ണം 34,04,724 ആണ്. ഇവിടെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 84,000 കുട്ടികള്‍ കുറഞ്ഞെന്നാണ് കണക്ക്. പാലക്കാട് ഒഴികെ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കുട്ടികള്‍ കുറഞ്ഞു. അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലുമായി ആകെ പഠിക്കുന്ന കുട്ടികളുടെ എണ്ണം 37,46,647 ആണ്.അതേസമയം പൊതുവിദ്യാലയങ്ങളിലെ രണ്ട് മുതല്‍ പത്തുവരെ ക്ലാസുകളില്ലായി 42,059 കുട്ടികള്‍ ഈ വര്‍ഷം പുതിയതായെത്തി. ഏറ്റവും അധികം കുട്ടികള്‍ ചേര്‍ന്നത് എട്ടാം ക്ലാസിലാണ്. 17,011 കുട്ടികള്‍ എട്ടാം ക്ലാസില്‍ പുതിയതായി പ്രവേശനം നേടിയത്. സ്‌കൂള്‍ തുറന്ന് ആറാം പ്രവൃത്തിദിനമാണ് കുട്ടികളുടെ എണ്ണം കണക്കാക്കുന്നത്. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും കണക്ക് പുറത്തുവിടാത്തത് കുട്ടികളുടെ എണ്ണം കുറഞ്ഞത് കൊണ്ടാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ രണ്ട് മാസത്തിന് ശേഷം പുറത്തുവിട്ട കണക്കിലും വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്ന കുറവ് വ്യക്തമായി പറയുന്നില്ല.പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണം ഉയരുന്നത് മുന്‍ വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ വലിയ നേട്ടമായി ഉയര്‍ത്തിക്കാട്ടിയിരുന്നു. കഴിഞ്ഞ കൊല്ലവും കുട്ടികളുടെ എണ്ണം കുറഞ്ഞിരുന്നു. വമ്പന്‍ പ്രചാരണങ്ങള്‍ക്കിടയിലും പൊതുവിദ്യാലയങ്ങള്‍ കുട്ടികള്‍ കുറയുന്നത് വിദ്യാഭ്യാസ വകുപ്പിന് ക്ഷീണമാണ്. കണക്ക് പുറത്തുവിട്ടതോടെ ഈ വര്‍ഷത്തെ തസ്തിക നിര്‍ണയം തുടങ്ങിയതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

 

Back to top button
error: Content is protected !!