പോയാലി മലയുടെ ചരിത്രമെഴുതിയ ഹംദയ്ക്ക് ഒന്നാം സ്ഥാനം .

 

മൂവാറ്റുപുഴ: ശാസ്ത്രരംഗം മൂവാറ്റുപുഴ ഉപജില്ലയിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പ്രാദേശിക ചരിത്ര രചനാ മത്സരത്തിൽ പായിപ്ര ഗവ യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ഹംദ പി എം ഒന്നാം സ്ഥാനം നേടി. പായിപ്ര പഞ്ചായത്തിലെ രണ്ട് മൂന്ന് വാർഡുകളിലായി 16 ഏക്കറോളം സ്ഥലത്ത് സമുദ്രനിരപ്പിൽ നിന്നും 300 അടിയോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ടൂറിസ്റ്റ് കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന പോയാലി മലയുടെ ചരിത്രമെഴുതിയാണ് ഹംദ പി എം ഒന്നാം സ്ഥാനം നേടിയത്. പ്രദേശവാസികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചും പ്രാദേശിക ചരിത്രകാരൻമാരുമായി അഭിമുഖം നടത്തിയും മല സന്ദർശിച്ചുമാണ് ഹംദ വിവര ശേഖരണം നടത്തിയത്. ആലിപോയ മലയെന്ന ഐതിഹ്യവും മലമുകളിലെ കിണറും മൊട്ടക്കുന്നുകളും പാറയിൽ കാണുന്ന കാല്പാദവും കുതിരയുടെ കുളമ്പു പോലെയുള്ള രൂപവുമെല്ലാം രചനയിൽ ഹംദ വിശദീകരിക്കുന്നുണ്ട്. ഔദ്യോഗികമായി ടൂറിസം പ്രോജക്ട് നടപ്പിലാക്കിയില്ലെങ്കിലും സാഹസിക യാത്ര ഇഷ്ടപ്പെടുന്ന ധാരാളം പേർ മല കാണുവാനെത്തുന്നുണ്ട്.ചെറുവട്ടൂർ പാക്കോളിൽ പി എൻ മുഹമ്മദിന്റെയും എ സലീനയുടെയും രണ്ടാമത്തെ മകളാണ് ഹംദ .ശാസ്ത്രരംഗം പ്രവൃത്തിപരിചയ മേളയിൽ ഇതേ സ്കൂളിലെ അഹമ്മദ് വസീമും ഉപജില്ലയിൽ ഒന്നാം സ്ഥാനം നേടി സ്കൂളിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ ജയശ്രീ ശ്രീധരൻ കുട്ടികളെ ആദരിച്ചു. പി ടി എ പ്രസിഡന്റ് നസീമ സുനിൽ, ഹെഡ്മിസ്ട്രസ് വി എ റഹീമ ബീവി, പി ടി എ അംഗം എകെ യൂസുഫ്, ഷെമീന പി എം, അധ്യാപകരായ സെലീന എ, കെ എം നൗഫൽ എന്നിവർ സംസാരിച്ചു.

 

ചിത്രം : പ്രാദേശിക ചരിത്ര രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഹംദ പി എം ന് വാർഡ് മെമ്പർ ജയശ്രീ ശ്രീധരൻ ഉപഹാരം നൽകുന്നു.

Back to top button
error: Content is protected !!