ചാത്തമറ്റം ഒറ്റകണ്ടം പ്രദേശത്തെ വന്യജീവി അക്രമണത്തിന് പരിഹാരം കാണൂം : മന്ത്രി കെ.രാജു

 

മൂവാറ്റുപുഴ: പൈങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ചാത്തമറ്റം, ഒറ്റകണ്ടം പ്രദേശങ്ങളില്‍ കൃഷി നശിപ്പിക്കുന്ന വന്യജീവി ആക്രമണത്തിന് പരിഹാരം കാണുമെന്ന് വനം വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. വനം, പരിസ്ഥിതി, വിനോദ സഞ്ചാരം നിയമസഭ സബ്ജക്റ്റ് കമ്മിറ്റിയുടെ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ നടന്ന യോഗത്തില്‍ സമിതി അംഗം കൂടിയായ എല്‍ദോ എബ്രഹാം എം.എല്‍.എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സമിതി ചെയര്‍മാന്‍ കൂടിയായ മന്ത്രി കെ.രാജു. ചാത്തമറ്റം, ഒറ്റകണ്ടം പ്രദേശത്ത് കൃഷി നശിപ്പിക്കുന്ന വന്യജീവികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ക്ക് വേണ്ട നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടന്നും കൃഷി നശിപ്പിക്കുന്ന മൃഗങ്ങളെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡത്തിനനുസരിച്ച് ലൈസന്‍സുള്ള തോക്കുള്ളവര്‍ക്ക് വെടിവയ്ക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടന്നും മന്ത്രി കെ.രാജു എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. പൈങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ നാല്, അഞ്ച് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ചാത്തമറ്റം ഒറ്റകണ്ടം പ്രദേശം മുള്ളരിങ്ങാട് വനമേഖലയോട് ചേര്‍ന്ന് കിടക്കുന്നതാണ്. ഈ പ്രദേശങ്ങളിലെ കര്‍ഷകരുടെ കൃഷിയാണ് വനത്തില്‍ നിന്നും കൂട്ടമായി എത്തുന്ന കാട്ടു പന്നി, മുള്ളന്‍ പന്നി, കുരങ്ങുകള്‍ നശിപ്പിക്കുന്നത്. ഒറ്റകണ്ടം പ്രദേശത്താണ് കൂടുതലായി കൃഷി നശിപ്പിക്കുന്നത്. വനത്തില്‍ നിന്നും കൂട്ടമായി എത്തുന്ന കാട്ടുപന്നികള്‍ കപ്പ, ചേമ്പ്, ചേന, വാഴ തുടങ്ങിയവയാണ് നശിപ്പിക്കുന്നത്. കൂട്ടമായി എത്തുന്ന കുരങ്ങന്‍മാര്‍ പഴ വര്‍ഗങ്ങളാണ് നശിപ്പിക്കുന്നത്. വന്യജീവികളുടെ ആക്രമണം വ്യാപകമായതോടെ കൃഷി തന്നെ ഉപേക്ഷിക്കുന്ന അവസ്ഥയിലാണ് പ്രദേശത്തെ കര്‍ഷകര്‍. വര്‍ഷങ്ങളായി പ്രദേശത്ത് നിലനില്‍ക്കുന്ന വന്യജീവി ആക്രമണം മൂലം പ്രദേശത്തെ കര്‍ഷകരുടെ ദുരിതത്തിന് പരിഹാരം കാണുന്നതിന് താല്‍ക്കാലിക സംവിധാനമൊരുക്കാതെ ശാശ്വത പരിഹാരം തന്നെ വേണമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ മന്ത്രിയോടാവശ്യപ്പെടുകയായിരുന്നു. വനം, പരിസ്ഥിതി, വിനോദ സഞ്ചാരം നിയമസഭ സബ്ജക്ട് കമ്മിറ്റിയുടെ ചെയര്‍മാന്‍ മന്ത്രി.കെ.രാജുവും എം.എല്‍.എമാരായ എസ്.രാജേന്ദ്രന്‍, ബി.ഡി.ദേവസ്യ, സണ്ണി ജോസഫ്, എല്‍ദോ എബ്രഹാം എന്നിവര്‍ സമിതി അംഗങ്ങളുമാണ്.

Back to top button
error: Content is protected !!