ചാലിക്കടവ് പാലം അപ്രോച്ച് റോഡ്: നിര്‍മ്മാണം വൈകുന്നതിനെതിരെ സിപിഐ പ്രതിഷേധം

മൂവാറ്റുപുഴ: മൂവാറ്റുപുഴ – തേനി അന്തര്‍ സംസ്ഥാന പാതയില്‍ ചാലിക്കടവ് പാലം അപ്രോച്ച് റോഡ് പുനര്‍നിര്‍മ്മാണം വൈകുന്നതിനെതിരെ സിപിഐ മൂവാറ്റുപുഴ ടൗണ്‍ ലോക്കല്‍ കമ്മിറ്റിയുടെ പ്രതിഷേധം. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരണം നടന്നു കൊണ്ടിരിക്കുന്ന കല്ലൂര്‍ക്കാട് കോട്ട റോഡിന്റെ ഭാഗമായ ചാലിക്കടവ് മുതല്‍ കിഴക്കേക്കര റേഷന്‍കടപ്പടി വരെയുള്ള ഭാഗത്തെ സഞ്ചാരയോഗ്യമായ റോഡ് നവീകരണത്തിന്റെ ഭാഗമായി ടാര്‍ നീക്കം ചെയ്തിട്ട് മാസങ്ങളായി. ആയിരക്കണക്കിന് വാഹനങ്ങളും നൂറുകണക്കിന് കാല്‍നടക്കാരും വിദ്യാര്‍ത്ഥികളും സഞ്ചരിക്കുന്ന ഈ റോഡിലെ വെള്ളകെട്ടും കുഴികളും നാട്ടുകാര്‍ക്കും വ്യാപാരികള്‍ക്കും ദുരിതമായിരിക്കുകയാണ്. റോഡിന്റെ നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ടാണ് സിപിഐ മൂവാറ്റുപുഴ ടൗണ്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴ കെ.എസ്.ടി.പി. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ മുമ്പാകെ പ്രതിഷേധവുമായി എത്തിയത്. തുടര്‍ന്ന് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ക്ക് നിവേദനവും നല്‍കി. സിപിഐ ലോക്കല്‍ സെക്രട്ടറി കെ.പി. അലിക്കുഞ്ഞ്, പ്രവാസി ഫെഡറേഷന്‍ ജില്ല സെക്രട്ടറി സി.എം. ഇബ്രാഹിം കരിം, ലോക്കല്‍ കമ്മറ്റി അംഗങ്ങളായ അസീസ് തെങ്ങുംതോട്ടം, കെ.ബി.ബിനീഷ് കുമാര്‍ , പ്രദീപ്, ബിബിന്‍, അബ്ദുള്‍ റസാഖ്, ബൈജു സുധീര്‍, നഗരസഭ കൗണ്‍സിലര്‍ പി.വി.രാധാകൃഷ്ണന്‍, ബാബു കടിക്കുളം, ഇക്ബാല്‍ കുര്യന്‍മല എന്നിവര്‍ നേത്യത്വം നല്‍കി.

Back to top button
error: Content is protected !!