ചാലിക്കടവ് അപ്രോച് റോഡ് പുനര്‍നിര്‍മ്മിക്കണം: ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ച് രണ്ടാര്‍ വികസന സമിതി

മൂവാറ്റുപുഴ: ചാലിക്കടവ് പാലം അപ്രോച് റോഡ് അടിയന്തിരമായി പുനര്‍ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ രണ്ടാര്‍ വികസന സമിതിയുടെ നേതൃത്വത്തില്‍ ജനകീയ പ്രതിഷേധ സദസ്സ് നടത്തി. മുനിസിപ്പല്‍ സ്റ്റാന്റ്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജി മുണ്ടാടന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സദസ്സ് മുന്‍ മുനിസിപ്പല്‍ പ്രതിപക്ഷ നേതാവ് കെ.എം അബ്ദുള്‍ മജീദ് ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴക്കാവ് കാര്യദര്‍ശി എന്‍. ശിവദാസന്‍ നമ്പൂതിരി ആമുഖ പ്രഭാഷണം നടത്തി. മുന്‍ മുനിസിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.എം സീതി ഒപ്പുശേഖരണം ഉദ്ഘാടന ചെയ്തു. ജനത്തെ ബന്ദിയാക്കി ദുരിതലാക്കിയ ഉദ്യോഗസ്ഥരുടേയും കരാറുകാരന്റേയും അനാസ്ഥക്കെതിരെ അന്വേഷണം നടത്തിനടപടി എടുക്കണമെന്നും, റോഡ് അടിയന്തിരമായി സഞ്ചാരയോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് നൂറുകണക്കിന് ആളുകള്‍ ഒപ്പിട്ട നിവേദനം പൊതുമരാമത്ത് മന്ത്രിക്ക് നല്‍കും. പ്രതിഷേധ ചുക്ക് കാപ്പി വിതരണം, ഒപ്പുശേഖരണം, റോഡിലെ ഗര്‍ത്തങ്ങളില്‍ ചൂണ്ടയിടല്‍, റോഡിലെ കുഴികളില്‍പ്പെട്ട് നടുവേദന വന്നവര്‍ക്ക് പ്രതീകാത്മക തിരുമ്മു ചിക്തസ തുടങ്ങിയ വ്യത്യസ്ത സമരമാര്‍ഗ്ഗങ്ങളിലൂടെ മുന്നേറിയ പ്രതിഷേധ സദസ്സില്‍ തദ്ദേശ വാസികളും അതുവഴി വന്ന യാത്രക്കാരുമുള്‍പ്പടെ വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായത്. അനന്തരനടപടികള്‍ ഉടന്‍ ഉണ്ടായില്ലെങ്കില്‍ ജൂലായ് 20 വ്യാഴാഴ്ച 10ന് റോഡ് ഉപരോധ സമരം പ്രഖ്യാപിച്ചാണ് സദസ്സ് അവസാനിച്ചത്. മങ്ങാട്ട് മഹല്‍ കമ്മിറ്റി സെകട്ടറി അബ്ദുള്‍ സമദ്, അബ്ദുള്‍ സലാം,എന്‍.ജി ലാലു, പ്രസാദ്, എന്‍.പി ജയന്‍, എന്‍.കെ രാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!