മാര്‍ക്കറ്റില്‍ വിഐപിയായി `ചക്ക´…. വിപണിയില്‍ ചക്കയ്ക്ക് ആവശ്യക്കാരേറി…..

 

മൂവാറ്റുപുഴ : ആവശ്യക്കാരില്ലാതെ പറമ്പില്‍ പഴുത്ത് വീഴുന്ന ചക്കപ്പഴത്തിന്‍റെ കാലം കഴിഞ്ഞു. ഇപ്പോള്‍ ചക്ക മാര്‍ക്കറ്റില്‍ വിഐപിയാണ്. വിപണിയില്‍ ചക്കയ്ക്ക് ആവശ്യക്കാരേറിയതോടെയാണ് ഡിമാന്‍റ് വര്‍ദ്ധിച്ചിരിക്കുന്നത്. ദിവസേന മൂവാറ്റുപുഴയിലൂടെ നിരവധി വാഹനങ്ങളാണ് ചക്ക ലോഡുമായി അന്യ സംസ്ഥാനങ്ങളിലേക്ക് കടന്നുപോകുന്നത്. സമീപ പ്രദേശങ്ങളായ ആരക്കുഴ, മാറാടി, കല്ലൂര്‍ക്കാട്, വാഴക്കുളം, പൈങ്ങോട്ടൂര്‍, പോത്താനിക്കാട് എന്നിവിടങ്ങളില്‍ നിന്നാണ് ചക്ക ലോഡുകള്‍ അധികവും നഗരത്തിലേക്കെത്തുന്നത്. ഇതേ കൂടാതെ തൊടുപുഴ, പാല, കാഞ്ഞിരപ്പിള്ളി, എരുമേലി തുടങ്ങിയിടങ്ങളില്‍ നിന്നുള്ള ലോഡുകളും മൂവാറ്റുപുഴയിലൂടെ കടന്നു അന്യസംസ്ഥാനങ്ങളിലേക്ക് പോകുന്നുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കാണ് ലോഡുകള്‍ അധികം പോകുന്നതെങ്കിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ തമിഴ്നാട്ടിലും കേരളത്തിലെ ചക്കയ്ക്ക് ഡിമാന്‍റ് ഏറെയാണ്. സീസണായതോടെ വീടുകളിലും പറമ്പുകളിലും പ്ലാവുണ്ടെങ്കില്‍ ചക്ക മൊത്ത വ്യാപാരികള്‍ തേടിയെത്തുന്ന സ്ഥിതിയാണിപ്പോള്‍ ഉള്ളത്. ഡിമാന്‍റ് ഏറിയതോടെ അല്‍പ്പം വില ഉയര്‍ന്നിട്ടുണ്ട്. അന്യ സംസ്ഥാനത്തേയ്ക്ക് ചക്ക ലോഡുകള്‍ എത്തിച്ചുനല്‍കുന്ന സംഘം തന്നെ പ്രദേശത്തുണ്ട്. എന്നാല്‍ ഇക്കുറി ഒരു ലോഡ് ഒപ്പിക്കാന്‍ തന്നെ കഷ്ടപ്പെടുന്ന അവസ്ഥയും നിലവിലുണ്ട്. ഇക്കൂട്ടര്‍ വാഹനം തന്നെ ചെറുചക്കകള്‍ വച്ച് അലങ്കരിച്ചാണ് യാത്ര. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് കഴിഞ്ഞ സീസണേക്കാള്‍ ഉത്പ്പാദനത്തില്‍ കുറവുണ്ടായതും ഡിമാന്‍റ് വര്‍ദ്ധിക്കാന്‍ കാരണമായി. കഴിഞ്ഞ കാലങ്ങളില്‍ വരിക്ക ചക്കക്കാണ് ഡിമാന്‍റ് ഉണ്ടായിരുന്നതെങ്കിലും ഇക്കുറി ഏതു ചക്കയായാലും മതിയെന്ന അവസ്ഥയിലാണ് ആവശ്യക്കാര്‍. കൂടാതെ നഗരത്തിലെ ചില കടകളിലും വഴിയോരങ്ങളിലും ചക്ക വിപണി സജ്ജമായിട്ടുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് മലയാളികളുടെ പ്രിയ ഭക്ഷണമായി ചക്ക മാറിയതിനാല്‍ ആവശ്യക്കാരേറിയതായി ചെറുകിട വ്യാപാരികള്‍ പറയുന്നു. കൂടാതെ ചക്ക ഐസ്ക്രീം, ഷേയ്ക്ക് എന്നീ വിഭവങ്ങളും സജീവമായി.

ഫോട്ടോ …………..
ആവോലിയില്‍ നിന്നും ചക്ക ലോഡുമായി പുറപ്പെടാനൊരുങ്ങുന്ന വാഹനത്തില്‍ ചെറുചക്കകള്‍ ഉപയോഗിച്ച് അലങ്കരിച്ചിരിക്കുന്നു

Back to top button
error: Content is protected !!