കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ ബിൽ കാർഷികമേഖലയെ ശവപ്പറമ്പാക്കി മാറ്റും:- എച്ച്.എം.എസ്.

 

കൊച്ചി : കേന്ദ്ര സർക്കാർ നടപ്പിലാക്കുവാനുദ്ദേശിക്കുന്ന കേന്ദ്ര കാർഷിക ബിൽ രാജ്യത്തെ കർഷകരെ കൂട്ട ആത്മഹത്യയിലേക്ക് നയിക്കുന്ന സാഹചര്യം സൃഷ്ടിക്കുമെന്നും ഭാവിയിൽ രാജ്യത്തെ കാർഷിക മേഖലയെ ശവപ്പറമ്പാക്കി മാറ്റി കർഷകർക്ക് ദ്രോഹമാക്കുന്ന അവസ്ഥയിലേക്ക് ബിൽ എത്തിക്കുമെന്ന് എച്ച്.എം.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപി പറഞ്ഞു. കേന്ദ്ര സർക്കാർ പാർലമെന്ററി മര്യാദകൾ ലംഘിച്ച് കയ്യൂക്കിന്റെ ബലത്തിലാണ് ബിൽ പാസാക്കിയത്. ലോക്സഭയിൽ വലിയ ഭൂരിപക്ഷമുള്ള അഹങ്കാരം മുതലാക്കി ശബ്ദവോട്ടോടെ പാസാക്കിയെങ്കിലും രാജ്യസഭയിൽ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ ബിൽ ചർച്ചക്കെടുക്കണമെന്നാവശ്യപ്പെട്ട പ്രതിപക്ഷ എം.പി.മാരെ ബലം പ്രയോഗിച്ച് സഭയിൽ നിന്ന് പുറത്താക്കിയത് ജനാധിപത്യ മര്യാദയല്ലയെന്നും മനോജ് ഗോപി പറഞ്ഞു. കാർഷിക മേഖലയിലെ കോർപ്പറേറ്റ് വൽക്കരണം കുത്തക കച്ചവടക്കാർ പിടിമുറുക്കും. ഇതിലൂടെ രാജ്യത്തെ ആകെ കർഷകരിൽ എൺപത്തഞ്ച് ശതമാനം വരുന്ന രണ്ടേക്കർ കൃഷിഭൂമിയിൽ താഴെയുള്ള ചെറുകിട കർഷകർ അവരുടെ ഉൽപന്നങ്ങൾക്ക് ന്യായവില ലഭ്യമാകാത്ത സാഹചര്യം സൃഷ്ടിക്കപ്പെടുമെന്നും ഇത് രാജ്യത്ത് വലിയ പ്രത്യാഘാതങ്ങൾക്ക് ഭാവിയിൽ വഴിയൊരുക്കുമെന്നും മനോജ് ഗോപി പറഞ്ഞു. കേരള കർഷക തൊഴിലാളി യൂണിയൻ (എച്ച്.എം.എസ്.) സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിക്ഷേധ പരിപാടിയുടെ ഭാഗമായി യൂണിയൻ ജില്ലാ കമ്മറ്റി ഒക്ടോബർ – 2 ഗാന്ധിജയന്തി ദിനത്തിൽ എറണാകുളം രാജേന്ദ്ര മൈതാനിക്ക് സമീപമുള്ള ഗാന്ധി പ്രതിമക്കു മുന്നിൽ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മനോജ് ഗോപി. ജില്ലാ ജനറൽ സെക്രട്ടറി മുല്ലക്കര സക്കറിയ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ജോയി മാടശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ഭാരവാഹികളായ തോമസ് മൂക്കന്നൂർ, ജബ്ബാർ വാത്തേലി, കെ.കെ. മോഹനൻ, സേവ്യർ ചേന്നൂർ എന്നിവർ പ്രസംഗിച്ചു. പ്രവർത്തകർ കറുത്ത തുണികൊണ്ട് വായ് മൂടിക്കെട്ടിയാണ് സമരത്തിൽ പങ്കെടുത്തത്.

ഫോട്ടോ: കേരള കർഷകതൊഴിലാളി യൂണിയൻ (എച്ച്.എം.എസ്) ജില്ലാ കമ്മറ്റി ഗാന്ധിജയന്തി ദിനത്തിൽ കേന്ദ്ര കർഷകദ്രോഹ ബില്ലിനെതിരെ എറണാകുളം ഗാന്ധി പ്രതിമക്ക് മുന്നിൽ നടത്തിയ പ്രതിഷേധ സമരം സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപി ഉദ്ഘാടനം ചെയ്യുന്നു.

Back to top button
error: Content is protected !!