കേരളത്തിന് കുടിശിക തരാൻ കേന്ദ്രം തീരുമാനിച്ചെന്ന് ബാലഗോപാൽ; എജി രേഖ നൽകിയ 6 സംസ്ഥാനങ്ങൾക്ക് മാത്രമെന്ന് നിർമല

 

ന്യൂഡല്‍ഹി: ജി എസ് ടി ട്രൈബ്യൂണലില്‍ കേരളത്തിന് തരാനുള്ള കുടിശ്ശിക തരാന്‍ തീരുമാനമായെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ജി എസ് ടി ട്രൈബ്യൂണലിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് സംസ്ഥാന ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിന് കിട്ടാനുള്ള ജി എസ് ടി നഷ്ട പരിഹാര കുടിശ്ശിക തരാന്‍ കേന്ദ്രം തീരുമാനിച്ചുവെന്നും ഒരാഴ്ചക്കുള്ളില്‍ ഇത് ലഭ്യമാകുമെന്നുമാണ് ബാലഗോപാല്‍ പറഞ്ഞത്. സാങ്കേതികപരമായി ഉദ്യോഗസ്ഥര്‍ നല്‍കേണ്ട രേഖകള്‍ കൊടുക്കുമെന്നും അത് നടപടിക്രമം അനുസരിച്ച് നടക്കുമെന്നും ധനമന്ത്രി വിശദീകരിച്ചു. സി ആന്‍ഡ് എ ജി കേന്ദ്ര ഗവണ്‍മെന്റ് ഉദ്യോഗസ്ഥരാണെന്നും നടപടിക്രമം അനുസരിച്ച് അവരുടെ പ്രവര്‍ത്തികള്‍ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ജി എസ് ടി ട്രൈബ്യൂണലിന് ശേഷം മാധ്യമങ്ങളെ കണ്ട കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞത് 6 സംസ്ഥാനങ്ങളാണ് എ ജി സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും അവര്‍ക്ക് തുക അനുവദിക്കുമെന്നുമാണ്. ബാക്കിയുള്ള സംസ്ഥാനങ്ങള്‍ എ ജി റിപ്പോര്‍ട്ട് നല്‍കണമെന്നും അതിന് ശേഷം മാത്രമേ തുക അനുവദിക്കുകയുള്ളു എന്നും നിര്‍മല വ്യക്തമാക്കി. ഓഡിറ്റ് രേഖ ആവശ്യപ്പെട്ടതിന്റെ അര്‍ത്ഥം നഷ്ടപരിഹാര തുക അനുവദിക്കില്ല എന്നല്ലെന്നും അവര്‍ വിശദീകരിച്ചു. 90% തുകയും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നേരത്തെ ലഭ്യമാക്കിയിരുന്നുവെന്നും ബാക്കി തുക എ ജി രേഖ ലഭ്യമാക്കിയ ശേഷം നല്‍കുമെന്നും കേന്ദ്ര ധനമന്ത്രി വിവരിച്ചു. അതേസമയം ജി എസ് ടി ട്രിബ്യൂണലില്‍ പലകാര്യങ്ങളിലും തീരുമാനം ആയില്ലെന്ന സൂചനകളാണ് പുറത്തവരുന്നത്. പല വിഷയങ്ങളിലും സംസ്ഥാനങ്ങള്‍ എതിര്‍പ്പ് ഉന്നയിച്ചിട്ടുണ്ട്. അടുത്ത ജി എസ് ടി യോഗം തമിഴ് നാട്ടിലെ മധുരയില്‍ ചേരാന്‍ തീരുമാനിച്ചാണ് ഇന്നത്തെ ജി എസ് ടി ട്രിബ്യൂണല്‍ അവസാനിച്ചത്. ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കിയ സംസ്ഥാനങ്ങള്‍ക്കെല്ലാം ഇന്നുതന്നെ നഷ്ടപരിഹാരം ലഭിക്കുമെന്ന് നിര്‍മ്മല സീതരാമന്‍ പറഞ്ഞത് തമിഴ്‌നാടിന് ഗുണമാണെന്ന് തമിഴ്‌നാട് ധനമന്ത്രി പ്രതികരിച്ചു. ഇതുവഴി നാലായിരം കോടി തമിഴ്‌നാടിന് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Back to top button
error: Content is protected !!