ബജറ്റ് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ സ്റ്റണ്ട് – ഡീൻ കുര്യാക്കോസ് എം.പി.

മൂവാറ്റുപുഴ: തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ സ്റ്റണ്ട് മാത്രമാണ് ഈ ബജറ്റ് എന്ന് ഡീൻ കുര്യാക്കോസ് എം.പി. കഴിഞ്ഞ നാലര വർഷക്കാലവും പൊള്ളയായ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും മാത്രം നടത്തിയ ഗവൺമെന്റ് തെരഞ്ഞെടുപ്പിന് 3 മാസം മാത്രം അവശേഷിക്കുമ്പോൾ ഇടുക്കിയിലെ ജനങ്ങളെ കബളിപ്പിക്കുന്നതിനാണ് വീണ്ടും പദ്ധതി പ്രഖ്യാപനങ്ങളുമായി രംഗത്ത് എത്തുന്നത്. ധനമന്ത്രി തോമസ് ഐസക്കിന്റെ കഴിഞ്ഞ ബഡ്ജറ്റുകളിൽ പ്രഖ്യാപിച്ച ഇടുക്കി പാക്കേജ് എവിടെയെന്നറിയാൻ ജനങ്ങൾക്ക് ആഗ്രഹമുണ്ട്. കാർഷിക മേഖലയുടെ വികസനത്തിനായി കഴിഞ്ഞ നാലര വർഷവും ഒരു പദ്ധതിയും നടപ്പാക്കാൻ കഴിയാത്ത ഈ ഗവൺമെന്റ് ഇനി പാക്കേജിനുള്ള ചർച്ച നടത്തുന്നു എന്നാണ് ഇപ്പോൾ പറയുന്നത്. ഭൂമിവിനിയോഗത്തിനും, നിർമ്മാണ പ്രവർത്തനങ്ങൾക്കും കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയ ഈ ഗവൺമെന്റ് ഇടുക്കിയിലെ മലയോര മേഖലയിലെ ജനജീവിതത്തെ സ്തംഭിപ്പിക്കുന്ന നയമാണ് സ്വീകരിച്ചുവരുന്നത്. കാർഷിക ഉത്പാദന വർദ്ധനവിനും ഉല്പാദനചെലവിനനുസൃതമായ വില ലഭ്യതയ്ക്കും പദ്ധതികളില്ല. ഇടുക്കിയിലെ തോട്ടം തൊഴിലാളികളുടെയും കർഷകത്തൊഴിലാളികളെ ജീവിതദുരിതങ്ങൾ ലഘൂകരിക്കുന്നതിന് ഒരു പദ്ധതിയും ഇല്ലെന്നത് ദു:ഖകരമെന്നും എം.പി. പറഞ്ഞു. ഇടുക്കികാരുടെ കണ്ണിൽ പൊടിയിടുന്ന വെറും കസർത്ത് മാത്രമാണ് ഈ ബഡ്ജറ്റെന്നും എം.പി. കൂട്ടിച്ചേർത്തു.

Back to top button
error: Content is protected !!