മൂവാറ്റുപുഴയില്‍ തൂക്കുപാലവും പുഴയോര നടപ്പാതയും യാഥാര്‍ത്യത്തിലേക്ക്

മൂവാറ്റുപുഴ കേന്ദ്ര സര്‍ക്കാരിന്റെ അമൃതം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂവാറ്റുപുഴ നഗരസഭക്ക് ഒന്നാം ഘട്ടമായി അനുവദിച്ച അഞ്ച് കോടി രൂപ ചിലവഴിച്ച് തൊടുപുഴ ആറിന് കുറുകെ തൂക്കുപാലവും കച്ചേരിത്താഴം വരെ പുഴയോര നടപ്പാതയും നിര്‍മിക്കും. നഗരസഭ ചെയര്‍മാന്‍ പി.പി. എല്‍ദോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അന്തിമ ഡിപിആര്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി തീരുമാനം എടുത്തു. പദ്ധതിക്ക് അനുവദിച്ച 5 കോടി രൂപ നഗരസഭ അക്കൗണ്ടില്‍ ലഭ്യമായിട്ടുണ്ട്. ഈ തുക ഉപയോഗിച്ച് നഗരസഭ ഡ്രീംലാന്റ് പാര്‍ക്കില്‍ നിന്ന് തൊടുപുഴ ആറിന് കുറുകെ പേട്ടയിലേക്ക് തൂക്കു പാലവും, പേട്ട മുതല്‍ കച്ചേരിത്താഴം വരെ പുഴയോര നടപ്പാതയും നിര്‍മ്മിക്കുന്നതിനാണ് തീരുമാനം. രണ്ടാം ഘട്ടം ലഭിക്കുന്ന എട്ട് കോടി രൂപ ഉപയോഗിച്ച് വാച്ച് ടവര്‍, മ്യൂസിയം, കഫ്ടീരിയ, ജെട്ടി, ജലയാത്രക്കുളള സോളാര്‍ ബോട്ട് തുടങ്ങിയ ഒരുക്കുമെന്ന് ചെയര്‍മാന്‍ പി.പി. എല്‍ദോസ് അറിയിച്ചു.

മണ്ണ് പരിശോധന പൂര്‍ത്തിയാക്കി ഡിപിആര്‍ ആകുന്നതോടെ നിര്‍മാണം ആരംഭിക്കും. എറണാകുളം ഡിറ്റിപിസി നിര്‍മ്മാണ മേല്‍നോട്ടം നിര്‍വഹിക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടേയും ടൂറിസം വികസന വകുപ്പിന്റെയും സഹായത്തോടെ വിപുലമായ വിനോദ സഞ്ചാര വികസനത്തിനാണ് നഗരസഭ ലക്ഷ്യമിടുന്നത്. മൂവാറ്റുപുഴ ഇതോടെ വിനോദസഞ്ചാരികളുടെ ഇടത്താവളമായി മാറും. നഗര ഹൃദയഭാഗത്താണ് ഡ്രീംലാന്‍ഡ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. നാലര ഏക്കര്‍ വിസ്തൃതി വരുന്ന പാര്‍ക്കിന്റെ ഭൂരിഭാഗം പ്രദേശവും പ്രകൃതിദത്തമാണ്. പാറക്കെട്ടുകളും ഇല്ലിക്കാടുകള്‍ കുന്നുകളും മറ്റും അതുപോലെ നിലനിര്‍ത്തിയാണ് പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നത്. പാര്‍ക്ക് കൂടുതല്‍ ആകര്‍ഷകം ആക്കുക എന്ന ലക്ഷ്യത്തോടെ 50 ലക്ഷം രൂപയുടെ നവീകരണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. യോഗത്തില്‍ ഡിറ്റിപിസി. സെക്രട്ടറി, ആര്‍ക്കിടെക്ട്, മേജര്‍ ഇറിഗേഷന്‍ എ.ഇ., മുനിസിപ്പല്‍ സെക്രട്ടറി, ടൂറിസം ക്ലബ് പ്രതിനിധി, ജന പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, സന്നദ്ധ, സാമൂഹിക, റസിഡന്‍സ് സംഘടന ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!