ബിഎംബിസി നിലവാരത്തിൽ ടാറിങ് പൂർത്തിയാക്കിയ സംസ്ഥാനപാതയിൽ വിള്ളൽ

 

വാഴക്കുളം : അടുത്തിടെ ബിഎംബിസി നിലവാരത്തിൽ ടാറിംങ് പൂർത്തിയാക്കിയ സംസ്ഥാന പാതയിൽ വിള്ളൽ രൂപപ്പെടുന്നു. ടാറിങ് പൊളിയുന്നതിൽ നിന്നും വ്യത്യസ്തമായി വിള്ളലുണ്ടാകുന്ന ഭാഗം വലുതാകുകയാണ്. വിള്ളൽ ഭാഗത്തെ ടാർ ഉരുകിത്തീർന്ന് മെറ്റൽ വിട്ടുപോകുന്ന അവസ്ഥയാണ്. ഒരാഴ്ച മുമ്പ് ആവോലി വിശ്വജ്യോതി കോളേജിന് മുൻവശത്തെ റോഡിലും ഇതേ തരത്തിലുള്ള വിള്ളൽ ഉണ്ടായിരുന്നു.വിള്ളൽ വലുതായതോടെ ടാറിങ് മിശ്രിതം ഒഴിച്ച് അടച്ചു.

വാഴക്കുളം ടൗണിൽ ഏതാനും ആഴ്ചകൾക്ക് മുൻപ് വെളുത്ത ദ്രാവകം വീണതുപോലെ പ്രദേശത്ത് കണ്ടതായും അതിനുശേഷം നേരിയ വിള്ളലായിരുന്നു രണ്ടാഴ്ചമുമ്പ് കാണപ്പെട്ടതെന്ന് ഇവിടുത്തെ വ്യാപാരികൾ പറയുന്നു. ഇതേതുടർന്നാണ് വിള്ളൽ രൂപപ്പെട്ടതും കുഴിയായി മാറിയതും.

കമ്പനികളിലേക്കോ മറ്റോ വാഹനത്തിൽ കൊണ്ടുപോയ രാസവസ്തുക്കളോ രാസ ദ്രാവകമോ ചോർന്നു വീണതാണോ എന്ന സംശയവും നാട്ടുകാർ പറയുന്നു. ബിഎംബിസി നിലവാരത്തിൽ ടാറിങ് പൂർത്തിയാക്കിയ പാതയിൽ വിള്ളലുണ്ടാകുന്നത് സംബന്ധിച്ച് അധികൃതർ അന്വേഷണം നടത്തണമെന്ന ആവശ്യവും ശക്തമായി ഉയരുന്നു.

ഫോട്ടോ – വാഴക്കുളം ടൗണിനു നടുവിൽ ബിഎംബിസി നിലവാരത്തിൽ ടാറിങ് നടത്തിയ റോഡിൽ വിള്ളൽ രൂപപ്പെട്ട് മെറ്റൽ ഇളകിയ നിലയിൽ

Back to top button
error: Content is protected !!