ബിജെപി പദയാത്രയ്ക്ക് മൂവാറ്റുപുഴയില്‍ സമാപനം

മൂവാറ്റുപുഴ: ബിജെപി  മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് അരുണ്‍ പി. മോഹന്‍ നയിച്ച പദയാത്ര സമാപിച്ചു. 23ആം തീയതി വാളകത്തുനിന്ന് ആരംഭിച്ചപദയാത്രയ്ക്കാണ് സമാപനം കുറിച്ചത്. മൂവാറ്റുപുഴയുടെ വികസന മുരടിപ്പിനും പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കും കേന്ദ്രപദ്ധതികള്‍ അട്ടിമറിക്കുന്ന ഗൂഢാലോചനയ്ക്കുമെതിരെയാണ് ബിജെപി പദയാത്ര നടത്തിയത്. തിങ്കളാഴ്ച വൈകിട്ട് വാഴപ്പിള്ളി കവലയില്‍ നിന്നാരംഭിച്ച പദയാത്ര മണ്ഡലം വൈസ്പ്രസിഡന്റ് പി.കെ.രാജന്‍ ഉദ്ഘാടനം ചെയ്ത് ജാഥാ ക്യാപ്റ്റന് പതാക കൈമാറി. തുടര്‍ന്ന് നഗരം ചുറ്റി പദയാത്ര കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന്് നടന്ന സമാപന സമ്മേളനം ബിജെപി എസ്സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രമേശ്കാവിമറ്റം ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ സമിതി കണ്‍വീനര്‍ സി. സജികുമാര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍സെക്രട്ടറി സിനില്‍ കെ.എം, വൈസ്പ്രസിഡന്റ്മാരായ ടി. ചന്ദ്രന്‍, സലിം കറുകപ്പിള്ളി, പി.കെ. രാജന്‍, കൗണ്‍സിലര്‍മാരായ ബിന്ദു സുരേഷ്, ആശ അനില്‍ എന്നിവര്‍ പ്രസംഗിച്ചു. എസ്സി മോര്‍ച്ച ജില്ലാ സെക്രട്ടറി അജീഷ് തങ്കപ്പന്‍, മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് സിന്ധുമനോജ്, ബിജെപി ജില്ലാ-മണ്ഡലം-പഞ്ചായത്ത് ഭാരവാഹികള്‍ പങ്കെടുത്തു.

 

 

Back to top button
error: Content is protected !!