എം.സി വിനയനെതിരെയുള്ള ബിജെപി പ്രചരണം അടിസ്ഥാന രഹിതം; കോണ്‍ഗ്രസ്

മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനും യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയുമായ എം.സി വിനയന്റെ ഭാര്യ അശ്വതി സോമന് ഭൂരഹിത ഭവന രഹിത പദ്ധതിയില്‍ ലഭിച്ച വീട് നിര്‍മ്മാണത്തിനെതിരെ ബിജെപി നടത്തുന്ന പ്രചരണം അടിസ്ഥാന രഹിതമാണന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. എസ്‌സി വിഭാഗത്തില്‍പെട്ട വിനയന്റെ ഭാര്യ അശ്വതിയ്ക്ക് അഞ്ച് സെന്റ് സ്ഥലം വാങ്ങുന്നതിന് 3.75 ലക്ഷം രൂപയും ലൈഫ് ഭവന പദ്ധതിയില്‍ നാല് ലക്ഷം രൂപയും 2022ല്‍ ലഭ്യമായത് സര്‍ക്കാരിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ്. 2023ല്‍ ലൈഫ് ഭവനപദ്ധതി പ്രകാരം 410 സ്‌ക്വയര്‍ ഫീറ്റ് വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കി. 2024ല്‍ പഞ്ചായത്തില്‍ നിന്ന് അവസാന ഗഡു പണവും കൈപറ്റി. ലൈഫ് ഭവനപദ്ധതിയുടെ എല്ലാ മാനദണ്ഡങ്ങളും പൂര്‍ത്തിയാക്കിയ വീടിന് 950 സ്‌ക്വയര്‍ ഫീറ്റ് കൂട്ടി ചേര്‍ക്കല്‍ നടത്തിയതെന്നും അവര്‍ പറഞ്ഞു. ഇതിനായി പഞ്ചായത്തില്‍ അപേക്ഷ നല്‍കുകയും ഫീസ് അടച്ച് അനുമതി ലഭിക്കുകയും ചെയ്തു.കഴിഞ്ഞ 24 വര്‍ഷമായി വാടകയ്ക്ക് താമസിക്കുന്ന വിനയന്റെ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ സഹായവും ഉപയോഗപ്പെടുത്തി. ഇതോടൊപ്പം ബാങ്ക് ലോണും എടുത്താണ് വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തെ ശക്തമായി എതിര്‍ക്കുന്ന വിനയനെതിരെയുള്ള വ്യക്തി വൈരാഗ്യവും പൊതു സമൂഹത്തില്‍ അപമാനിക്കുന്നതിനുമായാണ് ബിജെപി അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാബു മാറാടി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി, കോണ്‍ഗ്രസ് പായിപ്ര മണ്ഡലം പ്രസിഡന്റ് ഷാന്‍ പ്ലാക്കുടി, പായിപ്ര പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം.സി വിനയന്‍ എന്നിവര്‍ പങ്കെടുത്തു

 

Back to top button
error: Content is protected !!