മോഷ്ടിച്ചെടുത്ത ബൈക്കില്‍ കഞ്ചാവ് വില്‍പന: മൂവാറ്റുപുഴ സ്വദേശികള്‍ പിടിയിൽ

മൂവാറ്റുപുഴ: മോഷ്ടിച്ചെടുത്ത ബൈക്കില്‍ നമ്പര്‍പ്ലേറ്റ് മാറ്റി കറങ്ങി നടന്ന് തൊടുപുഴ നഗരത്തിലും പരിസരങ്ങളിലും കഞ്ചാവ് വില്‍പന നടത്തിയ രണ്ട് യുവാക്കളെ തൊടുപുഴ ഡിവൈ.എസ്.പി സ്‌ക്വാഡ് പിടികൂടി. ഇവരുടെ പക്കല്‍ നിന്നും 140 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. മൂവാറ്റുപുഴ പേഴയ്ക്കാപ്പിളളി തുകലില്‍ അഹ്നാബ് അബ്ദുള്‍ റഹ്‌മാന്‍ (18), എഴുത്താണിക്കാട്ടില്‍ മാഹിന്‍ അയൂബ് (18) എന്നിവരെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് മുന്നിലാണ് ഇവരെ സംശയാസ്പദമായ നിലയില്‍ കണ്ടത്. പോലീസിനെ കണ്ട അഹ്നാബ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇയാളെ പോലീസ് പിന്തുടര്‍ന്ന് പിടികൂടി. മാഹിനെ പിടികൂടി ഇയളുടെ ദേഹപരിശോധന നടത്തിയപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. മൂന്ന് ദിവസം മുന്‍പ് മറയൂരില്‍ നിന്നും പരിചയക്കാരന്റെ ബൈക്ക് വാങ്ങിയ മാഹിന്‍ ഇതുമായി കടന്നു കളയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ബൈക്ക് നഷ്ടപ്പെട്ടതോടെ ഉടമ മൂവാറ്റുപുഴ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മാഹിനായി മൂവാറ്റുപുഴ പോലീസ് തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഇരുവരും തൊടുപുഴ പോലീസിന്റെ പിടിയിലായത്. ബൈക്കും തൊടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു.

Back to top button
error: Content is protected !!