മികച്ച കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിനുള്ള സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് മുളന്തുരുത്തി സി.എച്ച്.സിക്ക്.

 

എറണാകുളം: കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന കായകല്‍പ്പ് അവാര്‍ഡ് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചു. മികച്ച സി.എച്ച്.സി.കള്‍ക്കുള്ള അവാര്‍ഡിന് എറണാകുളം മുളന്തുരുത്തി കമ്യൂണിറ്റി ഹെൽത്ത് സെൻ്റർ 90.2 ശതമാനം മാര്‍ക്കോടെ ഒന്നാം സ്ഥാനം നേടി.

സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിച്ച അവാര്‍ഡാണ് കായകല്‍പ്പ്. കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ (പി.എച്ച്.സി.) സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ (സി.എച്ച്.സി), താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍ എന്നിവയില്‍ നിന്ന് തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികള്‍ക്കാണ് കായകല്‍പ്പ് അവാര്‍ഡ് നല്‍കുന്നത്.

ആശുപത്രികളില്‍ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാര്‍ഡ് നിയന്ത്രണ കമ്മറ്റിയിലൂടെയാണ് ഏറ്റവും മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തിരിക്കുന്നത്.

ജില്ലാതല ആശുപത്രികളില്‍ 93 ശതമാനം മാര്‍ക്ക് നേടി കോഴിക്കോട് വിമന്‍ ആന്റ് ചില്‍ഡ്രന്‍ ഹോസ്പിറ്റല്‍ ഒന്നാം സ്ഥാനമായ 50 ലക്ഷം രൂപ കരസ്ഥമാക്കി. കണ്ണൂര്‍ മാങ്ങാട്ടുപറമ്പ് വിമണ്‍ ആന്റ് ചില്‍ഡ്രന്‍ ഹോസ്പിറ്റില്‍ ജില്ലാ തലത്തില്‍ 92.7 ശതമാനം മാര്‍ക്കോടെ രണ്ടാം സ്ഥാനമായ 20 ലക്ഷം രൂപ കരസ്ഥമാക്കി. ജില്ലാതലത്തില്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ 8 ആശുപത്രികള്‍ക്ക് 3 ലക്ഷം രൂപ വീതം കമന്‍ഡേഷന്‍ അവാര്‍ഡ് ലഭിക്കുന്നതാണ്. കൊല്ലം ജില്ലാ ആശുപത്രി (92.2 ശതമാനം), ഇടുക്കി തൊടുപുഴ ജില്ലാ ആശുപത്രി (87.8), മലപ്പുറം നിലമ്പൂര്‍ ജില്ലാ ആശുപത്രി (83.7), മലപ്പുറം തിരൂര്‍ ജില്ലാ ആശുപത്രി (83.5), തൃശൂര്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി (82.8), പത്തനംതിട്ട അടൂര്‍ ജനറല്‍ ആശുപത്രി (76.3), തിരുവനന്തപുരം ഡബ്ല്യു. ആന്റ് സി ഹോസ്പിറ്റല്‍ (73), ആലപ്പുഴ മാവേലിക്കര ജില്ലാ ആശുപത്രി (70.5) എന്നിവയാണ് ജില്ലാ തലത്തില്‍ ഈ അവാര്‍ഡിനര്‍ഹമായ ആശുപത്രികള്‍

സബ് ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനമായ 15 ലക്ഷം രൂപയ്ക്ക് തിരുവനന്തപുരം പാറശാല താലൂക്ക് ആശുപത്രിയും തൃശൂര്‍ ചാലക്കുടി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയും അര്‍ഹത നേടി. കോഴിക്കോട് കുറ്റിയാടി താലൂക്ക് ആശുപത്രി ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടി. അതോടൊപ്പം തന്നെ സബ് ജില്ലാതലത്തില്‍ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ 9 ആശുപത്രികള്‍ക്ക് 1 ലക്ഷം രൂപ വീതം കമന്‍ഡേഷന്‍ അവാര്‍ഡ് തുക ലഭിക്കുന്നതാണ്. കൊല്ലം കരുനാഗപ്പള്ളി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, കോഴിക്കോട് കൊയിലാണ്ടി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, ആലപ്പുഴ ഹരിപ്പാട് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, കാസര്‍ഗോഡ് പനത്തടി താലൂക്ക് ആശുപത്രി, കൊല്ലം കടയ്ക്കല്‍ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, മലപ്പുറം പൊന്നാനി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, കോട്ടയം പാമ്പാടി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, തൃശൂര്‍ ചാവക്കാട് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, ഇടുക്കി കട്ടപ്പന താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി എന്നീ ആശുപത്രികള്‍ സബ് ജില്ലാ തലത്തില്‍ അവാര്‍ഡിനര്‍ഹരായി.

70 ശതമാനത്തിന് മുകളില്‍ മാര്‍ക്കുള്ള മലപ്പുറം കാളിക്കാവ്, കൊല്ലം തൃക്കടവൂര്‍, പാലക്കാട് കടമ്പഴിപുരം, കോഴിക്കോട് തലക്കുളത്തൂര്‍, തൃശൂര്‍ മുല്ലശേരി, തിരുവനന്തപുരം വെള്ളനാട്, തൃശൂര്‍ പെരിഞ്ഞാനം, *എറണാകുളം കീച്ചേരി*, കോട്ടയം മുണ്ടക്കയം, കോട്ടയം അരുനൂട്ടിമംഗലം, കോഴിക്കോട് ഒളവണ്ണ, *എറണാകുളം രാമമംഗലം*, കൊല്ലം പാലത്തറ, ആലപ്പുഴ അമ്പലപ്പുഴ, തിരുവനന്തപുരം പെരുങ്കടവിള, ഇടുക്കി മുട്ടം, പത്തനംതിട്ട കല്ലൂപ്പാറ എന്നീ 17 സി.എച്ച്.സി.കള്‍ക്ക് 1 ലക്ഷം രൂപ വീതം കമന്‍ഡേഷന്‍ അവാര്‍ഡ് തുക ലഭിക്കുന്നതാണ്.

അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ വിഭാഗങ്ങളെ 3 ക്ലസ്റ്റര്‍ ആയി തിരിച്ചാണ് അവാര്‍ഡ് നല്‍കിയത്. അതില്‍ ഫസ്റ്റ് ക്ലസ്റ്ററില്‍ കോട്ടയം പെരുന്ന അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ഒന്നാം സ്ഥാനവും (2 ലക്ഷം) തിരുവനന്തപുരം മാമ്പഴക്കര അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ രണ്ടാം സ്ഥാനവും (ഒന്നര ലക്ഷം) ആലപ്പുഴ ചേറാവള്ളി അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ (ഒരു ലക്ഷം) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

സെക്കന്റ് ക്ലസ്റ്ററില്‍ തൃശൂര്‍ പറവട്ടാനി അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ഒന്നാം സ്ഥാനവും (2 ലക്ഷം) തൃശൂര്‍ വിആര്‍ പുരം അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ രണ്ടാം സ്ഥാനവും (ഒന്നര ലക്ഷം) *എറണാകുളം മൂലംകുഴി അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍* (ഒരു ലക്ഷം) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

തേര്‍ഡ് ക്ലസ്റ്ററില്‍ മലപ്പുറം നിലമ്പൂര്‍ മുമുള്ളി അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ ഒന്നാം സ്ഥാനവും (2 ലക്ഷം) കണ്ണൂര്‍ മട്ടന്നൂര്‍ പൊരോര അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ രണ്ടാം സ്ഥാനവും (ഒന്നര ലക്ഷം) മലപ്പുറം ഇരവിമംഗലം അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ (ഒരു ലക്ഷം) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

70 ശതമാനത്തിന് മുകളിലുള്ള 13 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ക്ക് 50,000 രൂപ വീതം കമന്‍ഡേഷന്‍ അവാര്‍ഡ് തുക ലഭിക്കുന്നതാണ്. *എറണാകുളം തൃപ്പുണ്ണിത്തുറ എളമാന്തോപ്പ്*, *എറണാകുളം വട്ടംകുന്നം*, ഇടുക്കി പാറക്കടവ്, *എറണാകുളം തമ്മനം*, തൃശൂര്‍ ഗുരുവായൂര്‍, തൃശൂര്‍ പോര്‍ക്കലങ്ങാട്, തൃശൂര്‍ കേച്ചേരി, കണ്ണൂര്‍ കൊളശേരി, മലപ്പുറം മംഗലശേരി, കാസര്‍ഗോഡ് പുലിക്കുന്ന്, വയനാട് കല്‍പ്പറ്റ മുണ്ടേരി, കോഴിക്കോട് കിനാശേരി, കണ്ണൂര്‍ കൂവോട് എന്നിവയാണവ.

പ്രാഥമികാരോഗ്യ കേന്ദ്ര വിഭാഗത്തില്‍ എല്ലാ ജില്ലകളില്‍ നിന്നും ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ച പ്രാഥമികാരോഗ്യ കേന്ദ്രത്തിന് 2 ലക്ഷം രൂപ വീതവും ജില്ലയില്‍ തന്നെ 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ച രണ്ട് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് 50,000 രൂപ വീതവും അവാര്‍ഡ് തുക ലഭിക്കുന്നതാണ്. എറണാകുളം ജില്ലയിൽ പനങ്ങാട് എഫ്.എച്ച്.സിക്ക് രണ്ടു ലക്ഷം രൂപയും കരുമാലൂർ, കീഴ്മാട് എഫ്.എച്ച്.സികൾക്ക് 50,000 രൂപ വീതവും ലഭിക്കും.

Back to top button
error: Content is protected !!