വ്യത്യസ്തനായൊരു ബെന്നി മാഷ്……….

 

ദീപേഷ് മൂവാറ്റുപുഴ

മൂവാറ്റുപുഴ: അധ്യാപകനും കുടുംബനാഥനും സംഘടനാ പ്രവർത്തകനും അതിനെല്ലാമുപരി മികച്ച കർഷകനുമാണ് നമ്മുടെ ബെന്നി മാഷ്. ആയവന പഞ്ചായത്തിൽ കാലാമ്പൂർ താഴത്തേക്കുടിയിൽ
ബെന്നി തോമസ് അധ്യാപക ജോലിയ്ക്കിടെയിലുള്ള സമയം കൃഷിയിലും അസ്സൽ മാഷാകുന്നു. പുരയിടവും കൃഷിയിടവുമുൾപ്പെടെ മൂന്ന് ഏക്കർ സ്ഥലത്താണ് അദ്ദേഹത്തിന്റെ കൃഷി. കപ്പ, റബ്ബർ, തെങ്ങ്, പച്ചക്കറി, തീറ്റപ്പുൽ എന്നിവയും പഴവർഗ്ഗങ്ങളിൽ വിവിധ ഇനം വാഴകൾ ചെറിയ തോതിൽ റമ്പൂട്ടാൻ, മൊസംബി, മിറാക്കിൾ ഫ്രൂട്ട്, ഡ്രാഗൺഫ്രൂട്ട്, മുന്തിരി, അമ്പഴം, പപ്പായ പേര, കശുമാവ്, എന്നിവയുൾപ്പെടെ ചക്ക കായ്ച്ച് വിളവെടുത്തു തുടങ്ങിയ 18 മാസം വളർച്ചയുള്ള വിയറ്റ്നാം സൂപ്പർ ഏർലി പ്ലാവ് വരെ വീട്ട് മുറ്റത്തും അതു പോലെ കൃഷിയിടത്തിലുമുണ്ട്. പശയില്ലാതെ കുരുവില്ലാതെ ചക്കയുണ്ടാകുന്ന പ്രത്യേക തരം പ്ലാവ് മാഷ് നട്ടിട്ടുണ്ട്. കൂടാതെ ഇഞ്ചി, കോളിഫ്ലവർ, കാന്താരി, കുരുമുളക്, കിഴങ്ങ് വർഗ്ഗങ്ങൾ എന്നിവയുമു ണ്ട്. 3500 കോഴികളെ വളർത്തുന്ന വിസ്താരമുള്ള കോഴി ഫാം കാഴ്ചക്ക് നല്ല അഴകാണ്. വീട്ടാവശ്യത്തിനായി പശു, ആട്, താറാവ്, നാടൻ കോഴികൾ, വളർത്ത് മത്സ്യം എന്നിവയുമുണ്ട്. കൃഷിയിൽ സഹായിയാകുന്നത് ഭാര്യ മോളിയും അമ്മ സാറാമ്മയുമാണ്. മക്കളായ തോമസ്കുട്ടിയും അമലുവും ഒപ്പം കൂടും. ബാല്യത്തിൽ അച്ചൻ മരിച്ചതിനേ തുടർന്ന് മറ്റ് ബന്ധുക്കളോടൊപ്പമാണ് നെൽക്കൃഷിയുൾപ്പെടെ പരമ്പരാഗത കൃഷിരീതി പഠിച്ച് തുടങ്ങിയത്. ജൈവ വളമാണ് കൂടുതൽ ഇപ്പോൾ ഉപയോഗിയ്ക്കുന്നത്.
കൃഷിയ്ക്കാവശ്യമായ നിർമ്മാണ ജോലികളും ബെന്നി മാഷ് സ്വന്തമായിട്ടാണ് ചെയ്യുന്നത്. അധ്യാപക ജോലിയ്ക്കിടെ സമയമെവിടെ എന്ന ചോദ്യത്തിന് മറുപടിയും മാതൃകയുമാണ് ബെന്നി തോമസ്. 18 വയസിൽ 1986 ൽ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. ഗവ. എൽ.പി. സ്കൂൾ പ്രാധാനാധ്യാപകനായ ഇദ്ദേഹം ഡെപ്യൂട്ടേഷനിൽ മൂവാറ്റുപുഴ ബി.ആർ.സി. ട്രെയിനറാണ്. അധ്യാപക സംഘടനയായ കെ.എസ്.ടി.എ. മൂവാറ്റുപുഴ സബ് ജില്ലാ സെക്രട്ടറി, എഫ്.എസ്.ഇ.റ്റി.ഒ. മൂവാറ്റുപുഴ താലൂക്ക് പ്രസിഡന്റ്, മൂവാറ്റുപുഴ ഗവ: സെർവ്വന്റ്സ് സൊസൈറ്റി പ്രസിഡന്റുമാണ്.
രാജ്യത്ത് നാനാ മേഖലയിലും
കർഷകർക്കനുകൂലമായ ശബ്ദമുയരുമ്പോൾ കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ബെന്നി തോമസ് തന്റെ കൃഷിയുമായി മുന്നേറുന്നത്.

ചിത്രം: കൃഷിയിടത്തിലെ വിയറ്റ്നാം സൂപ്പർ ഏർലി പ്ലാവിൻ ചുവട്ടിൽ ബെന്നി തോമസും ഭാര്യ മോളിയും

Back to top button
error: Content is protected !!