ലതാപ്പാലത്തിന് അപകടഭീഷണി ഉയര്‍ത്തി തൂണുകളില്‍ ആല്‍മരം വളരുന്നു

മൂവാറ്റുപുഴ: തൊടുപുഴയാറിന് കുറുകെയുള്ള ലതാപ്പാലത്തിന് അപകടഭീഷണി ഉയര്‍ത്തി തൂണുകളില്‍ ആല്‍മരം വളരുന്നു. ദിനം പ്രതി ആയിരക്കണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന മൂവാറ്റുപുഴയിലെ പ്രധാന പാലങ്ങളിലൊന്നാണ് അപകടഭീഷണി നേരിടുന്നത്. പാലത്തിന്റെ മൂന്ന് തൂണുകളിലും ആല്‍മരവും, മറ്റ് പാഴമരങ്ങളും തഴച്ചുവളരുകയാണ്. വളര്‍ന്നുവരുന്ന മരങ്ങളുടെ വേരുകള്‍ തൂണുകളില്‍ വിള്ളലുകള്‍ സൃഷ്ടിച്ചാല്‍ വലിയ അപകടത്തിനായിരിക്കും സാക്ഷ്യംവഹിക്കേണ്ടിവരിക. കരിങ്കല്‍ തൂണുകളിലാണ് മൂവാറ്റുപുഴ – തൊടുപുഴ റോഡില്‍ കോണ്‍ക്രീറ്റ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. ഈ കരിങ്കല്‍ തൂണുകളില്‍ ആലുകള്‍ വളരുന്നതോടെ വേരുകളാഴ്ന്നിറങ്ങി ബലക്ഷയം സംഭവിക്കുമെന്ന ആശങ്കയിലാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍. വേരുകളിറങ്ങി വിള്ളലുകളുണ്ടായാല്‍ പിന്നീട് പൂര്‍ണ്ണമായും കൂട്ടിയോജിപ്പിക്കാന്‍ സാധിക്കില്ലെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. നിരവധി തവണ പാലത്തിലെ അപകട സാധ്യത ബന്ധപ്പെട്ട അധികൃതരെ അറിയിച്ചെങ്കിലും ശാശ്വത പരിഹാരം കണ്ടെത്താന്‍ ഇതുവരെയും തയ്യാറായിട്ടില്ലെന്നാണ് ആരോപണമുയരുന്നത്. പരാതി ലഭിക്കുമ്പോള്‍ മരത്തിന്റെ ശിഖരങ്ങള്‍ മാത്രം മുറിച്ചുമാറ്റുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇവ വേരോടെ പിഴുതുമാറ്റി പാലത്തിന്റെ സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Back to top button
error: Content is protected !!