സെന്റ് പീറ്റേഴ്സ് സ്പോർട്സ് സെന്ററിൽ അവധിക്കാല ബാഡ്മിന്റൺ പരിശീലനം തിങ്കളാഴ്ച ആരംഭിക്കും

കോലഞ്ചേരി: സെന്റ് പീറ്റേഴ്സ് സ്പോർട്സ് സെന്ററിൽ അവധിക്കാല ബാഡ്മിന്റൺ പരിശീലനം തിങ്കളാഴ്ച തുടങ്ങും. അത് ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ജോയിന്റ് സെക്രട്ടറി പ്രഫ. പി.ഐ. ബാബു പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. സെന്റ് പീറ്റേഴ്സ് സ്കൂൾ മാനേജർ അഡ്വ. മാത്യു പി. പോൾ അധ്യക്ഷത വഹിക്കും. 2 മാസത്തെ പരിശീലനത്തിൽ 5 വയസ്സു മുതൽ പ്ലസ്ടു തലം വരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂളിനോട് അനുബന്ധിച്ചുള്ള സ്പോർട്സ് സെന്ററിൽ 4 വുഡൻ ഷട്ടിൽ കോർട്ടുകളാണുള്ളത്. മികച്ച പരിശീലകരുടെ സേവനം ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. 11,000 ചതുരശ്രയടി വിസ്തീർണത്തിൽ പൂർണമായും എസിയിൽ പ്രവർത്തിക്കുന്ന ഇൻഡോർ കോർട്ട് രാജ്യാന്തര നിലവാരത്തിലാണ് നിർമിച്ചിരിക്കുന്നത്. സംസ്ഥാനത്തെയും ദക്ഷിണേന്ത്യയിലെയും ബാഡ്മിന്റൻ ചാംപ്യൻഷിപ്പുകൾക്ക് വേദിയായിട്ടുള്ള ഈ കോർട്ടിൽ പരിശീലനത്തിന് അവസരം ഒരുക്കുന്നത് മികച്ച കായിക താരങ്ങളെ വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന് സംഘാടകർ പറഞ്ഞു.