ആയവനയിൽ സ്വകാര്യ വ്യക്തി റവന്യു ഭൂമി കയ്യേറി മതിൽ കെട്ടിയതായി പരാതി.

 

മുവാറ്റുപുഴ: ആയവന ടൗണിനു സമീപം വാഴക്കുളം റോഡിൽ നിൽക്കുന്ന നൂറ്റമ്പത് വർഷത്തോളം പഴക്കമുള്ള കൂറ്റൻ ആഞ്ഞിലിമരവും ഇതോടു ചേർന്നുള്ള 20 സെൻ്റോളം വരുന്ന റവന്യു ഭൂമിയും സ്വകാര്യ വ്യക്തി കയ്യേറി മതിൽ നിർമ്മിച്ചതായി പരാതി. 250 ഇഞ്ചോളം വണ്ണമുള്ള ആഞ്ഞിലി മരം ലക്ഷങ്ങൾ വിലമതിക്കുന്നതാണ്. റോഡ് വക്കിൽ നിൽക്കുന്ന ഈ കൂറ്റൻ മരം സ്വന്തം സ്ഥലത്തോട് ചേർത്ത് സ്വകാര്യ വ്യക്തി മതിൽ കെട്ടിയിരിക്കുന്നതായാണ് ആക്ഷേപം. ആയവന പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപമുള്ള ഈ ഭൂമി റോഡ് വികസനത്തിന് ഏറ്റവും അത്യാവശ്യമുള്ള ഭൂമിയാണ്. പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചിട്ടും അനധികൃത നിർമ്മാണത്തിനും കയ്യേറ്റത്തിനുമെതിരെ ഒരു നടപടിയും എടുക്കുന്നില്ല എന്നാണ് ആക്ഷേപം. ഇടതുപക്ഷ നേതാക്കളുടെ പരാതിയെ തുടർന്ന് റവന്യു, പൊതുമരാമത്ത് അധികൃതർ സ്ഥലത്തെത്തി നിർമ്മാണ പ്രവർത്തനങ്ങൾ തടഞ്ഞിരിക്കുകയാണ്. എൽ.ഡി.എഫ്. നേതാക്കളായ ജോളി പൊട്ടയ്ക്കൽ, കെ.ടി. രാജൻ, സി.കെ. സോമൻ, ഷാജി അലിയാർ, ഷിവാഗോ തോമസ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. എത്രയും വേഗം കയ്യേറ്റം ഒഴിപ്പിക്കുവാൻ വേണ്ടുന്ന നടപടികൾ എടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.

 

പടം : ആയവന ടൗണിനു സമീപം റവന്യൂ ഭൂമിയിൽ നിൽക്കുന്ന കൂറ്റൻ ആഞ്ഞിലിമരവും സ്ഥലവും സ്വകാര്യ വ്യക്തി കയ്യേറി മതിൽ കെട്ടിയ നിലയിൽ.

Back to top button
error: Content is protected !!