ആവോലി പഞ്ചായത്തിലെ കുടുംബാരോഗ്യകേന്ദ്രം ഉദ്ഘാടനം ഇന്ന്

 

 

വാഴക്കുളം: ആവോലി പഞ്ചായത്തിലെ കുടുംബാരോഗ്യകേന്ദ്രം ഉദ്ഘാടനം ഇന്ന് രാവിലെ 10.30 ന് മന്ത്രി വീണാ ജോർജ് ഓൺലൈനിൽ നിർവഹിക്കും.ഇതോടനുബന്ധിച്ച് ആനിക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപം ചേരുന്ന യോഗത്തിൽ മാത്യു കുഴൽനാടൻ എം എൽ എ അധ്യക്ഷത വഹിക്കും.

ഡീൻ കുര്യാക്കോസ് എം.പി മുഖ്യാതിഥിയായിരിക്കും. ജില്ല പഞ്ചായത്തു പ്രസിഡൻറ് ഉല്ലാസ് തോമസ്, ബ്ലോക്കു പഞ്ചായത്തു പ്രസിഡൻറ് ജോസ് അഗസ്റ്റിൻ, ആവോലി പഞ്ചായത്തു പ്രസിഡൻ്റ് ഷെൽമി ജോൺസ് തുടങ്ങിയവർ പങ്കെടുക്കും.

 

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിച്ച ആശ വർക്കർമാരെയും ആരോഗ്യ പ്രവർത്തകരെയും യോഗത്തിൽ ആദരിക്കും.പ്രാഥമികാരോഗ്യ കേന്ദ്രമായി ആനിക്കാട് പ്രവർത്തിച്ചിരുന്ന സ്ഥാപനമാണ് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നത്. സർക്കാരിൻ്റെ നൂറുദിന കർമപരിപാടിയുടെ രണ്ടാം ഘട്ട വികസന പദ്ധതിയിലാണ് കുടുംബാരോഗ്യകേന്ദ്രമായി ആവോലിയിലെ പ്രാഥമികാരോഗ്യകേന്ദ്രം മാറുന്നത്.

മുപ്പതു ലക്ഷം ചെലവിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തിയാണ് നിലവിലുള്ള കേന്ദ്രത്തിൽ പുതിയ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്.കുടുംബാരോഗ്യ കേന്ദ്രമാകുന്നതോടെ പൊതു വിഭാഗത്തിൽ രണ്ടു ഡോക്ടർമാരുടെ സേവനം ലഭ്യമാക്കും.ഉച്ചകഴിഞ്ഞും രോഗികൾക്ക് പരിശോധനാ വിഭാഗത്തിൽ ഡോക്ടർമാരെ കാണാൻ സാധിക്കും.നിലവിലുള്ള രണ്ടു നഴ്സ്മാർക്കൊപ്പം രണ്ടു പേരുടെ കൂടി സേവനവും കുടുംബാരോഗ്യ കേന്ദ്രത്തിലുണ്ടാകും.സമീപ ഭാവിയിൽ തന്നെ ലബോറട്ടറി സംവിധാനവും ഒരുക്കുമെന്ന് ആവോലി പഞ്ചായത്തു പ്രസിഡൻ്റ് ഷെൽമി ജോൺസ് അറിയിച്ചു.

Back to top button
error: Content is protected !!