യു.ഡി.എഫ്. സ്ഥാനാർത്ഥിയുടെ പ്രചരണ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു; തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സി.പി.എം. ശ്രമമെന്ന് യു.ഡി.എഫ്.

മൂവാറ്റുപുഴ: തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ യു.ഡി.എഫ്. സ്ഥാനാർത്ഥിയുടെ പ്രചരണ വാഹനം കല്ലൂർക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു.
ജില്ലാ പഞ്ചായത്ത് ആവോലി ഡിവിഷൻ സ്ഥാനാർത്ഥി ഉല്ലാസ് തോമസിന്റെ പ്രചരണ വാഹനമാണ് ഇന്ന് രാവിലെ 9 മണിയോടെ പഞ്ചായത്ത് കവലയിൽവച്ച്
പോലീസ് പിടികൂടിയത്.
കേരള കോൺഗ്രസ് നേതാവ് ഫ്രാൻസീസ് ജോർജ് തെരഞ്ഞെടുപ്പ് യോഗം ഉദ്ഘാടനം ചെയ്യുന്നതിനിടെ പോലീസുകാരെത്തി രേഖകൾ ആവശ്യപ്പെടുകയായിരുന്നു. കളക്ടർ നൽകിയ മുഴുവൻ രേഖകളും ഡ്രൈവർ കാണിച്ചെങ്കിലും സർക്കിൾ ഇൻസ്പെക്ടറെ കാണാനായിരുന്നു നിർദ്ദേശം. പെർമിറ്റ് രേഖകൾ മുഴുവൻ നൽകിയിട്ടും പോലീസ്
വാഹനം കസ്റ്റഡിയിലെടുത്തു. സ്ഥാനാർത്ഥി ഉല്ലാസ് തോമസും ചീഫ് ഇലക്ഷൻ കോർഡിനേറ്റർ ജോൺ തെരുവത്തുമടക്കം യു.ഡി.എഫ്. നേതാക്കൾ സ്റ്റേഷനിലെത്തി സംസാരിച്ചെങ്കിലും വാഹനം വിട്ടു നൽകാൻ സി.ഐ. തയ്യാറായില്ലെന്ന് പ്രവർത്തകർ പറഞ്ഞു. തുടർന്ന് വിവരമറിഞ്ഞെത്തിയ യു.ഡി.എഫ്. പ്രവർത്തകർ സ്റ്റേഷന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചതോടെയാണ് വാഹനം വിട്ടു നൽകിയത്. പോലീസിനെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സി.പി.എം. ശ്രമിക്കുകയാണന്ന് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി
മുഹമ്മദ് റഫീക്ക് ആരോപിച്ചു.പരാജയഭീതി പൂണ്ട സി.പി.എം. പോലീസിനെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും യു.ഡി.എഫ്. പ്രവർത്തകർ പറഞ്ഞു. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥര്‍ തെരഞ്ഞെടുപ്പ് പ്രചാരവേല ചെയ്യണ്ടന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് സ്ഥാനാര്‍ത്ഥിയുടെ പ്രചരണ വാഹനം കസ്റ്റഡിയിലെടുത്ത കല്ലൂര്‍ക്കാട് സി.ഐ. ക്കെതിരെ മുഹമ്മദ് റഫീക്ക് പരാതി നല്‍കി.
നേതാക്കളായ ജോൺ തെരുവത്ത്, ബൈജി ആത്രശേരിൽ, പങ്കജാക്ഷൻ നായർ, വിജയൻ മരുതൂർ, ആൽബിൻ രാജു, ജോർജ് ഫ്രാൻസിസ് കെക്കേകര, സജി വട്ടക്കുഴി എന്നിവർ സംസാരിച്ചു.

Back to top button
error: Content is protected !!