ആളില്ലാതിരുന്ന സമയം വീട്ടില്‍ കയറി വീഡിയോ ചിത്രീകരിച്ച് പഞ്ചായത്തംഗത്തെയും ഭാര്യയെയും മോശക്കാരനാക്കാന്‍ ശ്രമം: ബിജെപി നേതാവിനെതിരെ പരാതി

പായിപ്ര: ലൈഫ് ഭവന പദ്ധതിയില്‍ ലഭിച്ച് നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ ബിജെപി മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് ആളില്ലാതിരുന്ന സമയം കയറി വീഡിയോ ചിത്രീകരിച്ചതായി പരാതി. പായിപ്ര പഞ്ചായത്ത് 22-ാം വാര്‍ഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ എം.സി വിനയന്റെ ഭാര്യ അശ്വതി സോമനാണ് മൂവാറ്റുപുഴ ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. ആളില്ലാതിരുന്ന സമയമാണ് നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ കയറി ബിജെപി മണ്ഡലം പ്രസിഡന്റ് അരുണ്‍ പി മോഹന്‍ വീഡിയോ ചിത്രീകരിച്ചതെന്നും, എസ്‌സി വിഭാഗത്തില്‍ ലൈഫ് ഭവന പദ്ധതിയില്‍ വീട് ലഭിച്ച തന്നെയും ജനപ്രതിനിധിതിയായ ഭര്‍ത്താവിനെയും പൊതുസമൂഹത്തില്‍ മോശക്കാരനാക്കാന്‍ വീഡിയോ ഉപയോഗിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.

2019ല്‍ ലൈഫിന്റെ എസ്‌സി പട്ടികയില്‍ തന്റെ ഭാര്യയുടെ പേരില്‍ ലൈഫ് ഭവന പദ്ധതിയില്‍ വീട് അനുവദിക്കുകയും, ലൈഫില്‍ നിന്ന് ലഭിക്കുന്ന 450 സ്‌ക്വര്‍ ഫീറ്റ് വീടിന്റെ ശേഷിക്കുന്ന ഭാഗത്തിന്റെ നിര്‍മ്മാണം മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കിയുടെ നിര്‍ദ്ദേശപ്രകാരം കോണ്‍ഗ്രസ് നേതൃത്വം ഏറ്റെടുത്താണ് നടത്തിയതെന്നും, വീടിന്റെ അവസാന ഘട്ട നിര്‍മ്മാണത്തിന് താനും, ഭാര്യയും ചേര്‍ന്ന് ലോണ്‍ എടുത്ത് തീര്‍ക്കാനാണ് പോകുന്നതെന്നും എം.സി വിനയന്‍ പറഞ്ഞു. വില കുറഞ്ഞ രാഷ്ട്രീയമാണ് ബിജെപി നടത്തുന്നതെന്നും, ഇത് കൊണ്ടൊന്നും ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തെ എതിര്‍ക്കുന്നത് അവസാനിപ്പിക്കില്ലെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.

24 വര്‍ഷമായി വാടകയ്ക്ക് താമസിക്കുന്ന വിനയനെയും കുടുംബത്തേയും സംരക്ഷിച്ച് മുന്നോട്ട് പോകേണ്ട ഉത്തരവാദിത്വം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഉണ്ടെന്നും, അച്ഛനും അമ്മയും ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന വിനയന്റെ കുടുബത്തിന് 450 സ്‌ക്വയര്‍ഫീറ്റുള്ള വീട് സൗകര്യപ്രദമാകില്ലെന്ന ബോധ്യം പാര്‍ട്ടിക്കുള്ളത് കൊണ്ടാണ് പാര്‍ട്ടി വിനയന് വലിപ്പം കൂടിയ വീട് നിര്‍മ്മിക്കാന്‍ വിദേശത്തും സ്വദേശത്തുമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് തീരുമാനമെടുത്ത് മുന്നോട്ട് പോയതെന്നും, വിനയനെ ബിജെപിയോ ഏത് രഷ്ട്രീയ പ്രസ്ഥാനമോ വേട്ടയാന്‍ നോക്കിയാലും ചേര്‍ത്ത് നിര്‍ത്തി സംരക്ഷിക്കുമെന്നും മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കിയും, പായിപ്ര മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ പ്രസിഡന്റ് പി.എം ഷാന്‍ പ്ലാക്കുട്ടിയും പറഞ്ഞു.

 

Back to top button
error: Content is protected !!