സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ പായിപ്ര സ്വദേശിക്കെതിരെ കേസ്

മൂവാറ്റുപുഴ: വീട്ടമ്മയുടെ പരാതിയില്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ഇബി ജീവനക്കാരനെതിരെ മൂവാറ്റുപുഴ പോലീസ് കേസെടുത്തു. നെല്ലിക്കുഴി കെഎസ്ഇബി ഓഫീസിലെ ജീവനക്കാരന്‍ പായിപ്ര മൈക്രോ ജംഗ്ഷനില്‍ ഇടശേരികുടിയില്‍ നസീറിനെതിരെയാണ് പായിപ്രയില്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് കേസെടുത്തത്. ദുര്‍ബല വകുപ്പുകള്‍ ചേര്‍ത്ത് പ്രതിയെ രക്ഷിക്കുന്നതിനുള്ള നീക്കമാണ് പോലീസ് നടത്തിയതെന്ന് കുടുംബം ആരോപിക്കുന്നു. കേസെടുത്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്താതെ പ്രതിയെ മടക്കി അയച്ചുവെന്നാണ് ഇവരുടെ പരാതി. ഏഴു വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുക്കുന്നതെങ്കില്‍ അറസ്റ്റ് അനിവാര്യമല്ലന്നാണ് പോലീസിന്റെ വാദം. പരാതിക്കാരിയുടെ മൊഴി പ്രകാരമുളള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നും പോലീസ് പറയുന്നു. ഇതിനിടെ ജനപ്രതിനിധിയായ സിപിഐ നേതാവും കോണ്‍ഗ്രസ് നേതാവും പ്രതിക്കൊപ്പം പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നതായും പരാതിക്കാരിയുടെ കുടുംബം ആരോപിക്കുന്നുണ്ട്.

വാടക വീട്ടില്‍ താമസിക്കുന്ന വീട്ടമ്മയ്ക്ക് ഭിന്നശേഷിക്കാരിയായ 24 വയസുളള മകളുണ്ട്. നിരവധി തവണയായി ഇയാള്‍ അശ്ലല ഭാഷയില്‍ സംസാരിച്ചതായി വീട്ടമ്മയുടെ പരാതിയില്‍ പറയുന്നു. പുറത്ത് പറയുകയോ പരാതി നല്‍കുകയോ ചെയ്താല്‍ വീട്ടമ്മയെയും മകളേയും പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്ന് ഭീഷണി മുഴക്കിയതായും പരാതിയിലുണ്ട്. മാസങ്ങളായി ശല്യം തുടരുന്നതിനിടെ കഴിഞ്ഞ 19 ന് സ്‌കൂട്ടറില്‍ എത്തിയ പ്രതി തടഞ്ഞ് നിര്‍ത്തുകയും മോശമായി സംസാരിക്കുകയും കയറിപ്പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി പരാതിയിലുണ്ട്. സംഭവം കണ്ട് ഓടിയെത്തിയ ഭര്‍ത്താവിനോട് മോശമായി സംസാരിക്കുകയും, ആക്രമിക്കാന്‍ ശ്രമിക്കുകയും, പലപ്പോഴും ജോലിക്ക് പോകുമ്പോള്‍ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യാറുണ്ടെന്നും പരാതിയില്‍ പറയുന്നു.

Back to top button
error: Content is protected !!