മൂവാറ്റുപുഴയാറില്‍ ജലനിരപ്പുയര്‍ന്നതോടെ പുഴയോര നടപ്പാത വെള്ളത്തിനടിയില്‍: തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം

മൂവാറ്റുപുഴ: കാലവര്‍ഷമെത്തി രണ്ട് ദിവസത്തിനുള്ളില്‍ തന്നെ നിറഞ്ഞൊഴുകി മൂവാറ്റുപുഴയാര്‍. ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് പുഴയോര നടപ്പാത വെള്ളത്തിനടിയിലായി. മലങ്കര ഡാമിന്റെ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തിയതോടെയാണ് മൂവാറ്റുപുഴയാറില്‍ ജലനിരപ്പ് ഉയര്‍ന്നത്. കനത്ത നീരൊഴുക്കിനെ തുടര്‍ന്ന് ഇന്നലെ ഡാമിലെ നാല് ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരുന്നത്. എന്നാല്‍ തൊടുപുഴയിലും, മലങ്കര ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിലും മഴ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചതോടെ 5 ഷട്ടറുകള്‍ ഒന്നര മീറ്റര്‍ വീതം ഉയര്‍ത്തുകയായിരിന്നു. ഇന്ന് രാവിലെ 7ഓടെ ഡാമിലെ ജലനിരപ്പ് 40.60 അടിയായതോടെയാണ് ഡാമിന്റെ 2,3,4,5,6 ഷട്ടറുകള്‍ ഉയര്‍ത്തിയത്. ഇന്നലെ മൂവാറ്റുപുഴയാറിന്റെ പുഴയോര നടപ്പാതക്ക് താഴെയായി നിന്നിരുന്ന ജലനിരപ്പ് ഇന്ന് രാവിലെ ഡാമില്‍ നിന്നും കൂടുതല്‍ വെള്ളം തുറന്ന് വിട്ടതോടെ നടപ്പാതയെ പൂര്‍ണ്ണമായും വെള്ളത്തിനടിയിലാക്കി. കലങ്ങിമറിഞ്ഞാണ് മൂവാറ്റുപുഴയാറിലൂടെ വെള്ളമൊഴുകുന്നത്. മലങ്കര ഡാമില്‍ പരമാവധി ജലനിരപ്പായ 41.50 മീറ്ററില്‍ വെള്ളമെത്തുന്ന സാഹചര്യമുണ്ടായാല്‍ രണ്ടു മീറ്റര്‍ വീതം ഷട്ടറുകള്‍ ഉയര്‍ത്തും. മൂവാറ്റുപുഴയിലും, സമീപ പ്രദേശങ്ങളിലും മഴ കുറഞ്ഞ് നില്‍ക്കുന്ന സാഹചര്യമാണെങ്കിലും മലങ്കര ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം പുറത്തേക്കൊഴുക്കുന്നതിനാല്‍ മൂവാറ്റുപുഴയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ട്. പോലീസും, ഫയര്‍ഫോഴ്‌സും, ത്രിതല പഞ്ചായത്തും അത്യാവശ്യ ഘട്ടങ്ങളെ നേരിടാന്‍ ഒരുങ്ങിക്കഴിഞ്ഞു. മൂവാറ്റുപുഴ താലൂക്ക് ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ചുവരുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. ആവശ്യഘട്ടങ്ങളില്‍ ദുരിതാശ്വാസക്യാമ്പുകള്‍ തുറക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുങ്ങിക്കഴിഞ്ഞു.

Back to top button
error: Content is protected !!