അനധികൃത മണ്ണെടുപ്പ്: മൂവാറ്റുപുഴ വാലി കനാൽ അപകട ഭീഷണി ഉയർത്തുന്നു.

 

മൂവാറ്റുപുഴ: ആരക്കുഴ പഞ്ചായത്തിൽ പതിമൂന്നാം വാർഡിലെ (മുതുകല്ല് ) സ്വകാര്യവ്യക്തിയുടെ സ്ഥലത്തു നിന്നുള്ള അനധികൃത മണ്ണെടുപ്പിനെത്തുടർന്ന് മൂവാറ്റുപുഴ വാലി ഇറിഗേഷൻ കനാൽ അപകട ഭീഷണിയുയർത്തുന്നു.
ബിൽഡിംഗ് പെർമിറ്റ്ന്റെ മറവിൽ കനാൽ സ്ഥിതി ചെയ്യുന്ന ഭാഗത്തുനിന്ന് ലോഡുകണക്കിന് മണ്ണ് സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ നിന്നും നിരവധി ടോറസ് വാഹനങ്ങൾ ഉപയോഗിച്ച് കടത്തിയിരുന്നതായി നാട്ടുകാർ പരാതിപ്പെട്ടു. കനാൽ ഭാഗം കൂടി കൈയ്യേറി മണ്ണ് കടത്തിയതോടെ ഏതുനിമിഷവും കനാൽ
ഇടിഞ്ഞു വീഴുന്ന അവസ്ഥയിലാണ്. പ്രദേശവാസികൾ ആർ.ഡി.ഓ., പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസർ എന്നിവർക്ക് പരാതി നൽകിയിരുന്നു. പരാതിയെത്തുടർന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും സ്വന്തം പുരയിടത്തിൽ നിന്നും മണ്ണ് എടുക്കാനുള്ള പെർമിറ്റ് കാണിച്ച് വ്യക്തി രക്ഷപ്പെടുകയായിരുന്നു. എന്നാൽ വിവിധ വകുപ്പുകൾക്ക് നൽകിയ പരാതിയിന്മേൽ കൃത്യസമയത്ത് നടപടി എടുത്തില്ല എന്നും നാട്ടുകാർ ആരോപിച്ചു. കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് 12 അടിയിലേറെ ഉയരത്തിൽ മണ്ണ് കടത്തിയതോടെ കനാലിനെ പലഭാഗങ്ങളും ഇടിഞ്ഞു താണു. ഭൂമിക്ക് അടിയിലൂടെ കനാൽ നിർമ്മിച്ച് മുകൾഭാഗം കോൺക്രീറ്റ് കൊണ്ടു മൂടി ഭൂഗർഭ കനാൽ ഉണ്ടെന്ന് തോന്നാത്തവിധം മുകൾഭാഗം മണ്ണിട്ടു മൂടിയാണ് ഇത് പണികഴിപ്പിച്ചത്.
രണ്ടു മീറ്ററോളം അകത്തേക്ക് കയറി മണ്ണെടുത്തതോടെ കനലിന്റെ എയർ ഹോൾ ഭാഗങ്ങൾ പുറത്തു കാണാവുന്ന അവസ്ഥയിൽ ആയിട്ടുണ്ട്. ശക്തമായ മഴ ഉണ്ടായാൽ ഈ ഭാഗങ്ങൾ ഇടിഞ്ഞുവീണ് വലിയ അപകട സാധ്യതയും നിലനിൽക്കുന്നു. കനാലിനു മുകൾഭാഗത്തുള്ള ലക്ഷംവീട് കോളനിയിൽ 15 ഓളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. പഞ്ചായത്തിന് കൊടുത്ത പരാതിയിന്മേൽ സ്റ്റോപ് മെമ്മോ നൽകി മണ്ണെടുപ്പ് തടഞ്ഞു. എങ്കിലും ദിവസങ്ങളോളം ഇവിടെനിന്നും മണ്ണ് കടത്തിയതോടെ അപകടകരമായ ഭീഷണിയാണ് നിൽക്കുന്നത്. ആഴ്ചയിൽ രണ്ട് ദിവസം വെള്ളം എത്തുന്ന ഈ കനാലിനെ ആശ്രയിച്ചാണ് പെരിങ്ങഴ, തോട്ടുങ്കൽപീടിക, സൂപ്പർസോണിക് എന്നിവിടങ്ങളിലെ കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തിക്കുന്നത്.

Back to top button
error: Content is protected !!