മൂവാറ്റുപുഴ

ആരക്കുഴ ഐ ടി..ഐ; പുതിയ മന്ദിരത്തില്‍ ക്ലാസ്സുകള്‍ ആരംഭിച്ചു.

 

മൂവാറ്റുപുഴ: ഒന്നാംഘട്ട നിര്‍മ്മാണം പൂര്‍ത്തിയായ ആരക്കുഴ സര്‍ക്കാര്‍ ഐ.ടി.ഐ. യുടെ പുതിയ മന്ദിരത്തില്‍ ക്ലാസ്സുകള്‍ ആരംഭിച്ചു. ഒന്നാം ഘട്ടത്തില്‍ ഐ.ടി.ഐയ്ക്കായി ആറൂര്‍ ചാന്ത്യം കവലയില്‍ പഞ്ചായത്ത് കണ്ടെത്തിയ മൂന്നര ഏക്കര്‍ സ്ഥലത്ത് ഐ.ടി.ഐയുടെ പുതിയ മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 3.16-കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിന്നത്. ഐ.ടി.ഐയുടെ പ്ലംബര്‍ വര്‍ക്കുകള്‍, പെയിന്റിംഗ് വര്‍ക്കുകള്‍, ക്ലാസ്സ് മുറികളുടെ നിര്‍മ്മാണം അടക്കം ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയാക്കിയാണ് പുതിയ മന്ദിരത്തില്‍ ക്ലാസ്സുകള്‍ പ്രവര്‍ത്തനമാരംഭിച്ചത്. 2009-ലാണ് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരത്തോടെ പംബ്ലര്‍ ഒരു വര്‍ഷം, ഡ്രാഫ്റ്റ്മാന്‍ സിവില്‍ രണ്ട് വര്‍ഷം എന്നീ ട്രേഡുകളിലായി പ്രവര്‍ത്തനമാരംഭിച്ച ഐ.ടി.ഐ. ആരക്കുഴ പഞ്ചായത്തിന്റെ കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ ഏക ഐ.ടി.ഐ. യാണ് ആരക്കുഴ സര്‍ക്കാര്‍ ഐടിഐ. നിലവില്‍ രണ്ട് കോഴ്സുകളിലായി 93-വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. പ്രിന്‍സിപ്പാള്‍ അടക്കം 19-ഓളം ജീവനക്കാരും ഇവിടെയുണ്ട്. അഞ്ച് ഘട്ടമായിട്ടാണ് ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. ഒന്നാം ഘട്ടത്തില്‍ നിലവില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടം പൂര്‍ത്തിയാക്കുക. രണ്ടാം ഘട്ടത്തില്‍ ചുറ്റുമതിലും മറ്റ് സൗകര്യങ്ങളും ഒരുക്കുവാനും, മൂന്നാം ഘട്ടത്തില്‍ വര്‍ക്ഷോപ്പും പുതിയ ബില്‍ഡിംഗും, നാലാം ഘട്ടത്തില്‍ കോര്‍ട്ടേഴ്സും ഹോസ്റ്റലും അടക്കം നിര്‍മ്മിക്കാനുള്ള പ്ലാനും എസ്റ്റിമേറ്റുമാണ് തയ്യാറാക്കിയിരിക്കുന്നത്. ഒന്നാം ഘട്ട നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും രണ്ടാം ഘട്ടത്തില്‍ ചുറ്റുമതിലുകളുടെ നിര്‍മ്മാണത്തിനും മുറ്റത്തെയും സമീപപ്രദേശങ്ങളിലേയും സ്ഥലമൊരുക്കുന്നതിനും, മുറ്റത്തെ ടൈല്‍സ് വര്‍ക്കുകള്‍ നടത്തുന്നതിനും ഒരു കോടി രൂപ അനുവദിക്കുകയും ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടന്ന് വരികയാണ്. ഐ.ടി.ഐയുടെ മൂന്നാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 2.66-കോടി രൂപ അനുവദിച്ചിട്ടുണ്ട്. പുതിയ ക്ലാസ്സ് റൂമുകള്‍ നിര്‍മ്മിക്കുന്നതിനും, പ്രാക്ടിക്കല്‍ ലാബിന്റെ നിര്‍മ്മാണത്തിനും, കമ്പ്യൂട്ടര്‍ റൂം, ലൈബ്രറി എന്നിവ സജ്ജീകരിക്കുന്നതിനാണ് 2.66-കോടി രൂപ അനുവദിച്ചത്. ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടന്ന് വരികയാണ്. പുതിയ മന്ദിരത്തില്‍ ഐ.ടി.ഐ. പ്രവര്‍ത്തനമാരംഭിച്ചതോടെ പുതിയ കോഴ്സുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ. പറഞ്ഞു. കഴിഞ്ഞമാസം ഇന്ത്യാ ഗവണ്‍മെന്റിന്റെ നാഷ്ണല്‍ കൗണ്‍സില്‍ ഓഫ് വൊക്കേഷണല്‍ ട്രൈനിംഗ് അംഗീകാരവും ഐ.ടി.ഐ. യ്ക്ക് ലഭിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിച്ച് വരുന്ന പ്ലംബര്‍, ഡ്രാഫ്റ്റ്‌സ് മാന്‍ സിവില്‍ എന്നീ കോഴ്‌സുകളാണ് നിലവില്‍ ഐ.ടി.ഐയിലുള്ളത്. ഈ കോഴ്‌സുകള്‍ക്കാണ് 2018-ഓഗസ്റ്റിലെ അഡ്മിഷന്‍ മുതല്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ നാഷ്ണല്‍ കൗണ്‍സില്‍ ഓഫ് വൊക്കേഷണല്‍ ട്രൈയിനിംഗ് അംഗീകാരം ലഭിച്ചത്. ഇതോടെ ഇവിടെ നിന്നും പഠിച്ച് പാസാകുന്ന കുട്ടികള്‍ക്ക് അഖിലേന്ത്യാ അന്തര്‍ ദേശീയ അംഗീകാരം ലഭിക്കും. ഇത് വിദേശരാജ്യങ്ങളിലുള്‍പ്പടെ തൊഴില്‍ നേടുന്നതിന് സഹായകരമാകും. പുതിയ മന്ദിരത്തില്‍ ഐ.ടി.ഐ. പ്രവര്‍ത്തനമാരംഭിച്ചതോടെ എല്‍ദോ എബ്രഹാം എം.എല്‍.എയുടെ നേതൃത്വത്തില്‍ ഇന്നലെ ഐ.ടി.ഐ. യുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

ചിത്രം-) ആരക്കുഴ ഐ.ടി.ഐ. യുടെ പുതിയ മന്ദിരത്തില്‍ ആരംഭിച്ച ക്ലാസുകളില്‍ എല്‍ദോ എബ്രഹാം എം.എല്‍.എ. സന്ദര്‍ശനം നടത്തിയപ്പോള്‍…………….
..

Back to top button
error: Content is protected !!
Close