പൊതുശ്മശാനത്തിനും കളിസ്ഥലത്തിനും മുന്‍തൂക്കം നല്‍കി പൈങ്ങോട്ടൂര്‍ പഞ്ചായത്ത് ബജറ്റ്

പൈങ്ങോട്ടൂര്‍: പൈങ്ങോട്ടൂര്‍ പഞ്ചായത്തില്‍ 2023-24 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു. 21.65 കോടി വരവും 21.43 കോടി ചെലവും 22 ലക്ഷം രൂപ നീക്കിയിരിപ്പും വരുന്ന ബജറ്റാണ് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് നിസാര്‍ മുഹമ്മദ് അവതരിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സീമ സിബി അധ്യക്ഷയായി. പ്രദേശവാസികളുടെ ദീര്‍ഘനാളത്തെ ആവശ്യമായിരുന്ന പൊതുശ്മശാനം, കളിസ്ഥലം, ഫുട്ബോള്‍ വോളിബോള്‍ ക്രിക്കറ്റ് പരിശീലന അക്കാദമി, പൊതുവിദ്യാഭ്യാസം, ആരോഗ്യ രംഗം, ലൈഫ് സമ്പൂര്‍ണ പാര്‍പ്പിടം, ശുചിത്വ പദ്ധതികള്‍, മാലിന്യ നിര്‍മാര്‍ജനം, ബസ് സ്റ്റാന്റ് നവീകരണം, പുഴയോര പാത, പൊതുമാര്‍ക്കറ്റ് എന്നിവയാണ് ബജറ്റിലെ പ്രധാന പദ്ധതികള്‍. 1.73 കോടിയുടെ റോഡ് നവീകരണത്തിനും, ഏഴുലക്ഷം രൂപ തെരുവ് വിളക്കുകള്‍ക്കും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ചടങ്ങില്‍ പഞ്ചായത്ത് സെക്രട്ടറി എം.വി അജയകുമാര്‍, അസി. സെക്രട്ടറി സീമ എസ് ബാവ, ഹെഡ് ക്ലാര്‍ക്ക് ജോമോന്‍ പി ജോണ്‍, അക്കൗണ്ടന്റ് പി.ജി പ്രസന്നകുമാരി, സീനിയര്‍ ക്ലാര്‍ക്കുമാരായ എ ഹസീനമോള്‍, കെ സ്മിത, പഞ്ചായത്തംഗങ്ങള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍പങ്കെടുത്തു.

Back to top button
error: Content is protected !!