പായിപ്ര പഞ്ചായത്തിലെ സ്വകാര്യ കമ്പനിയിൽ ആന്റിജൻ പരിശോധന നാളെ ആരംഭിക്കും

 

മൂവാറ്റുപുഴ :കോവിഡ് വ്യാപനം നടന്ന പായിപ്ര പഞ്ചായത്തിലെ സ്വകാര്യ കമ്പനിയിലെ ആന്റിജൻ പരിശോധന നാളെ ആരംഭിക്കും. പഞ്ചായത്തില്‍ കോവിഡ് വ്യാപനം രൂക്ഷമാവുകയും
രോഗികളുടെ എണ്ണം നൂറു കടക്കുകയും ചെയ്തതോടെയാണ് ആന്‍റിജന്‍ പരിശോധന നടത്തുവാന്‍ തീരുമാനമായത്. രണ്ടാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയിലെ അതിഥി തൊഴിലാളികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 300ൽ അധികം അതിഥി തൊഴിലാളികള്‍ പണിയെടുക്കുന്ന കമ്പനിയില്‍ 88 പേര്‍ക്ക് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ തൊഴിലാളികള്‍ക്ക് കോവിഡ് രോഗം ബാധിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനാണ് കമ്പനിയിലെ മുഴുവന്‍ തൊഴിലാളികളേയും ആന്‍റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഇതിനായി കമ്പനിയ്ക്കകത്ത് എഫ്.എല്‍.ടി.സി. ആരംഭിക്കുമെന്ന് എല്‍ദോ ഏബ്രഹാം എം.എല്‍.എ. അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ “അതിഥിദേവോ ഭവ” പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കമ്പനിയ്ക്കകത്ത് എഫ്.എല്‍.ടി.സി. ആരംഭിക്കുന്നത്. അതിഥി തൊഴിലാളികള്‍ കൂട്ടമായി ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ കോവിഡ് വ്യാപനമുണ്ടായാല്‍ അതേ കമ്പനിയില്‍തന്നെ കോവിഡ് ചികിത്സയൊരുക്കുന്നതാണ് പദ്ധതി. കഴിഞ്ഞ ദിവസം മൂവാറ്റുപുഴ താലൂക്ക് ഓഫീസില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. യോഗത്തില്‍ ഒരാഴ്ച കമ്പനി അടച്ചിടുവാന്‍ കമ്പനി ഉടമക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതോടൊപ്പം കണ്ടെയ്ന്റ്മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണവും പോലീസ് പെട്രോളിംഗും ശക്തമാക്കാനും തീരുമാനിച്ചിരുന്നു. എസ്റ്റേറ്റ് പടി മുതല്‍ സ്വകാര്യ കമ്പനി പരിസരവും ഇലാഹിയ കോളേജ് ഹൂദ മസ്ജിദ് പരിസരവും, പന്ത്രണ്ട്, പതിമൂന്ന് വാര്‍ഡുകളിലെ പേഴയ്ക്കാപ്പിള്ളി, പ്രിയദര്‍ശിനി റോഡ് മുതല്‍ ഹൈ സ്കൂള്‍ പഞ്ചായത്ത് റോഡ് വരെയുള്ള ഭാഗമാണ് കണ്ടെയ്ന്റ്മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ളത്.

Back to top button
error: Content is protected !!